സമ്പാതി പറഞ്ഞതനുസരിച്ച് ലങ്കയിൽ ചെന്ന് സീതയെ കണ്ടു പിടിക്കാൻ അംഗദൻ്റെ അഭിപ്രായമനുസരിച്ച് ഹനുമാൻ യാത്രയായി. ഒറ്റച്ചാട്ടം കൊണ്ട് മഹേന്ദ്രഗിരിയുടെ മുകൾപ്പരപ്പിൽ ചെന്നു നിന്ന ഹനുമാൻ ഒന്നുകൂടിച്ചാടി തൻ്റെ കൈകളും കാലുകളും പരത്തി, തലയും വാലും ഉയർത്തി, കണ്ണും കരളും വിടർത്തി ആകാശമാർഗ്ഗത്തിലൂടെ ശരവേഗത്തിൽ മുന്നോട്ടു കുതിച്ചു.മാർഗമദ്ധ്യേ തനിക്കു തടസ്സമായി നിന്ന സുരസയെ കബളിപ്പിച്ചും ഛായാഗ്രഹണി എന്ന ദുർഭൂതത്തിൻ്റെ കഥ കഴിച്ചും ഹനുമാൻ ലങ്കയിലെത്തി. അവിടെ തന്നെ തടഞ്ഞു നിർത്തിയ ലങ്കാലക്ഷ്മിയെ പരാജയപ്പെടുത്തി അവളെ ശാപമുക്തയാക്കിയ ഹനുമാൻ അശോക വ്യക്ഷത്തറയിൽ രാക്ഷസികളാൽ ചുറ്റപ്പെട്ടിരിക്കുന്ന സീതാദേവിയെ കണ്ടെത്തി.
സീതയെ വശീകരിക്കുന്നതിനുള്ള രാവണൻ്റെ അണിഞ്ഞൊരുങ്ങിയുള്ള അശോകവനത്തിലേക്കുള്ള വരവും അയാൾക്ക് വശംവദയാവാതിരുന്ന സീതയുടെ നിലപാടുമെല്ലാം ആരുടേയും കണ്ണിൽപ്പെടാതെ അശോക വൃക്ഷത്തിൻ്റെ മുകളിൽ ഇരുന്നു കൊണ്ട് ശ്രദ്ധിച്ചിരുന്ന ഹനുമാൻ രാക്ഷസിമാരെല്ലാം ഉറക്കമായതോടെ സീതയുടെ മുന്നിലെത്തി വണങ്ങി നിന്ന് തൻ്റെ ആഗമനോദ്ദേശ്യം അറിയിച്ചു. വിശ്വാസത്തിനായി ശ്രീരാമൻ പറഞ്ഞു കൊടുത്ത മൂന്ന് അsയാളവാക്യങ്ങളും സീതയെ കേൾപ്പിച്ച ശേഷം മുദ്രമോതിരം ദേവിയുടെ കാൽക്കൽ വച്ച് വണങ്ങി നിന്നു. അധികം വൈകാതെ തന്നെ രാമലക്ഷ്മണന്മാർ രാവണാദികളെ നിഗ്രഹിച്ച് ദേവിയെ വീണ്ടെടുക്കുമെന്നും അറിയിച്ചു.ഹനുമാനിൽ വിശ്വാസം ജനിച്ച സീത, രാമൻ്റെ വിശ്വാസത്തിനായി തൻ്റെ ചൂഡാമണി ഹനുമാനെ ഏല്പിച്ച് രാമനോട് പറയാനായി മൂന്ന് അടയാളവാക്യങ്ങളും പറഞ്ഞു കൊടുത്തു.
അടയാളവാക്യങ്ങളും ചൂഡാമണിയും സ്വീകരിച്ച ഹനുമാൻ സീതാദേവിയോട് വിടവാങ്ങി മടങ്ങും വഴിയിൽ ലങ്കാപുരി മുഴുവൻ ചുറ്റിക്കണ്ടു. രാമദൂതനായി താൻ എത്തിയെന്ന കാര്യം രാവണനെ അറിയിക്കാൻ നിശ്ചയിച്ച ഹനുമാൻ കണ്ണിൽക്കണ്ട രാക്ഷസന്മാരെയെല്ലാം കൊന്നൊടുക്കിയെന്നു മാത്രമല്ല രാവണപുത്രനായ മേഘനാഥനോടും ഏറ്റുമുട്ടി.ഹനുമാനെ ബന്ധിച്ച് രാവണൻ്റെ മുമ്പിൽ എത്തിച്ചപ്പോൾ ലങ്കയിൽ നാശം വിതച്ച വാനരൻ്റെ വാലിൽ തീ കൊളുത്തി രാക്ഷസന്മാരോട് ആർത്തു ഘോഷിച്ച് രാമദൂതനെ അവഹേളിക്കാനായിരുന്നു രാവണൻ വിധിച്ചത്!
ഹനുമാൻ്റെ നീണ്ടു കൊണ്ടിരുന്ന വാലിൽ തുണി ചുറ്റി ക്ഷീണിച്ച രാക്ഷസന്മാർ ഒടുവിൽ എണ്ണയൊഴിച്ച് തീകൊടുത്തു. ഒട്ടും താമസമുണ്ടായില്ല; തൻ്റെ ബന്ധനം തകർത്ത ഹനുമാൻ മേല്പോട്ടുചാടി ലങ്കാനഗരത്തിൽ സാർവ്വത്രികമായ അഗ്നിനാശം വരുത്തി! രാവണൻ്റെ സഹോദരനായ വിഭീഷണൻ്റെ മന്ദിരത്തിനോ സീതയിരിക്കുന്ന ശിംശപാവൃക്ഷത്തിനോ യാതൊരു വിധ പോറലുമേല്ക്കാതെ ലങ്കാദഹനം നിർവ്വഹിച്ച ഹനുമാൻ കടലിൽ വാലടിച്ച് തീ കെടുത്തിയ ശേഷം സീതയോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞ് ശ്രീരാമ സുഗ്രീവാദികളുടെ അടുത്തെത്തി കാര്യങ്ങളെല്ലാം വിശദീകരിച്ചു.
ഹനുമാനിൽ നിന്നും എല്ലാ വിവരങ്ങളും കേട്ടറിഞ്ഞ രാമലക്ഷ്മണന്മാരും സുഗ്രീവനും വാനരപ്പടയോടു കൂടി ലങ്കയിലേക്കു യാത്ര തിരിച്ചു. അവർ ദക്ഷിണ സമുദ്രത്തിൻ്റെ തീരത്ത് താവളമടിച്ചു. ലങ്കയിൽ രാവണൻ തൻ്റെ മന്ത്രിമാരേയും അനുജന്മാരേയും വിളിച്ച് യുദ്ധകാര്യങ്ങൾ ചർച്ച ചെയ്തു തുടങ്ങി.ശ്രീരാമനോട് യുദ്ധം ചെയ്യുന്നത് ശരിയല്ലെന്നും സീതയെ രാമനു തിരികെ കൊടുത്ത് ക്ഷമായാചനം ചെയ്യണമെന്നും വാദിച്ച വിഭീഷണനെ രാവണൻ പുറത്താക്കി. ലങ്ക വിട്ട വിഭീഷണൻ ശ്രീരാമനെ അഭയം പ്രാപിച്ചു.
സമുദ്രതീരത്ത് താവളമടിച്ചിരുന്ന രാമാദികൾ സുഗ്രീവൻ്റെ നേതൃത്വത്തിൽ വാനരന്മാരുടെ സഹായത്തോടെ കല്ല്, പാറ, കുന്ന്, കൊടുമുടി എന്നിവ കൊണ്ടുവന്ന് ലങ്കയിലേക്കൊരു ചിറകെട്ടി.ദൂതൻ വഴി സീതയെ തിരിച്ചു നൽകണമെന്ന് രാവണനോട് പലവട്ടം ശ്രീരാമൻ ആവശ്യപ്പെട്ടെങ്കിലും രാവണൻ വഴങ്ങിയില്ല. സന്ദേശങ്ങളെല്ലാം പരാജയപ്പെട്ടതോടെ യുദ്ധം ആരംഭിച്ചു.രാമലക്ഷ്മണന്മാരും സുഗ്രീവ വാനരാദികളും പതിനായിരക്കണക്കിന് രാക്ഷസന്മാരെ വകവരുത്തി മുന്നേറി. ഒടുവിൽ രാവണൻ തന്നെ ശ്രീരാമനോട് യുദ്ധം ചെയ്യാൻ പടക്കളത്തിലിറങ്ങി.രാമൻ മഹേന്ദ്ര ചൈതന്യവും വജ്ര കാഠിന്യവും അഗ്നിതീഷ്ണതയും വൈഷ്ണവ തേജസും നിറഞ്ഞ മഹേന്ദ്ര ബാണത്താൽ രാവണൻ്റെ പത്തു ശിരസ്സും ഖണ്ഡിച്ച് താഴെ വീഴ്ത്തി ! അതോടെ രാവണൻ്റെ ഭൗതികദേഹം ഭൂമിയിൽ വീഴുകയും ആത്മാവ് ആകാശത്തേക്ക് ഉയരുകയും ചെയ്തു.
രാവണവധത്തിനു ശേഷം രാമാദികൾ വിഭീഷണനെ ലങ്കാധിപതിയായി വാഴിച്ചു. അപ്സരസ്സുകളെത്തി സീതാദേവിയെ സർവ്വാലങ്കാര വിഭൂഷിതയാക്കി. സാക്ഷാൽ ലക്ഷ്മീദേവിയെപ്പോലെ പരിലസിച്ചിരുന്ന സീതാദേവിയെ വിഭീഷണാദികൾ ഒരു പല്ലക്കിൽ കയറ്റി ശ്രീരാമൻ്റെ മുമ്പിൽ കൊണ്ടുവന്ന് സമർപ്പിച്ചു.
സീതയുടെ വസ്ത്രാഡംബരങ്ങൾ കണ്ട് അമ്പരന്നു പോയ ശ്രീരാമനിൽ ഒരു ദുശ്ശങ്ക ജനിച്ചു.രാമൻ്റെ മനോഗതമറിഞ്ഞ സീത, ഭർതൃശങ്കിതയായ ഒരു സ്ത്രീ ജീവിച്ചിരിക്കരുത് എന്നു പറഞ്ഞു കൊണ്ട് ലക്ഷ്മണനോട് ഒരു ചിതയൊരുക്കാൻ ആവശ്യപ്പെട്ടു. സീതക്ക് വേണ്ടത് സാധിച്ചു കൊടുക്കാൻ രാമൻ ലക്ഷ്മണനോട് ആജ്ഞാപിച്ചു.ലക്ഷ്മണൻ വാനരന്മാരുടെ സഹായത്തോടെ ഒരു ചിതയൊരുക്കി തീ കത്തിച്ചു. ഏവരും നിർന്നിമേഷരായി നോക്കി നില്ക്കേ സീതാദേവി ശ്രീരാമനെ പ്രദക്ഷിണം വച്ച ശേഷം അഗ്നിയിൽച്ചാടി!അത്ഭുതമെന്നു പറയട്ടെ.. മൂന്നു ദിവ്യമൂർത്തികൾ ആ അഗ്നിയിൽ നിന്നും ബഹിർഗമിച്ചു! അതിലൊരാൾ സ്വാഹാദേവിയും മറ്റേയാൾ സീതാദേവിയും അപരൻ അഗ്നിദേവനുമായിരുന്നു. ശങ്ക നീങ്ങിയ ശ്രീരാമൻ സീതയെ സ്വീകരിച്ച ശേഷം രാമാദികൾ പുഷ്പകവിമാനത്തിലേറി അയോദ്ധ്യയിലേക്കു മടങ്ങി.വിഭീഷണൻ, സുഗ്രീവൻ, ഹനുമാൻ എന്നിവരും കൂടെയുണ്ടായിരുന്നു. അയോദ്ധ്യയിലെത്തിയ ശേഷം ശ്രീരാമൻ പുഷ്പകവിമാനം കുബേര സന്നിധിയിലേയ്ക്കയച്ചു. നന്ദിഗ്രാമത്തിൽ നിന്നും ഭരതൻ മടങ്ങിയെത്തി. സകല ബസുജനങ്ങളുടേയും സാന്നിദ്ധ്യത്തിൽ ശ്രീരാമ പട്ടാഭിഷേകം ഭംഗിയായി നടന്നു.ഭരതനെ യുവരാജാവായും ലക്ഷ്മണനെ സർവ്വസൈന്യാധിപനായും ശത്രുഘ്നനെ ധനകാര്യ മന്ത്രിയായും നിയമിച്ചു.
(നാളെ .. ശ്രീരാമൻ .. അവസാന ഭാഗം)
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: