വിവിധയിനം മണ്ണുകൾ

Share it:















ചുവന്ന മണ്ണ്
തിരുവനന്തപുരം ജില്ലയിലാണ് ഈ മണ്ണ് വ്യാപകമായി കാണുന്നത്. പശിമരാശി വിഭാഗത്തില്‍പ്പെടുന്ന ഈ മണ്ണില്‍ ധാരാളം വായു അറകള്‍ ഉള്ളതാണ്. മണ്ണിന് അമ്ല സ്വഭാവമാണ്. ജൈവാംശവും സസ്യമൂലകങ്ങളും കുറവാണ്. തെങ്ങ്, കവുങ്ങ്, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാന വിളകള്‍.

വെട്ടുകല്‍ മണ്ണ്
മഴക്കാലവും വരണ്ട കാലവും മാറിമാറി വരുന്ന കനത്ത മഴയുള്ള പരിതസ്ഥിതികളിലാണ് ഈ മണ്ണുണ്ടാകുക. കാസര്‍കോട് മുതല്‍ കൊല്ലം ജില്ല ഉള്‍പ്പെടെ നീണ്ട കിടക്കുന്ന ഇടദേശത്തെ പ്രധാന മണ്ണാണിത്. കേരളത്തിലെ ആകെ മണ്ണിന്‍റെ 65 ശതമാനവും വെട്ടുകല്‍ മണ്ണാണ്. പൊതുവേ കേരളത്തില്‍ 20 മുതല്‍ 100 മീറ്റര്‍ വരെ സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്നു കിടക്കുന്ന ഇടദേശത്തിന്‍റെ മണ്ണാണിത്. മണ്ണിന് അമ്ലത്വമുണ്ട്. ജൈവാംശവും എന്‍.പി.കെയും കുറവാണ്. തെങ്ങ്, റബ്ബര്‍, കശുമാവ്, കവുങ്ങ്, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, കുരുമുളക്, പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാന വിളകള്‍.

വനമണ്ണ്
പൊതുവില്‍ പശിമരാശി വിഭാഗത്തില്‍പ്പെട്ട മണ്ണാണിത്. ധാരാളം ജൈവവസ്തുക്കള്‍ മണ്ണില്‍ അഴുകിച്ചേര്‍ന്നതിനാല്‍ മണ്ണിന്‍റെ നിറം തവിട്ടു കലര്‍ന്ന ചുവപ്പോ അല്ലെങ്കില്‍ കടുംതവിട്ടു നിറമോ ആകാം. മണ്ണിന് അമ്ലത്വമുണ്ട് (പി.എച്ച്. 5.5-6.3). നൈട്രജന്‍റെ ലഭ്യത സുലഭം. ഫോസ്ഫറസും പൊട്ടാഷും ഇടത്തരം ക്ഷാരീയ സ്വഭാവമുള്ള മൂലകങ്ങളായ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ മണ്ണില്‍നിന്ന് നഷ്ടപ്പെടാന്‍ സാധ്യത കൂടുതല്‍. വൃക്ഷങ്ങള്‍, കുറ്റിക്കാടുകള്‍, പുല്ല് എന്നിവയാണ് പ്രധാനമായും ഈ മണ്ണില്‍ വളരുന്നത്.

കറുത്ത പരുത്തിമണ്ണ്
പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ കാണുന്ന പ്രത്യേകതരം മണ്ണാണിത്. കളിമണ്ണിന്‍റെ അംശം വളരെ കൂടുതലാണ്. വളരെ ആഴമുള്ള ഈ മണ്ണിന് ക്ഷാര സ്വഭാവമാണുള്ളത്. പി.എച്ച്. 6.5 - 8.5. ജൈവാംശം, നൈട്രജന്‍, ഫോസ്ഫറസ് എന്നിവ കുറവാണ്. തെങ്ങ്, കരിമ്പ്, നിലക്കടല, പരുത്തി, പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, നെല്ല് എന്നിവയാണ് പ്രധാന വിളകള്‍.

തീരദേശ എക്കല്‍മണ്ണ്
കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ ഏതാണ്ട് 10 കി.മീ. വീതിയില്‍ ഉടനീളം കാണുന്ന മണ്ണാണിത്. ഇതിന്‍റെ ഉത്ഭവം കടലുമായി ബന്ധപ്പെട്ടതിനാല്‍ മണ്ണില്‍ കടല്‍ ജീവികളുടെ അവശിഷ്ടം ധാരാളമായി കാണാം. വളരെ ആഴമുള്ള ഈ മണ്ണില്‍ മണലാണ് പ്രധാന ഘടകം. അതിനാല്‍ ജലസംഭരണശേഷി കുറവാണ് ഭൂജല നിരപ്പ് വളരെ ഉയര്‍ന്ന ഈ മണ്ണും അമ്ലത്വസ്വഭാവമുള്ളതാണ്. ജൈവാംശവും മൂലകങ്ങളും നന്നേ കുറവാണ്. പ്രധാന വിള തെങ്ങാണ്. വാഴ, പച്ചക്കറി, ജാതി മുതലായ വിളകളും വളരുന്നുണ്ട്.

നദീതടങ്ങിലെ ഏക്കല്‍മണ്ണ്
പ്രധാന നദികളുടെയും പോഷക നദികളുടെയും ഇരുകരകളിലും മലനട്ട് അടിഞ്ഞുണ്ടാകുന്ന മണ്ണാണ് നദീതട എക്കല്‍ മണ്ണ്. ആഴം കൂടിയ ഈ മണ്ണും അമ്ലത്വസ്വഭാവമുള്ളതാണ്. ജൈവാംശം, നൈട്രജന്‍, പൊട്ടാഷ് എന്നിവ ഇടത്തരം അളവിലുണ്ട്. ഫോസ്ഫറസും കുമ്മായവും കുറവാണ്. വിളകള്‍ക്ക് വളരുന്നതിനുള്ള നല്ല സാഹചര്യമുള്ള ഈ മണ്ണില്‍ നെല്ല്, തെങ്ങ്, കരിമ്പ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സുഗന്ധ വ്യജ്ഞന വിളകള്‍ എന്നിവ നന്നായി വളരും.

ഓണാട്ടുകര എക്കല്‍മണ്ണ്
കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ കാണുന്ന കൂടുതല്‍ മണലും കുറച്ചു ചെളിയുമുള്ള മണ്ണാണിത്. ജലസംഭരണശേഷി വളരെ കുറവാണ്. അമ്ലത്വമുള്ള ഈ മണ്ണില്‍ ജൈവാംശവും മൂലകങ്ങളും വളരെ കുറവാണ്. ഈ പ്രദേശത്ത് താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ട്. തെങ്ങ്, നെല്ല്, എള്ള് പച്ചക്കറി എന്നിവയാണ് പ്രധാന വിളകള്‍.

ബ്രൗണ്‍ ഹൈഡ്രോമോര്‍ഫിക്
തവിട്ടുനിറമള്ള ഈ മണ്ണ് വെള്ളക്കെട്ടുള്ള തീരദേശത്തെ താഴ്ന്ന പ്രദേശങ്ങള്‍, ഇടനാട്ടിലെ കുന്നിന്‍ താഴ്വരകള്‍ എന്നിവിടങ്ങളിലാണ് കാണുക. കുന്നിന്‍ മുകളില്‍നിന്ന് ഒലിച്ചിറങ്ങുന്ന മണ്ണും പുഴയില്‍ നിന്നെത്തുന്ന മലമട്ടും ചേര്‍ത്തതാണ് ഈ മണ്ണ്. കുമ്മായവും ഫോസ്ഫറസും കുറവാണ്. മറ്റു മൂലകങ്ങളുടെ കുറവ് കാര്യമായി കാണുന്നില്ല. മണ്ണിന് അമ്ലരസമുണ്ട്.

സലൈന്‍ ഹൈഡ്രോമോര്‍ഫിക്
ആഴമുള്ള ഈ മണ്ണില്‍ അടിത്തട്ടില്‍ ജൈവപദാര്‍ത്ഥങ്ങള്‍ അടിഞ്ഞിട്ടുള്ളതിനാല്‍ മണ്ണിന് അമ്ലത്വ സ്വഭാവമാണ്. എന്നാല്‍ വേനല്‍ക്കാലത്ത് ഈ മണ്ണില്‍ വേലിയേറ്റം മൂലം മേല്‍മണ്ണില്‍ ഉപ്പുരസം കലരും. തവിട്ടുനിറമുള്ള ഈ മണ്ണ് ഏറെ താഴ്ചയുള്ളതും നീര്‍വാര്‍ച്ച കുറഞ്ഞതുമാണ്. പുഴകളും കായലുകളും നിറഞ്ഞ ഈ പ്രദേശത്തെ വേലിയേറ്റമാണ്. മണ്ണില്‍ ഉപ്പുരസം കലര്‍ത്തുന്നത്. എറണാകുളം ജില്ലയിലെ പൊക്കാളി, ആലപ്പുഴയിലെ ഓരുമുണ്ടകന്‍, കണ്ണൂര്‍ ജില്ലയിലെ കയ്പാട് നിലങ്ങള്‍ കൂടാതെ കോള്‍, കുട്ടനാട്, കുട്ടനാട് നിലങ്ങളിലെ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടും. നെല്ലും ബണ്ടുകളില്‍ തെങ്ങുമാണ് ഇവിടത്തെ പ്രധാന വിളകള്‍.

കുട്ടനാട്, കോള്‍ അമ്ലമണ്ണുകള്‍
ഏകദേശം ആറുമാസം 6-7 അടി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന പ്രദേശങ്ങളാണിവ. നിലങ്ങള്‍ സമുദ്രനിരപ്പില്‍നിന്ന് 1-2 മീറ്റര്‍ താഴ്ന്നാണ് കിടക്കുന്നത്. നദികളില്‍ നിന്ന് ഒഴുകിയെത്തുന്ന മലമട്ട് ഈ നിലങ്ങളെ സംപുഷ്ടമാക്കുന്നു. ഈ നിലങ്ങളുടെ അടിമണ്ണില്‍ ധാരാളം ജൈവ പദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകിടക്കുന്നുണ്ട്. ഇത് മണ്ണിന്‍റെ വളരെ ഉയര്‍ന്ന അമ്ലത്വത്തിനു കാരണമാകുന്നു. മണ്ണില്‍ കളിമണ്ണാണ് കൂടുതല്‍. അതിനാല്‍ നീര്‍വാര്‍ച്ച വളരെ കുറവാണ്. നെല്ലാണ് പ്രധാന വിള.
Share it:

Post A Comment:

0 comments: