നാട്ടറിവിന്റെ നല്ലപാഠങ്ങള്‍

Share it:
ഏവരും നാട്ടുകാഴ്ചകള്‍ മറന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും തേടുന്ന കാലത്ത്, നാടറിഞ്ഞും, നാട്ടുകാഴ്ചകളിലെ വിജ്ഞാന സമ്പത്തും സാംസ്‌ക്കാരികത്തനിമയും തിരിച്ചറിയുകയാണ് ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌കൂളിലെ കുട്ടികള്‍.

മീനച്ചിലാറിനെ അറിയാനും, ആറ്റുതീരത്ത് വികസിച്ചുവന്ന സാംസ്‌ക്കാരികത്തനിമയും കാര്‍ഷിക വ്യാവസായിക സംരംഭങ്ങളും കണ്ടറിയാനുമായി കുട്ടികള്‍ കിടങ്ങൂരേയ്ക്കാണ് പഠനയാത്ര പോയത്. 3, 4 ക്ലാസ്സുകളിലെ എഴുപതു കുട്ടികളാണ് പഠനയാത്ര പോയത്. കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലം, വിളക്കുമാടം, ചരിത്രപ്രസിദ്ധമായ കുറുന്തോട്ടിത്തൂണ്‍, മിഴാവ് എന്നിവ കുട്ടികള്‍ക്ക് വിജ്ഞാനം പകര്‍ന്നപ്പോള്‍ ക്ഷേത്രവളപ്പില്‍ പീലിവിടര്‍ത്തി നിന്ന മയില്‍ വിരിയിച്ചത് ഏഴഴകിന്റെ കൗതുകക്കാഴ്ചകള്‍. 1200-ലേറെ വര്‍ഷത്തിന്റെ ചരിത്രമുളള ക്ഷേത്രത്തെക്കുറിച്ച് വിശദമാക്കാന്‍ ദേവസ്വം പ്രതിനിധികളും എത്തിയിരുന്നു.
കിടങ്ങൂര്‍ കട്ടച്ചിറ റൂട്ടിലുളള ആറ്റുവഞ്ചിക്കാടായിരുന്നു അടുത്തത്. മീനച്ചിലാറിന്റെ എക്കലടിഞ്ഞ് ഉണ്ടായ തുരുത്താണ് ഇവിടം. രണ്ടേക്കറോളം വിസ്തീര്‍ണ്ണമുളള ഈ കണ്ടല്‍വനം ഇന്ന് വനംവകുപ്പിന്റെ അധീനതയിലാണ്. തുരുത്തിലേക്കുളള ഒരു കിലോമീറ്ററോളം മണ്‍റോഡിന്റെ ഇരുവശവും ഇഷ്ടികക്കളങ്ങള്‍ തീര്‍ത്ത മരണക്കിടങ്ങുകളാണ് കാണാന്‍ കഴിയുന്നത്. പ്രകൃതിയെ ചൂഴ്‌ന്നെടുത്ത ദുരന്തക്കാഴ്ചകള്‍ക്കൊടുവില്‍ ഇടതൂര്‍ന്ന പച്ചത്തുരുത്തിലേയ്ക്ക് എത്തിയപ്പോള്‍ കുട്ടികളെ സ്വീകരിക്കാന്‍ മീനച്ചിലാര്‍ സംരക്ഷണസമിതി പ്രവര്‍ത്തകരായ ഡോ. എസ്. രാമചന്ദ്രനും സംഘവും എത്തിയിരുന്നു. ആറ്റുതീരവും, ചതുപ്പുനിലവും, കണ്ടലും, കൊതുമ്പു വളളവുമൊക്കെ കുഞ്ഞുമനസ്സുകളില്‍ പച്ചപ്പിന്റെ പ്രതീക്ഷകളായി.
തുടര്‍ന്നങ്ങോട്ട് കളിമണ്‍ പാത്രനിര്‍മ്മാണ സംഘത്തിലേയ്ക്ക്. ചട്ടിയും കലവും കുശവനുമെല്ലാം മണ്‍മറഞ്ഞ കാഴ്ചകളായ ഇക്കാലത്ത് മണ്ണുതല്ലി              പതം വരുത്തല്‍, പാത്രനിര്‍മ്മാണം, ചൂളയുടെ പ്രവര്‍ത്തനം എന്നിവയെല്ലാം പുത്തന്‍ അറിവുകള്‍.  ചെരാത്, വിവിധതരം കുടങ്ങള്‍, കൂജ, ചട്ടികള്‍, പാലക്കാടന്‍ കളളുമാട്ടം തുടങ്ങി വിവിധരൂപങ്ങളിലുളള അലങ്കാരപാത്രങ്ങള്‍ വരെ നിര്‍മ്മിക്കുന്ന ഈ സ്ഥാപനം കേരളത്തിലെ അവശേഷിക്കുന്ന കൈത്തൊഴില്‍ സംരംഭങ്ങളില്‍ ഒന്നുകൂടിയാണ്.
കിടങ്ങൂരിന്റെ കാര്‍ഷികപ്പെരുമയും മീനച്ചിലാറുമായി അഭേദ്യബന്ധമുണ്ട്. കരിമ്പുകൃഷിയും, ശര്‍ക്കര നിര്‍മ്മാണവും എണ്ണപ്പനത്തോട്ടവുമൊക്കെ റബ്ബറിന്റെ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് ആദ്യാനുഭവം.  ഉണ്ണിമിശിഹായുടെ അനുഗ്രഹമുളള ചേര്‍പ്പുങ്കല്‍ പളളികേരളത്തിന്റെ പുരാതനക്രൈസ്തവ ദേവാലയങ്ങളില്‍ പ്രധാനമാണ്. ഇവിടുത്തെ പഴയപളളിയും പുതിയ കാഴ്ചകളുമെല്ലാം ആവോളം കണ്ടറിഞ്ഞ്      മടക്കയാത്ര.  മികച്ച മുന്നൊരുക്കങ്ങളോടെ പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി നടത്തിയ  പഠനയാത്ര  ഏറെ വിജ്ഞാനപ്രദമായിരുന്നു. 















ഹെഡ്മിസ്ട്രസ്  എസ്. സുശീലാദേവി, അഭിലാഷ് എസ്, ഹരികൃഷ്ണന്‍, ബിന്ദു, മായ, ഉമസുകുമാരന്‍ എന്നിവര്‍ പഠനയാത്രയ്ക്ക് നേതൃത്വം നല്‍കി .
Share it:

School Own Work

Post A Comment:

0 comments: