രാമായണത്തിലെ കഥാപാത്രങ്ങൾ - സീത - 02

Share it:

വിശ്വാമിത്രനോടൊപ്പം വന്നെത്തിയ കുമാരന്മാർ സൂര്യവംശജാതരും ദശരഥ പുത്രന്മാരുമാണെന്ന് മനസിലാക്കിയ ജനകരാജൻ സന്തോഷവാനായി. അടുത്ത ദിവസം പ്രഭാതത്തിൽ ഗുരു ജനങ്ങളുടെ നിർദ്ദേശാനുസരണം ശ്രീരാമൻ മഹാസദസ്സിൻ്റെ നടുവിലുള്ള മണിമണ്ഡപത്തിൽ വച്ച് ശൈവ ചാപം പ്രയോഗിക്കാൻ സന്നദ്ധനായി. രാമൻ ആ വില്ല് ഇടതു കൈ കൊണ്ടെടുത്തു പൊക്കി ഞാൺവലിച്ചു മുറുക്കി കെട്ടിയപ്പോഴേക്കും അതൊടിഞ്ഞു പോയി! ശൈവ ചാപം മുറിഞ്ഞപ്പോഴുണ്ടായ മുഴക്കം കേട്ട രാജാക്കന്മാർ സർപ്പങ്ങളെ പോലെ ഞെട്ടിവിറച്ചു. മൈഥിലി മയിൽപ്പേട പോലെ മതിമറന്നാഹ്ലാദിച്ചു.ജനകൻ്റെ സന്ദേശമനുസരിച്ച് ദശരഥനും ബന്ധുമിത്രാദികളും മിഥിലയിലെത്തി. ശതാനന്ദപുരോഹിതൻ്റെ കാർമ്മികത്വത്തിൽ രാമൻ സീതയേയും ഭരതൻ മാണ്ഡ വിയേയും ലക്ഷ്മണൻ ഊർമ്മിളയേയും ശത്രുഘ്നൻ ശ്രുത കീർത്തിയേയും വിവാഹം ചെയ്തു. വധൂവരന്മാർ ഗുരു ജനങ്ങളോടുകൂടി അയോദ്ധ്യയിലേക്കു മടങ്ങി.
വൃദ്ധനായ ദശരഥ മഹാരാജാവ് രാജ്യഭാരം ശ്രീരാമനെ ഏല്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ കുബുദ്ധിയായ കൈകേയിയുടെ ആവശ്യപ്രകാരം സീതയും രാമലക്ഷ്മണന്മാരോടൊപ്പം പതിനാലു വർഷം വനവാസത്തിനു യാത്രയായി. വനവാസത്തിൻ്റെ തുടക്കത്തിൽ സീതാരാമലക്ഷ്മണന്മാർ അത്രി മഹർഷിയുടെ ആശ്രമത്തിലെത്തിയപ്പോൾ അത്രി മഹർഷിയുടെ ഭാര്യയായ അനസൂയ സീതയുടെ പതി ഭക്തിയിൽ സന്തുഷ്ടയായി അവൾക്ക് ദി വ്യോത്തരമായ ഒരു മാലയും വസ്ത്രാഭരണങ്ങളും അംഗ രാഗവും സമ്മാനിച്ചു.ആ ദിവ്യാംഗരാഗം ശരീരത്തിൽ പുരട്ടിയാൽ സീത ലക്ഷ്മീദേവിയെപ്പോലെ ശോഭിക്കുമെന്നും അനസൂയ അനുഗ്രഹിച്ചു. വനവാസത്തിൻ്റെ അവസാന വർഷം പാർവ്വതീപരമേശ്വരന്മാർ ഏതു പരിതസ്ഥിതിയിലും സീതാരാമന്മാർ പരസ്പരം തിരിച്ചറിയുമോ എന്നറിയാൻ നടത്തിയ പരീക്ഷണത്തിൽ സീതാരാമന്മാർ വിജയം കൈവരിച്ചു.
രാവണൻ സീതയെ മോഷ്ടിക്കുന്നതിന് അല്ലം മുമ്പായി രാമസന്നിധിയിൽ ഒരു ബ്രാഹ്മണ വേഷധാരിയായി വന്നെത്തിയ അഗ്നിദേവൻ ഉടനെ നടക്കാൻ പോകുന്ന കാര്യങ്ങളും രാവണനെ കൊല്ലുകയെന്ന അവതാരലക്ഷ്യത്തെ കുറിച്ചും രാമനോട് പറഞ്ഞ അഗ്നിദേവൻ ഇപ്രകാരം തുടർന്നു;" ഇതിനെല്ലാം സീത ഒരു നിമിത്തം മാത്രമാണ്. രാവണൻ്റെ മരണം അടുത്തിരിക്കുന്നു. അവൻ വന്ന് സീതയെ മോഷ്ടിച്ചു കൊണ്ടു പോകും. അതിനാൽ ഒരു ഉപായം ചെയ്യാം. സീതയെ എന്നെ ഏല്പിക്കുക.ഞാൻ ഭദ്രമായി ദേവിയെ സംരക്ഷിച്ചു കൊള്ളാം. ഇവിടെ ദേവിക്കു പകരമായി ഒരു മായാസീതയെ ഉണ്ടാക്കി നിർത്തിയാൽ മതി. രാവണവധത്തിനു ശേഷം പരീക്ഷണാർത്ഥം സീതയെ അഗ്നിപ്രവേശം ചെയ്യിക്കുന്ന സമയം ഞാൻ സീതാദേവിയെ തിരിച്ചേല്പിച്ചു കൊള്ളാം."
ശ്രീരാമൻ സമ്മതിച്ചതനുസരിച്ച് അഗ്നിദേവൻ തൻ്റെ യോഗ ബലത്താൽ ആകൃതിയിലും പ്രകൃതിയിലും സാക്ഷാൽ സീതാദേവിക്കു തുല്യമായ മായാ സീതയെ സൃഷ്ടിച്ച് രാമനു സമീപം നിർത്തിയ ശേഷം സാക്ഷാൽ സീതാദേവിയോടു കൂടി അവിടെ നിന്നും അപ്രത്യക്ഷമായി.ഈ വിവരം ലക്ഷ്മണൻ പോലും അറിഞ്ഞിരുന്നില്ല. രാവണവധത്തിനു ശേഷം അഗ്നിപരീക്ഷണഘട്ടത്തിൽ മായാസീത അഗ്നിയിൽ അന്തർദ്ധാനം ചെയ്യുകയും യഥാർത്ഥ സീത അഗ്നിദേവനോടൊപ്പം പുറത്തേക്കു വരുകയും ചെയ്തു!
ശ്രീരാമൻ അയോദ്ധ്യയിൽ രാജാവായ ശേഷം ത്രിലോക പുരി ഭരിച്ചിരുന്ന സഹസ്രമുഖ രാവണൻ എന്ന രാക്ഷസനെ രാമൻ ആവശ്യപ്പെട്ടതനുസരിച്ച് സീതാദേവി ശാക്തിക ബാണം തൊടുത്തു കുലച്ച് വധിക്കുകയുണ്ടായി. രാമനോടൊപ്പം അയോദ്ധ്യയിൽ പട്ടമഹിഷി സ്ഥാനം അലങ്കരിച്ചു കൊണ്ടിരിക്കേ നാട്ടുകാരുടെ അപവാദത്താൽ, ഗർഭിണിയായിരുന്ന സീതയെ രാമൻ്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ വനത്തിൽ ഉപേക്ഷിച്ചു. വാല്മീകി മഹർഷി സീതയ്ക്ക് അഭയം നൽകി.അവിടെ വച്ച് അവൾ കുശൻ, ലവൻ എന്നീ രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകി. കുറേക്കാലങ്ങൾക്കു ശേഷം വാല്മീകിയോടൊപ്പം അയോദ്ധ്യയിലെത്തിയ കുശലവന്മാരെ രാമൻ തിരിച്ചറിയുകയും അവരെ സ്വീകരിക്കുകയും ചെയ്തു. സീതയുടെ പരിശുദ്ധിയെ കുറിച്ച് വാല്മീകിയിൽ നിന്നും കേട്ടറിഞ്ഞ രാമൻ സീതയെ വീണ്ടും സ്വീകരിച്ചു.പിന്നീടൊരുനാൾ വീണ്ടും അഗ്നിപരീക്ഷ നടത്താൻ രാമൻ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാവാതിരുന്ന സീത മാതാവായ ഭൂമിദേവിയെ പ്രാർത്ഥിക്കുകയും തൽക്ഷണം ഭൂമി പിളർന്ന് സീത അപ്രത്യക്ഷമാകുകയും ചെയ്തു !!!
മിഥിലയിലെ രാജകുമാരിയായതിനാൽ മൈഥിലി എന്നും ജനകൻ്റെ വളർത്തു പുത്രിയായതിനാൽ ജാനകി എന്നും വിദേഹ രാജ്യത്തെ രാജകുമാരിയായതിനാൽ വൈദേഹി എന്നും അറിയപ്പെട്ടിരുന്ന സീത ഭാരത സ്ത്രീത്വത്തിൻ്റെ പ്രതീകമായി ഇന്നും ജനഹൃദയങ്ങളിൽ കുടികൊള്ളുന്നു!

(നാളെ ... ഭരതൻ)
എ.ബി.വി കാവിൽപ്പാട്
Share it:

Ramayanam

Post A Comment:

0 comments: