ശ്രീരാമപത്നിയായ സീത മഹാലക്ഷ്മിയുടെ അവതാരമാണ്. സരസ്വതീ ശാപം കൊണ്ട് ലക്ഷ്മി മനുഷ്യ സ്ത്രീയായി ജനിച്ചുവെന്നാണ് ഐതിഹ്യം.
മിഥിലാധിപനായ ജനക മഹാരാജാവിൻ്റെ വളർത്തു പുത്രിയായിരുന്നു സീത. സന്താനഭാഗ്യത്തിനായി യാഗം അനുഷ്ഠിച്ച ജനകന് യാഗസ്ഥലം ഉഴുതപ്പോൾ കണ്ടെത്തിയ ഒരു പേടകത്തിൽ നിന്നും സീതയെ ലഭിച്ചുവെന്നാണ് കഥ. സീതത്തിൽ നിന്ന് അഥവാ ഉഴവുചാലിൽ നിന്ന് ലഭിച്ചതുകൊണ്ട് കുട്ടിക്ക് സീത എന്ന പേരു നൽകി. മണ്ണിനടിയിലെ പേടകത്തിൽ കുഞ്ഞ് വരാനുണ്ടായതിനുള്ള സംഗതിയായി ആനന്ദ രാമായണത്തിൽ പറയുന്ന കഥ ഇപ്രകാരമാണ് ..
പത്മാക്ഷൻ എന്നൊരു രാജാവ് ലക്ഷ്മീദേവിയെ സ്വന്തം പുത്രീ രൂപത്തിൽ ലഭിക്കുന്നതിനു വേണ്ടി മഹാവിഷ്ണുവിനെ തപസ്സു ചെയ്തു. രാജാവിൻ്റെ ആഗ്രഹനിവൃത്തിക്കായി മഹാവിഷ്ണു ഒരു മഹാലിംഗം സമ്മാനിച്ചു.അതിൽ നിന്ന് പത്മാക്ഷന് സുന്ദരിയായ ഒരു പെൺകുട്ടി ജനിച്ചു. അവൾക്ക് പത്മ എന്നു നാമകരണവും നടത്തി.വി വാഹപ്രായമെത്തിയപ്പോൾ പത്മയുടെ സ്വയംവരത്തിനു വേണ്ട ഒരുക്കങ്ങൾ പത്മാക്ഷൻ പൂർത്തിയാക്കി. സ്വയംവര ദിനത്തിൽ അവിടെ കയറി വന്ന രാക്ഷസന്മാർ മണ്ഡപമെല്ലാം തല്ലിത്തകർത്ത് പത്മാക്ഷനേയും വധിച്ചു.ആ ദുരന്തത്തിൽ മനംനൊന്ത പത്മ അഗ്നിപ്രവേശം ചെയ്തു. രാക്ഷസന്മാർ പത്മയെ അവിടെയെല്ലാം അന്വേഷിച്ചെങ്കിലും കണ്ടുകിട്ടാതെ നിരാശരായി മടങ്ങി.
പിന്നീടൊരിക്കൽ രാവണൻ പുഷ്പകവിമാനത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കെ അഗ്നികുണ്ഠത്തിൽ നിന്നും പുറത്തു വന്നു നില്ക്കുന്ന പത്മയെ കാണാനിടയായി. അവളുടെ രൂപലാവണ്യത്തിൽ ആകൃഷ്ടനായ രാവണൻ പത്മയെ സമീപിക്കാൻ ഒരുങ്ങിയപ്പോൾ ആത്മരക്ഷാർത്ഥം പത്മ വീണ്ടും അഗ്നികുണ്ഠത്തിലേക്കു ചാടി! ആ അഗ്നികുണ്ഠത്തിൽ പരിശോധന നടത്തിയ രാവണന് പത്മയുടെ ജഡം അഞ്ച് രത്നങ്ങളുടെ രൂപത്തിൽ അവിടെ നിന്നും ലഭിച്ചു. നിരാശനായ രാവണൻ ആ രത്നങ്ങൾ ഒരു പെട്ടിയിൽ അടക്കം ചെയ്ത് ലങ്കയിലെത്തി സ്വന്തം ഭാര്യയായ മണ്ഡോദരിയെ ഏല്പിച്ചു.ഒരു നാൾ മണ്ഡോദരി ആ പെട്ടി തുറന്നു നോക്കിയപ്പോൾ പത്മ ഒരു കന്യാ രൂപത്തിൽ ആ പെട്ടിയി ൽ സ്ഥിതി ചെയ്യുന്നതു കണ്ടു.
പത്മാക്ഷൻ്റെ കുലത്തിനു നാശം വിതച്ച ഇവളെ അവിടെ വച്ചു കൊണ്ടിരിക്കുന്നത് നല്ലതിനല്ലെന്ന് മനസിൽ ചിന്തിച്ചുറച്ച മണ്ഡോദരി രാവണിൽ സമ്മർദ്ദം ചെലുത്തി ആ പേടകം അവിടെ നിന്നും ഉപേക്ഷിക്കുവാൻ ആവശ്യപ്പെട്ടു. രാജധാനിയിൽ നിന്നും ആ പെട്ടകം എടുപ്പിച്ച രാവണൻ അത് മിഥിലയിൽ കൊണ്ടു പോയി കുഴിച്ചിട്ടു. പേടകം ഭദ്രമായി കുഴിച്ചിടുന്നതിനു മുമ്പായി താൻ രാവണനേയും രാവണൻ്റെ വംശത്തേയും നശിപ്പിക്കാനായി വീണ്ടും ലങ്കയിലേക്കു വരുമെന്ന് പറഞ്ഞ് പത്മ ശപിക്കുകയുണ്ടായി! ഈ പേടകമാണ് ജനകനു ലഭിച്ചത്.
ജനകൻ്റെ കൊട്ടാരത്തിൽ വളർന്നു വന്ന സീത യൗവ്വന യുക്തയായി.ഒരിക്കൽ സീത, ഊർമിള കൂടാതെ കുശധ്വജൻ്റെ മക്കളായ മാണ്ഡവി ,ശ്രുതകീർത്തി എന്നീ നാലു രാജകുമാരിമാരും പ്രിയ സഖികളുമൊന്നിച്ച് അന്ത:പുരോദ്യാനത്തിൽ വിനോദിച്ചു കൊണ്ടിരുന്നു.മണിമണ്ഡപത്തിലിരുന്ന് സീത മാല കോർക്കാനിരുന്നു. തോട്ടത്തിലെ ഒരു ഉയർന്ന മാവിൻ ചില്ലയിൽ ധാരാളം മല്ലികപ്പൂക്കൾ വിടർന്നു നിന്നത് പറിച്ചെടുക്കാൻ രാജകുമാരിമാരും തോഴിമാരും നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.
മണിമണ്ഡപത്തിൽ നിന്നും ഓടിച്ചെന്ന സീത ആയുധശാലയിൽച്ചെന്ന് ഒരു വില്ലും അമ്പും എടുത്തു വന്ന് ആ മാവിൻ കൊമ്പിലേക്ക് പ്രയോഗിച്ചു. അത്ഭുതമെന്നു പറയട്ടെ യാതൊരു വിധ കേടും കൂടാതെ ആ പുഷ്പങ്ങളെല്ലാം താഴെ നിരന്നു വീണു ! കൊട്ടാരത്തിലിരുന്നു കൊണ്ട് സീതയുടെ ഈ അസ്ത്ര പ്രയോഗ മിടുക്ക് കണ്ട ജനകൻ അത്ഭുതം കൂറി. കാരണം ശൈവ ചാപമാണ് സീത പ്രയോഗിച്ചിരിക്കുന്നത്.പണ്ട് ദക്ഷയാഗവേളയിൽ ശിവൻ ഉപയോഗിച്ച വില്ലാണത്. യാഗഭംഗവും ശത്രു വിജയവും കഴിഞ്ഞ് സാക്ഷാൽ ശ്രീ പരമേശ്വരൻ ആവില്ല് സ്വന്തം ഭക്തനായ വിദേഹ രാജാവിനെ ഏല്പിച്ചു. ആയുധപ്പുരയിൽ വച്ച് എന്നും പൂജ നടത്തിക്കൊണ്ടിരിക്കുന്ന ആ ശൈവ ചാപമാണ് സീത ഇന്ന് പ്രയോഗിച്ചിരിക്കുന്നത്. സീതയുടെ വിവാഹത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്ന ജനകന് സീതയുടെ ഈ അസ്ത്ര പ്രയോഗം ഒരു ശുഭലക്ഷണമായിത്തോന്നി. അതിനാൽ ശൈവ ചാപം എടുത്തു കുലച്ച് ബാണം തൊടുക്കുന്നവനുമാത്രമേ സീതാ പാണിഗ്രഹണത്തിനു അർഹനാകൂ എന്ന് ജനക മഹാരാജൻ പ്രഖ്യാപിച്ചു. പല രാജാക്കന്മാരും പ്രയോഗിച്ച് പരാജയപ്പെട്ടു. യാഗരക്ഷ നിർവ്വഹിച്ച് വനത്തിൽ നിന്നും വിശ്വാമിത്രൻ രാമലക്ഷ്മണന്മാരോടൊപ്പം മടങ്ങുമ്പോഴാണ് സീതയുടെ സ്വയംവര വാർത്തയറിഞ്ഞത്. താമസമുണ്ടായില്ല രാമലക്ഷ്മണന്മാരേയും കൂട്ടി വിശ്വാമിത്രൻ ജനകൻ്റെ കൊട്ടാരത്തിലെത്തി.
(നാളെ ... സീത..തുടരും)
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: