ഒഴിവുകാലം

Share it:
അവധിക്കാലം തുടങ്ങിക്കഴിഞ്ഞു. ആഘോഷിക്കാനും അതോടൊപ്പം പ്രയോജനകരമായി ചെലവഴിക്കാനുമുള്ളതാണ് ഓരോ ഒഴിവുകാലവും. ആഹ്ലാദവും ആനന്ദവും പകരുന്ന അവധിക്കാലത്തിനായി ശാസ്താ സ്കൂളിന്റെ ആശംസകൾ
കാത്തുകാത്തിരുന്ന് അവധിക്കാലം ഇങ്ങെത്തി. മൊബൈൽ-കംപ്യൂട്ടർ ഗെയിമിൻറെ ലോകത്ത് ചടഞ്ഞുകൂടിയിരിക്കാതെ ഈ രണ്ടുമാസം, കൗതുമുണർത്തുന്ന അറിവിൻറെ വിസ്മയലോകം അറിഞ്ഞു അനുഭവിക്കാൻ കൂടി ഉപയോഗിക്കാം. അതിനുള്ള ചില ഉപായങ്ങൾ ഞങ്ങൾ നിങ്ങളുമായി ഇവിടെ പങ്കുവയ്ക്കുന്നു.

വെറുതെ അവധിയില്ല 
ചുമ്മാ കറങ്ങിയടിച്ചു നടക്കാൻ മാത്രമായി അവധിക്കാലത്തെ കാണരുത്. നീന്തൽ, സൈക്ലിങ് തുടങ്ങിയവയൊക്കെ പരിശീലിക്കാൻ ഈ സമയം പ്രയോജനപ്പെടുത്താം. അപകടവാർത്തകൾ പതിവാകുന്ന കാലമായതിനാൽ ശ്രദ്ധയും കരുതലും മറക്കരുത്. വേനൽ ചൂടിൻറെ കാഠിന്യത്തെയും പരിഗണിക്കണം.

പ്രകൃതിപാഠങ്ങൾ 
പ്രകൃതി ഒരു പാഠപുസ്തകമാണ്. പ്രകൃതി ചുഷണം മനുഷ്യൻറെ നിലനിൽപ്പിന് ഭീഷണിയാകുന്നു. അതുകൊണ്ടുതന്നെ'പ്രകൃതിയിലേയ്ക്ക് മടങ്ങിയേ തീരു' എന്ന് ലോകം മുഴുവൻ ഒറ്റസ്വരത്തിൽ പറയുകയാണ്. പ്രകൃതിയിൽ നിന്നും ഒട്ടേറെ അറിവുകൾ നേടിയെടുക്കാനാവും.

നാട്ടറിവ്.....
നമ്മുടെ ഇന്നലെകളെക്കുറിച്ചറിയാൻ പ്രായമായവരോട് സംസാരിക്കാം. പ്രാദേശിക ചരിത്രരചന മികച്ച ഒരു പഠനപ്രവർത്തനമാണ്. നാട്ടറിവ് പുസ്തകം, പ്രാദേശിക പാഠങ്ങൾ തുടങ്ങിയവ തയാറാക്കാം. അന്യം നിന്നുപോയ വാക്കുകൾ, പ്രയോഗങ്ങൾ തുടങ്ങിയവ ശേഖരിച്ചു നിഘണ്ടു തയാറാക്കാം.

ഒരു തൈ നടുമ്പോൾ...
നമ്മുടെ പൂർവ്വികർ നട്ടുനനച്ചു വളർത്തിയ മരങ്ങളുടെ തണലും സംരക്ഷണവുമാണ് നാമിന്ന് അനുഭവിക്കുന്നത്. അതിനാൽ നമ്മുടെ വരും തലമുറയ്ക്കായി നമ്മളും ചിലത് ചെയ്യണം. മരത്തെ അറിയണം, സ്നേഹിക്കണം, സംരക്ഷിക്കണം. വിവിധയിനം മരങ്ങളെ തിരിച്ചറിയാൻ കഴിയണം. മരത്തിൻറെ പേര് മാത്രമല്ല സവിശേഷതകളും കണ്ടെത്തണം. ഉചിതമായ സ്ഥലത്ത് മരം നട്ടുവളർത്താൻ ശ്രമിക്കാം.

ബഹുമുഖപ്രതിഭ 
ഓരോ കുട്ടിയെയും ഒരു ബഹുമുഖപ്രതിഭയായാണ് വിദ്യാഭ്യസലോകം കാണുന്നത്. വര, പാട്ട്, നൃത്തം, അഭിനയം, പ്രസംഗം, ഓട്ടം, ചാട്ടം, പരീക്ഷണം തുടങ്ങി വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ 'താര'മാകാൻ കുട്ടികൾക്ക് അവസരമുണ്ട്. ദിനാചരണങ്ങൾ, മേളകൾ, കലോത്സവങ്ങൾ, കായികമത്സരങ്ങൾ തുടങ്ങിയവയിൽ പങ്കെടുത്ത് മികവു തെളിയിക്കാം. LSS, USS, Talent Search പരീക്ഷകൾ, മാത്‍സ്, സയൻസ് ഒളിമ്പ്യാഡുകൾ തുടങ്ങിയ മത്സരങ്ങളിൽ താത്പര്യവും കഴിവും അനുസരിച്ചു പങ്കെടുക്കാൻ കുട്ടികൾക്ക് കഴിയും. അതിനുള്ള മുന്നൊരുക്കമായി ഈ അവധിക്കാലത്തെ കാണണം.

എത്ര കിളികളുടെ പാട്ടറിയാം?
പൂമ്പാറ്റകൾ, കിളികൾ തുടങ്ങിയവരെല്ലാം നമ്മുടെ തൊട്ടയൽപ്പക്കക്കാരാണ്. ചിറകുള്ള ഈ അയൽക്കാർ നമ്മിൽ നിന്ന് ഏറെ വ്യത്യസ്തരാണ്. അവരെപ്പറ്റി കൂടുതൽ അറിയുമ്പോൾ നാം അത്ഭുതലോകത്തേയ്ക്ക് പ്രവേശിക്കുകയാണ്. നമ്മുക്ക് ചുറ്റുമുള്ള ചെടികളെ, പൂക്കളെ, പൂമ്പാറ്റകളെ, കിളികളെയെല്ലാം അറിയാനും സ്നേഹിക്കാനും കഴിയണം. പലതവണ നിരീക്ഷിക്കുമ്പോഴാണ് സവിശേഷതകൾ അറിയാൻ കഴിയുക. ദേശാടനകിളികളെയും പരിചയപ്പെടുവാൻ ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ?

ആവാം ഹൈടെക്ക് 
ഡിജിറ്റൽ ക്‌ളാസ്മുറികളാണ് അടുത്തവർഷം നിങ്ങളെ കാത്തിരിക്കുന്നത്. ഹൈടെക്ക് ക്‌ളാസ്മുറിക്കൊപ്പം കൂട്ടുകാരുടെ പഠനവും എല്ലാ അർത്ഥത്തിലും ഹൈടെക്ക് ആവേണ്ടതുണ്ട്. കംപ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ തുടങ്ങിയവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പഠനത്തിൽ ഗുണപരമായ മാറ്റം വരുത്താൻ കഴിയണം. പഠനസഹായികളായ സൈറ്റുകൾ പരിചയപ്പെടാം. ഒപ്പം IT മേളകളിലെ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, വെബ് പേജ് ഡിസൈനിങ് തുടങ്ങിയവയും പരിശീലിക്കാം. താത്പര്യപൂർവ്വം കടന്നുവന്നാൽ മികവ് മാത്രമല്ല ഭാവി ജീവിതത്തിൽ തിളങ്ങാനും കഴിയും.

വായനശാലയിലേയ്ക്ക് 
അവധിക്കാല വായനയ്ക്കായി നാട്ടിലെ വായനശാല പ്രയോജനപ്പെടുത്താം. ഇഷ്ടപുസ്തകം തിരഞ്ഞെടുത്ത് വായിക്കുന്നതിനോടൊപ്പം വായനാക്കുറിപ്പും തയ്യാറാക്കാം. ലൈബ്രറികളിൽ നടക്കുന്ന സാഹിത്യ ചർച്ചകളിലും മറ്റും പങ്കെടുക്കുന്നതും വേറിട്ട അനുഭവമാകും.

ശേഖരിക്കാം....
കറൻസികൾ, നാണയങ്ങൾ, തൂവലുകൾ, സ്റ്റാമ്പുകൾ, പത്രകട്ടിങ്ങുകൾ തുടങ്ങിയവയെല്ലാം ശേഖരണ സാധ്യതയുള്ളവയാണ്. കറൻസികൾ ശേഖരിക്കുമ്പോൾ ഇന്ത്യൻ കറൻസികളും വിദേശ കറൻസികളും വേർതിരിക്കണം. കറൻസികൾ ഇറങ്ങിയ വർഷം, റിസർവ് ബാങ്ക് ഗവർണർ, ആലേഖനം ചെയ്ത ചിത്രം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും എഴുതിചേർക്കണം.
കടപ്പാട് :- മാതൃഭൂമി വിദ്യ, മനോരമ പഠിപ്പുര 
Share it:

ഒഴിവുകാലം

Post A Comment:

0 comments: