പ്ലാവ്‌ ജയനെത്തി കോവിൽ പ്ലാവിൻ ചുവട്ടിൽ

Share it:
ഏറെക്കാലങ്ങൾക്കു ശേഷം കേരളീയന്‌ രണ്ടാം കൽപ്പവൃക്ഷമായി പ്ലാവ്‌ മാറിക്കഴിഞ്ഞു. 25 വർഷങ്ങൾക്കു മുമ്പ്‌ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ തുടങ്ങിയ കെ ആർ ജയൻ എന്ന പ്ലാവ്‌ സ്നേഹി പ്ലാവ്‌ ജയനായി വളർന്നു പന്തലിച്ചു. തൃശൂർ ജില്ലയിലെ പുറമ്പോക്കു ഭൂമികളിലും, വഴിയോരങ്ങളിലും, പ്ലാവിൻതൈകൾ നട്ടു തുടങ്ങിയ ജയന്‌ നിളയുടെ തീരത്ത്‌ സുഹൃത്ത്‌ വാങ്ങി നൽകിയ ഭൂമിയിൽ പ്ലാവു ഗ്രാമത്തിന്‌ തുടക്കം കുറിച്ചു. ഭാര്യ സ്മിത, മക്കൾ ആദിത്യൻ, അലമേലു എന്നിവർക്കൊപ്പം തന്റെ പെട്ടി ഓട്ടോയിൽ നിറയെ പ്ലാവിൻതൈകൾ കയറ്റി ഉച്ചഭക്ഷണവും കുടിക്കുന്നതിനും പ്ലാവിൻതൈകൾ നനയ്ക്കുന്നതിനുള്ള വെള്ളവും കുഴിയെടുക്കുന്നതിനുള്ള തൂമ്പയും കമ്പിയുമായി യാത്ര വണ്ടിയിലെ പ്ലാവിൻതൈകൾ നട്ടു തീരുന്നതുവരെയാണ്‌. കേരളത്തിനകത്തും, ഇതര സംസ്ഥാനങ്ങളിലും, വിദേശത്തുപോലും ആ വേര്‌ പടർന്നു നിൽക്കുന്നു.

‘വൃക്ഷായുർവേദം’ എന്ന ഗ്രന്ഥം ഒരു പക്ഷെ സംസ്കൃത ശ്ലോകങ്ങളുടെ കൂട്ടത്തിൽ തപ്പിയാൽ ലഭിക്കില്ല. എന്നാൽ നിരവധി താളിയോലകളിലായി പല സ്ഥലങ്ങളിൽ വൃക്ഷങ്ങളുമായി ബന്ധപ്പെട്ട ഒരുപാട്‌ കാര്യങ്ങൾ എഴുതി ചേർക്കപ്പെട്ടിട്ടുണ്ട്‌. മനുഷ്യന്‌ രോഗം വന്നാൽ ആശുപത്രിയുണ്ട്‌, മൃഗങ്ങൾക്ക്‌ രോഗം വന്നാൽ മൃഗാശുപത്രിയുണ്ട്‌. എന്നാൽ വൃക്ഷങ്ങൾക്ക്‌ രോഗം വന്നാൽ ചികിത്സ ലഭിക്കുന്നതിനായി നമ്മുടെ കൃഷി ഓഫീസുകൾ മാറേണ്ടതുണ്ട്‌. അതിനർഥം വൃക്ഷായുർവേദ വിധി പ്രകാരമുള്ള ചികിത്സ ലഭ്യമാക്കണമെന്നല്ല. ഭൂമിക്ക്‌ കുടയായി, ആഗോള താപനത്തിനു മറുപടിയായി, ഓക്സിജൻ നൽകി കാർബൺ സ്വീകരിച്ച്‌ അന്തരീക്ഷ താപനില ക്രമീകരിച്ച്‌ മനുഷ്യ വിശപ്പിന്‌ പരിഹാരമായി, തടിയായി, കിളികൾക്ക്‌ കൂടൊരുക്കി, തണലായി, പുഷ്പിച്ച്‌ അങ്ങനെ ഹരിതാഭമായി നമുക്കു ചുറ്റും വിവിധ നിറഭേദങ്ങളിൽ വൃക്ഷങ്ങളുണ്ട്‌. അവയുടെ സേവനത്തിന്റെ മൂല്യം തിരിച്ചറിയുന്നതിനുള്ള പരിസ്ഥിതി സാക്ഷരത കേരളീയന്‌ അന്യമാണ്‌. വൃക്ഷായുർവേദത്തിലെ ശ്ലോകങ്ങൾ എല്ലാം തന്നെ സംസ്കൃതത്തിൽ ആയതിനാൽ പ്ലാവിന്‌ ‘പനസം’ എന്ന്‌ പേരു നൽകിയിരിക്കുന്നു. പശ്ചിമഘട്ട മലനിരകളിലെ ആവാസവ്യവസ്ഥയിൽ ഉദയം കൊണ്ട വൃക്ഷമാണ്‌ പ്ലാവ്‌. ബംഗ്ലാദേശിലെ ദേശീയ ഫലവൃക്ഷവും പ്ലാവ്‌ തന്നെയാണ്‌.


ബൃഹദാരണ്യാകോപനിഷത്തിൽ മനുഷ്യനും മരവുമായുള്ള ബന്ധത്തിന്‌ വ്യക്തമായ നിർവ്വചനം ഉണ്ട്‌. മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങൾക്കും തുല്യമായി ഒരു വൃക്ഷത്തെ ആ വേദം കാണുന്നു. ജീവജാലങ്ങളുടെ സാരാംശം ഭൂമിയാണെന്നും, ഭൂമിയുടെ സാരാംശം ജലമാണെന്നും, ജലത്തിന്റെ സാരാംശം സസ്യങ്ങളാണെന്നും, സസ്യങ്ങളുടെ സാരാംശം പൂക്കളാണെന്നും, പൂക്കളുടെ സാരാംശം കായ്കനികളാണെന്നും ബൃഹദാരണ്യാകോപ നിഷത്തിൽ പറയുന്നു. പരാശരമഹർഷിയുടെ വൃക്ഷായുർവേദത്തിൽ മരങ്ങൾക്ക്‌ നാമകരണം ഉണ്ട്‌. പരാശരൻ പ്ലാവിനെ ‘പനസം’ എന്നു വിളിച്ചു. കേരളീയന്‌ പിലാവിൽ നിന്നും പിന്നീടത്‌ പ്ലാവായി മാറി. ഇംഗ്ലീഷിൽ ‘ജാക്ക്ട്രീ’ ആയി മാറി. സമൂലം പാല്‌ ഉള്ള (അരക്ക്‌ ഉള്ള) ഒരു വൃക്ഷമായതിനാലാവാം കേരളീയർ ആദ്യകാലങ്ങളിൽ പ്ലാവിനെ ‘പിലാവ്‌’ എന്ന്‌ വിളിച്ചു പോന്നിരുന്നു. സർക്കാർ അടുത്തിടെ ചക്കവണ്ടി യാത്ര സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷയുടെ നേരറിവായി ചക്ക മാറിയിരിക്കുന്നു. വർഷാ വർഷങ്ങളായി ഉണ്ടാകുന്ന ലക്ഷക്കണക്കിന്‌ ചക്കകൾ സംഭരിച്ച്‌ വിഭവങ്ങളാക്കി മാറ്റുന്നതിന്‌ ഒരു ചക്ക സംസ്കരണ ഫാക്ടറിക്ക്‌ സർക്കാർ ബജറ്റിൽ പണം വകയിരുത്തി. കേരളത്തിൽ ചക്ക മഹോത്സവങ്ങൾക്കുപരിയായി ചക്കയുടെ മഹത്വം തിരിച്ചറിഞ്ഞു വരുന്ന പൊതുസമൂഹമുണ്ടായി. അതുമൂലം കുടുംബശ്രീ യൂണിറ്റുകൾക്ക്‌ ചെറുവരുമാന മാർഗമായി. തലസ്ഥാന ജില്ലയായി തിരുവനന്തപുരത്ത്‌ ചക്കച്ചുള വേവിക്കുന്നതിനെ പാകമാക്കി ചവണി കളഞ്ഞ്‌ പായ്ക്കറ്റാക്കി വിൽക്കുന്ന കാഴ്ചയും ഇന്നുണ്ട്‌. രുചിയൂറും 67ൽപ്പരം വിഭവങ്ങൾ ചക്ക കൊണ്ട്‌ ഉണ്ടാക്കാമെന്ന്‌ പ്ലാവ്‌ ജയൻ സാക്ഷ്യപ്പെടുത്തുന്നു.

നാളുകളുടെ പരിചയം ഉണ്ട്‌ പ്ലാവ്‌ ജയനുമായി. നിസ്വാർത്ഥ സേവനത്തിന്റെ ആൾരൂപമാണ്‌ ജയൻ. പ്ലാവിൻപലകയിൽ പിറന്ന്‌, പട്ടിണി അകറ്റാൻ ചക്കയിൽ തുടങ്ങിയ സ്നേഹം ജയനെ പ്ലാവിന്റെ ബ്രാൻഡ്‌ അംബാസിഡറാക്കി മാറ്റി. വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയും ഇളങ്ങുളം ശ്രീധർമ്മശാസ്താ എയ്ഡഡ്‌ എൽപി സ്കൂളിലെ കുട്ടികളുടേയും ക്ഷണം സ്വീകരിച്ച്‌ ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന്‌ കോട്ടയം ജില്ലയിൽ കെകെ റോഡിൽ പൊൻകുന്നത്തുള്ള പുതിയകാവ്‌ ദേവീക്ഷേത്രത്തിനു മുന്നിലെ പ്ലാവ്‌ മുത്തശ്ശിയെ കാണുന്നതിന്‌ ജയനെത്തി. പ്ലാവ്‌ മുത്തശ്ശിയെ പഴമക്കാർ വിളിച്ചു വന്നിരുന്നത്‌ ‘കോവിൽപ്ലാവ്‌’ എന്നാണ്‌. ഏതാനും വർഷങ്ങൾക്കു മുമ്പു വരെ ആ പ്ലാവിലുണ്ടാകുന്ന കൂറ്റൻ വരിക്ക ചക്കകൾ തമിഴ്‌നാട്ടിൽ നിന്നും എത്തുന്ന ചക്ക വ്യാപാരികൾ ദേവസ്വം അനുമതിയോടെ സൗജന്യമായി വാങ്ങി തമിഴ്‌നാട്ടിൽ കോവിൽപ്ലാവിൻചുള വിറ്റുപോന്നിരുന്നു. കാലം കടന്നു. ഇന്ന്‌ മുത്തശ്ശിക്ക്‌ 110 വർഷങ്ങൾക്ക്‌ മേൽ പ്രായമുണ്ട്‌. തൊലിപ്പുറത്തെ വാട്ടവും ഉണക്കവും ശിഖരങ്ങളിലേക്ക്‌ വ്യാപിച്ചതോടു കൂടി മുത്തശ്ശിയുടെ ജീവനു തന്നെ ഭീഷണിയായി മാറി. പ്ലാവ്‌ മുറിച്ചു മാറ്റുന്നതിനുള്ള ചർച്ച പുരോഗമിക്കുന്ന ഘട്ടത്തിലാണ്‌ പരിസ്ഥിതി പ്രവർത്തകർ ദേവസ്വത്തെ സമീപിക്കുന്നത്‌. ആറ്‌ മാസക്കാലം പ്ലാവിനെ ചികിത്സിക്കാനുള്ള അവസരം വിട്ടുതരണമെന്ന്‌ രേഖാമൂലം ആവശ്യപ്പെട്ടു. തുടർന്ന്‌ ബോർഡ്‌ യോഗം ചേർന്ന്‌ അനുമതി നൽകുകയായിരുന്നു.
2016 ഫെബ്രുവരി 16 ആയിരുന്നു ആ ദിനം. അമ്പലത്തിന്‌ തൊട്ടടുത്തുള്ള ശ്രീധർമ്മ ശാസ്താ എയിഡഡ്‌ എൽപി സ്കൂളിലെ പിഞ്ചുകുഞ്ഞുങ്ങൾ അവർക്ക്‌ ആവും വിധത്തിൽ ചെളിമണ്ണും, നാടൻപശുവിന്റെ ചാണകവുമായെത്തി. അവയ്ക്കൊപ്പം മറ്റു ചില മരുന്നുകളും കൂട്ടിച്ചേർത്ത്‌ വെള്ളത്തിൽ കുഴച്ച്‌ പ്ലാവിന്റെ ഉണങ്ങിയ വശം ചീകി വൃത്തിയാക്കി കഴുകി ആ മരുന്ന്‌ രോഗിയുടെ ദേഹത്ത്‌ വെച്ചു കെട്ടുംപോലെ ഞങ്ങൾ തേച്ചു തുടങ്ങി. നാട്ടുകാർക്ക്‌ ഏറെ പുതുമയായിരുന്നു ഈ പരിപാടി. കേട്ടവർ കേട്ടവർ അമ്പലത്തിലെ പ്ലാവിൻചുവട്ടിലേക്കെത്തി. കുട്ടികൾ സംഘടിപ്പിച്ച കോട്ടൻമുണ്ടുകൾ ചേർത്ത്‌ മരുന്ന്‌ വെച്ച സ്ഥലം കെട്ടി വെടിപ്പാക്കി. നീണ്ട ആറുമാസക്കാലം കഴിഞ്ഞു. അമ്പലത്തിലെ ഉത്സവകാലത്തു പോലും പ്ലാവിന്‌ ഒരു കേടും കൂടാതെ പരിചരിക്കുവാൻ ദേവസ്വം പ്രത്യേകം ശ്രദ്ധിച്ചു. ചിങ്ങം ഒന്നെത്തി. മലയാളവർഷ ആരംഭം എന്ന നിലയ്ക്കും കർഷകദിനം എന്ന നിലയ്ക്കും ഓണനാളുകളുടെ മുന്നൊരുക്കം എന്ന നിലയ്ക്കും ആ ദിനം മലയാളിക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്‌. പ്ലാവ്‌ ജയൻ എത്തി. കുട്ടികളും പരിസ്ഥിതി പ്രവർത്തകരും പ്ലാവിന്‌ ചുറ്റും നിന്നു. അവർ പ്ലാവിനെ നോക്കി. തൊലിപ്പുറത്തെ വെന്തഭാഗത്തു മുഴുവൻ വേരുകൾ പടർന്നു. ശിഖരങ്ങൾക്ക്‌ ജീവൻ വെച്ചു. നിറയെ ഇലകളോടെ ചില ശിഖരങ്ങൾ ആനക്കൊട്ടിലിലേക്കും ദേവസ്വം ഓഫീസിലേക്കും പടർന്നു കയറി. ജീവൻ തിരിച്ചു കിട്ടിയ പ്ലാവിന്റെ നന്ദി ആയിരുന്നു അത്‌. ഉറങ്ങാത്ത ഈ വൃക്ഷച്ചുവട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്ലാവ്‌ ജയനെ ദേവസ്വം ആദരിച്ചു.
വെള്ളം, തേൻ, നാടൻപശുവിന്റെ പാൽ, ചാണകം, കുഴച്ച പശമണ്ണ്‌, എള്ള്‌, പഴം ഇവ ചേർത്തുള്ള മുറിവുണക്കൽ രീതി വൃക്ഷായുർവേദത്തിൽ ഉണ്ട്‌. അതുകൊണ്ടുതന്നെ വൃക്ഷായുർവേദം ഗ്രന്ഥത്തോട്‌ കോവിൽപ്ലാവ്‌ കടപ്പെട്ടിരിക്കുന്നു. പ്രസ്തുത പ്ലാവിൽ ഉണ്ടായ ഒരു ചക്ക പഴുപ്പിച്ച്‌ കുട്ടികളെ ഏൽപ്പിച്ചു. അവർ അത്‌ വരട്ടി ചെറിയ ഗുളിക രൂപത്തിൽ എല്ലാവർക്കും നൽകി. ചക്കക്കുരു സ്കൂളിൽ പാകി കിളിർപ്പിച്ച്‌ ജൂൺ 5 ന്‌ പഞ്ചായത്തിലെ എല്ലാ വാർഡിലും കോവിൽപ്ലാവിൻതൈ നൽകിക്കൊണ്ട്‌ പരിസ്ഥിതിദിനത്തെ വരവേറ്റു. കോട്ടയം കെകെ റോഡിൽ പൊൻകുന്നം ബസ്‌ സ്റ്റാൻഡിനു സമീപം നിലയുറപ്പിച്ചിട്ടുള്ള കോവിൽപ്ലാവ്‌ കാണുന്നതിന്‌ ദിനവും നിരവധി പരിസ്ഥിതി പ്രവർത്തകരാണ്‌ എത്തിച്ചേരുന്നത്‌. എല്ലാവർക്കും സ്നേഹത്തണലേകി ആ വരിക്കപ്ലാവ്‌ നിൽക്കുന്നുണ്ട്‌.














രചന: കെ ബിനു
Share it:

Save Trees

School Own Work

Post A Comment:

0 comments: