രാമായണത്തിലെ കഥാപാത്രങ്ങൾ - ശ്രീരാമൻ - 6

Share it:

ശ്രീരാമൻ്റെ രാജ്യഭരണത്തിൽ അയോദ്ധ്യയിൽ ക്ഷേമം വഴിഞ്ഞൊഴുകി.പ്രജാക്ഷേമം അന്വേഷിച്ച് രാമൻ രാജ്യം മുഴുവൻ വേഷപ്രച്ഛന്നനായി സഞ്ചരിക്കുക പതിവായിരുന്നു. ഒരു നാൾ ഒരു രജക ഭവനത്തിൻ്റെ മുന്നിലെത്തിയ രാമൻ, തലേ രാത്രിയിൽ എന്തോ കാര്യത്തിന് വെളിയിൽ പോയി തിരികെ വന്ന ഭാര്യയെ രജകൻ ഇപ്രകാരം ശകാരിക്കുന്നതു കേട്ടു ." അന്യ പുരുഷനോടൊന്നിച്ച് താമസിച്ച സീതയെ രാമൻ സ്വീകരിച്ചതു പോലെ എനിക്കു നിന്നെ സ്വീകരിക്കാനാവില്ല!"രജകൻ്റെ ശകാരവാക്കുകൾ കേട്ട് ശോകമൂകനായി കൊട്ടാരത്തിലേക്കു മടങ്ങിയ രാമൻ പ്രജാഹിതത്തിനായി സീതയെ ഉപേക്ഷിക്കുന്നതാണ് യുക്തിയെന്ന് മനസ്സിൽ ചിന്തിച്ചുറച്ചു. ഏഴു മാസം ഗർഭിണിയായ സീത തലേ ദിവസം വനാശ്രമങ്ങൾ തനിക്കു കണ്ടാൽ കൊള്ളാമെന്നുള്ള ആഗ്രഹം രാമനോട് പ്രകടിപ്പിച്ചിരുന്നു. സീതയെ കാട്ടിൽ പരിത്യജിക്കാൻ ഇതു തന്നെ പറ്റിയ അവസരം എന്നു ചിന്തിച്ച രാമൻ ആ ദൗത്യം ലക്ഷ്മണനെ ഏല്പിച്ചു! അടുത്ത സൂര്യോദയത്തിന് ലക്ഷ്മണൻ ഗർഭിണിയായ സീതയെ തേരിൽക്കയറ്റി വാല്മീകി മഹർഷിയുടെ ആശ്രമ പരിസരത്ത് ഉപേക്ഷിച്ച് തിരികെ പോന്നു. രാമനാൽ ഉപേക്ഷിക്കപ്പെട്ട സീത നിലത്തുവീണു വാവിട്ടു കരയുന്നതു ശ്രദ്ധയിൽപ്പെട്ട മുനിമാർ അവരെ വാല്മീകിയുടെ ആശ്രമത്തിലെത്തിച്ചു. അവിടെ വച്ച് സീത ലവകുശന്മാർക്ക് ജന്മം നൽകി!
സീതാ പരിത്യാഗത്തിനു ശേഷം ദു:ഖിതനായി നാലഞ്ചു വർഷം തള്ളി നീക്കിയ ശ്രീരാമൻ ഒരു ആശ്വമേധയാഗം നടത്താൻ തീരുമാനിച്ചു.
സ്മരിച്ച മാത്രയിൽത്തന്നെ സന്നിഹിതനായ ഹനുമാനെ ലങ്കയിലേക്കും കിഷ്കിന്ധയിലേക്കും അയച്ച് വിഭീഷണ സുഗ്രീവാദികളേയും കൂടാതെ മറ്റു രാജ്യങ്ങളിലെ സാമന്ത രാജാക്കന്മാരേയും സൈന്യങ്ങളേയും അയോദ്ധ്യയിലേക്കു വരുത്തി.സുഗ്രീവന് സൈനികനിയന്ത്രണം, വിഭീഷണന് ധനകാര്യം, ലക്ഷ്മണന് കേന്ദ്രാധികാരവും നൽകിയ ശേഷം സൈന്യവ്യൂഹങ്ങളുടെ അകമ്പടിയോടുകൂടി യാഗാശ്വത്തെ സർവ്വ രാജ്യ പര്യടനത്തിനായി അഴിച്ചുവിട്ടു. ചതുരംഗ സേനയുടെ അകമ്പടിയോടെ യാഗാശ്വം നാനാദിക്കിലും സഞ്ചരിച്ച് പല വിധ കാഴ്ചദ്രവ്യങ്ങളും സംഭരിച്ച് ആഹ്ലാദത്തോടെ അയോദ്ധ്യയിലേക്ക് മടങ്ങിവരുമ്പോൾ വാല്മീകിയുടെ ആശ്രമ പരിസരത്ത് വിശ്രമത്തിനായി പാളയമടിച്ചു.
ആശ്രമ പരിസരത്ത് സ്വൈര്യ വിഹാരം നടത്തിയിരുന്ന കുതിരയെ ലവകുശന്മാർ ബന്ധിച്ചു.തുടർന്ന് ലവകുശന്മാരുമായി യുദ്ധത്തിലേർപ്പെട്ട രാജസൈന്യങ്ങൾക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു! ലക്ഷ്മണൻ്റെ ബാണങ്ങൾക്കു പോലും ലവകുശന്മാരുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല.
നേരമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതെ അന്വേഷിച്ചെത്തിയ ആശ്രമവാസികളിൽ നിന്നും ലവകുശന്മാരുടെ യഥാർത്ഥ വിവരം ലക്ഷ്മണാദികൾ ഗ്രഹിച്ചു.
ആയിടയിൽ ശ്രീരാമൻ വിമാനത്തിലേറി ദണ്ഡകാരണ്യത്തിലെത്തി വനഭംഗികൾ ആസ്വദിച്ചു കൊണ്ട് സഞ്ചരിക്കവെ അവിചാരിതമായി വാല്മീകിയുടെ ആശ്രമത്തിലെത്തി.അവിടെ വച്ച് ശ്രീരാമനും സീതയും പരസ്പരം അഭിമുഖമായി കണ്ടു. ലവകുശന്മാരും അടുക്കൽ വന്നു. സീതാരാമന്മാരിൽ കണ്ട ഭാവമാറ്റം ശ്രദ്ധിച്ച ലവകുശന്മാർ ഹനുമാനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തങ്ങളുടെ അസ്ത്രങ്ങൾ ഉപസംഹരിച്ച് രാമപാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു.
ഏവരുടേയും അഭിപ്രായം മാനിച്ചും ഒപ്പം സ്വന്തം ആഗ്രഹത്തോടും കൂടി ശ്രീരാമൻ സീതയെ പരിഗ്രഹിച്ച് വിമാനത്തിൽ അയോദ്ധ്യയിലേക്കു പോയി.ലക്ഷ്മണാദികൾ പിന്നാലെയും ചെന്നു. കൗസല്യാദികൾ സീതയെ സന്തോഷത്തോടെ സ്വീകരിച്ചു.അതോടെ ശ്രീരാമൻ്റെ അശ്വമേധം സമംഗളമായി!
ശ്രീരാമൻ്റെ രാജ്യഭരണം വീണ്ടും ഐശ്വര്യ പൂർണമായിത്തീർന്നു.
സീതയുടെ ഐശ്വര്യത്തിൽ അസൂയപ്പെട്ടു തുടങ്ങിയ കൈകേയി ഒരിക്കൽ ശ്രീരാമൻ നായാട്ടിനു പോയ അവസരത്തിൽ സീതയുടെ അടുത്തെത്തി ലങ്കയിലെ വിശേഷങ്ങളെല്ലാം ചോദിച്ചു തുടങ്ങി. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ രാവണൻ്റെ ഒരു ചിത്രം വരച്ചുകാണിക്കാൻ കൈകേയി സീതയെ നിർബന്ധിച്ചു. ഇളയമ്മയുടെ നിർബ്ബന്ധത്തിനു മനസ്സില്ലാ മനസ്സോടെ വഴങ്ങേണ്ടി വന്ന സീത ഒരു ഇരുപ്പു പലകയിൽ പത്തു തലയുള്ള രാവണൻ്റെ ചിത്രം വരച്ചുകാണിച്ചു.അന്ത:പുരത്തിൽ പ്രദർശിപ്പിക്കാനെന്ന വ്യാജേന ആ ചിത്രം കൈക്കലാക്കിയ കൈകേയി നായാട്ടു കഴിഞ്ഞെത്തിയ ശ്രീരാമന് ആ പലക പൂജയ്ക്കിരിക്കാനായി ഇട്ടു കൊടുത്തു! ഇരിപ്പു പലകയിൽ രാവണൻ്റെ ചിത്രം കണ്ട രാമൻ കോപാകുലനായി. സീതയാണ് ഈ പടം വരച്ചതെന്നും അവൾ ഇടയ്ക്കെല്ലാം ലങ്കയേയും രാവണനേയും പ്രശംസിക്കാറുണ്ടെന്നുള്ള കൈകേയി മാതാവിൻ്റെ വാക്കുകൾ കൂടി കേട്ട രാമൻ, സീതയെ ചിത്രവധം ചെയ്യണമെന്ന് വിധിച്ചു! ആ വിധി കേട്ട് കൊട്ടാര വാസികൾ നടുങ്ങി. രാമൻ്റെ ആജ്ഞയനുസരിച്ച് ലക്ഷ്മണൻ സീതയെ വധിക്കാൻ തറയിൽ പിടിച്ചിരുത്തിയ ഉടൻ ഭൂമി രണ്ടായി പിളർന്ന് പ്രത്യക്ഷയായ സീതയുടെ മാതാവ് ഭൂമിദേവി ആ ഗഹ്വരത്തിലേക്ക് സീതയേയും കൊണ്ട് എന്നന്നേക്കുമായി യാത്രയായി!
സീതയുടെ അന്തർദ്ധാനത്തിനു ശേഷം ശ്രീരാമൻ ഏറെ ശോകമൂകനായി. അയോദ്ധ്യയിൽ ഓരോ ദുർനിമിത്തങ്ങൾ കണ്ടുതുടങ്ങി.ഒരിക്കൽ ഒരു ദിവ്യമഹർഷി കൊട്ടാരത്തിലേക്കു കയറി വന്ന് തനിക്ക് ചില രഹസ്യങ്ങൾ ശ്രീരാമനോട് പറയാനുണ്ടെന്നും ആ സമയത്ത് ആരേലും കയറി വന്നാൽ അവരെ ഒന്നുകിൽ വധിക്കുകയോ അല്ലാത്തപക്ഷം എന്നന്നേക്കുമായി ത്യജിക്കുകയോ വേണമെന്നും മുനി രാമനോട് പ്രതിജ്ഞ ചെയ്യിച്ചു.ഒരു ഏകാന്ത സ്ഥലത്തിരുന്ന് ഇരുവരും സംഭാഷണം ആരംഭിക്കുന്നതിനു മുമ്പായി ആരും അകത്തു കടക്കരുതെന്ന് കല്ലിച്ചു കൊണ്ട് ശ്രീരാമൻ ലക്ഷ്മണനെ ആ മുറിക്കു പുറത്ത് കാവൽ നിറുത്തി. അല്പസമയം കഴിഞ്ഞ് സനകാദി മുനികൾ രാമനെ കാണാനായി അവിടെയെത്തി .അല്പം കാത്തു നില്ക്കാൻ ലക്ഷ്മണൻ അവരോട് ആവശ്യപ്പെട്ടെങ്കിലും തങ്ങളെ ഈ നിമിഷം രാമനെ കാണാൻ അനുവദിച്ചില്ലെങ്കിൽ രാജവംശം നശിപ്പിച്ചു കളയുമെന്ന് സനകാദികൾ ഭീഷണി മുഴക്കി.ഗത്യന്തരമില്ലാതെ വന്ന ലക്ഷ്മണൻ രണ്ടും കല്പിച്ച് ശ്രീരാമസന്നിധിയിലെത്തി കാര്യങ്ങൾ അറിയിച്ചു. താൻ ആ ദിവ്യ മഹർഷിക്കു നൽകിയ സത്യം പാലിക്കാനായി രാമൻ എന്നന്നേക്കുമായി ലക്ഷ്മണനെ പരിത്യജിച്ചു.തുടർന്ന് പുറത്തു വന്നു നോക്കിയ ശ്രീരാമന് അവിടെ സനകാദികളെ കാണാനായില്ല.. തിരികെ ചെന്നപ്പോൾ തന്നോട് സംഭാഷണത്തിലേർപ്പെട്ടിരുന്ന മുനിയേയും കണ്ടില്ല! അവതാരകാര്യം സാധിച്ചു കഴിഞ്ഞതിനാൽ ശ്രീരാമനെ തിരികെ വിളിക്കുന്നതിന് ബ്രഹ്മാവ് അയച്ച കാലനും ദൂതന്മാരുമായിരുന്നു അവർ !
സീതാ വിരഹത്താൽ നീറിക്കഴിഞ്ഞിരുന്ന രാമൻ ലക്ഷ്മണ വിരഹവും കൂടിയായപ്പോൾ തികച്ചും അസ്വസ്ഥ ചിത്തനായി .ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച രാമൻ സ്വന്തം ആത്മാവിനെ ത്യജിക്കുന്നതിനായി സരയൂ നദിയിലേക്കു പോയി.പുരുഷാരം വാവിട്ടു നിലവിളിച്ചു കൊണ്ടു നില്ക്കേ ശ്രീരാമനും അനുഗാമികളും സരയൂ നദിയുടെ ആഴമേറിയ കയത്തിൽ മുങ്ങി മരിച്ചു! അവരുടെ ആത്മാവ് വൈകുണ്ഠം പ്രാപിച്ചു!!!

(നാളെ .. സീത )
എ.ബി.വി കാവിൽപ്പാട് 
Share it:

Ramayanam

Post A Comment:

0 comments: