ഇക്ഷ്വാകു വംശത്തിലെ അജൻ എന്ന രാജാവിന് ഇന്ദുമതി എന്ന രാജ്ഞിയിൽ ജനിച്ചവനാണ് ദശരഥൻ. യഥാർത്ഥ നാമം നേമി എന്നായിരുന്നു. ഒരിക്കൽ ആർക്കും എതിരിടാനോ ജയിക്കാനോ കഴിയാതിരുന്ന ശംബരാസുരൻ ഇന്ദ്രപദം ആക്രമിച്ചു കീഴടക്കി. ബ്രഹ്മാവിൻ്റേയും ദേവന്മാരുടേയും അപേക്ഷ പ്രകാരം നേമി സ്വർഗ്ഗത്തിൽ ചെന്ന് അസുര സൈന്യങ്ങളെയെല്ലാം വകവരുത്തി.അതിൽ ക്രുദ്ധനായ ശംബരൻ പത്തു മൂർത്തികൾ ധരിച്ച് പത്തുദിക്കുകളിൽ നിന്ന് നേമിയെ ഒരേ സമയം ആക്രമിച്ചു. ഏക കാലത്തിൽ തൻ്റെ രഥം പത്തു ദിക്കുകളിലേക്കും അഭിമുഖമാക്കിക്കൊണ്ട് ആ പത്തു ശംബരന്മാരേയും നിഗ്രഹിച്ചു.നേമിയുടെ യുദ്ധചാതുര്യത്തിൽ സന്തുഷ്ടനായ ബ്രഹ്മാവാണ് അദ്ദേഹത്തിന് ദശരഥൻ എന്ന നാമം നൽകിയത്.
കോസലരാജ്യത്തിൻ്റെ തലസ്ഥാനമായ അയോദ്ധ്യയായിരുന്നു ദശരഥൻ്റെ രാജധാനി. സരയൂ നദിയുടെ തീരത്തുള്ള അയോദ്ധ്യയിൽ ദേവലോകത്തെ ഇന്ദ്രനെ പോലെ അദ്ദേഹം ശോഭിച്ചിരുന്നു. ദശരഥന് കൗസല്യ, കൈകേയി , സുമിത്ര എന്നീ മൂന്നു ഭാര്യമാർ ഉണ്ടായിരുന്നു. ആദ്യ ഭാര്യയായ കൗസല്യയിൽ ശാന്ത എന്നൊരു പുത്രി ജനിച്ചു.അതിനു ശേഷം വളരെക്കാലം കഴിഞ്ഞിട്ടും ദശരഥന് പുത്രനോ പുത്രിയോ ജനിച്ചില്ല. ആയിടയിൽ അയോദ്ധ്യയിലെത്തിയ അദ്ദേഹത്തിൻ്റെ സുഹൃത്തും അംഗരാജാവുമായ ലോമപാദൻ തനിക്ക് മക്കളില്ലാത്തതിനാൽ ശാന്തയെ തനിക്ക് മകളായി തരണമെന്ന് കേണപേക്ഷിച്ചു.ദശരഥൻ സമ്മതം നൽകിയതോടെ ലോമപാദൻ ശാന്തയെ തൻ്റെ ദത്തുപുത്രിയായി സ്വീകരിച്ച് അംഗരാജ്യത്തേക്കു കൊണ്ടു പോയി.അവിടെ വച്ച് ഋശ്യശൃംഗ മഹർഷിക്ക് ലോമപാദൻ ശാന്തയെ വിവാഹം കഴിച്ചു കൊടുത്തു.
അപുത്രത്വം പരിഹരിക്കാൻ ദശരഥൻ കേകയ രാജാവിൻ്റെ പുത്രിയായ കൈകേയിയെ രണ്ടാമത്തെ പത്നിയായി സ്വീകരിച്ചു. എന്നിട്ടും സന്താനങ്ങൾ ഉണ്ടാവാഞ്ഞതിനെ തുടർന്ന് കാശിരാജകുമാരിയായ സുമിത്രയേയും വിവാഹം ചെയ്തു.ഈ മൂന്നു പത്നിമാരിൽ പട്ടമഹിഷി സ്ഥാനം കൗസല്യക്കായിരുന്നു. വർഷങ്ങൾ വീണ്ടും കഴിഞ്ഞു.മൂന്ന് പത്നിമാർ ഉണ്ടായിട്ടും അപുത്രത വിട്ടുപിരിയാതിരുന്ന ദശരഥൻ ശോകത്തിലാണ്ടു. അപ്പോഴാണ് തനിക്ക് കൗമാരത്തിൽ ലഭിച്ച മുനിശാപത്തെക്കുറിച്ച് ദശരഥൻ ഓർത്തത്.ആ സംഭവം ഇപ്രകാരമായിരുന്നു.
യൗവ്വനകാലത്ത് സരയൂ നദിക്കരയിലൂടെ നായാട്ടിൽ മുഴുകി നടക്കുകയായിരുന്ന ദശരഥൻ ദൂരെ നദിയിൽ ആന വെള്ളം കുടിക്കുന്നതു പോലുള്ള ഗുളു ഗുളുശബ്ദം കേട്ട് ആ ദിക്കിലേക്ക് ഒരു അസ്ത്രം പായിച്ചു.ആ അസ്ത്രം പതിച്ച സ്ഥലത്തു നിന്നും ഒരു മനുഷ്യരോദനം കേട്ട ദശരഥൻ അവിടേക്ക് ഓടിച്ചെന്നപ്പോൾ കണ്ടത് തൻ്റെ അസ്ത്രമേറ്റു പിടയുന്ന ഒരു മുനികുമാരനെയാണ്! നദിയിൽ നിന്നും ജലം മുക്കിയെടുത്തു കൊണ്ടിരുന്ന ഒരു കുടം സമീപത്തും.തനിക്കു പറ്റിയ കൈപ്പിഴയോർത്ത് വിഷമിച്ചു നില്ക്കുന്ന ദശരഥനോടായി ആ മുനികുമാരൻ പറഞ്ഞു;" ഞാൻ ശ്രാവണൻ. അല്ലയോ രാജൻ, ഞാൻ എന്തു തെറ്റാണ് അങ്ങയോടു ചെയ്തത്? വാർദ്ധക്യം കൊണ്ട് കണ്ണു കാണാൻ പാടില്ലാത്തവരായി ആശ്രമത്തിൽ കഴിയുന്ന എൻ്റെ മാതാപിതാക്കൾക്കുള്ള ദാഹജലം കുടത്തിൽ മുക്കിയെടുക്കുമ്പോഴാണ് അങ്ങ് അസ്ത്രം പ്രയോഗിച്ചത്. അവരുടെ ഏക പുത്രനാണ് ഞാൻ. അങ്ങ് ഈ കുടത്തിലെ ദാഹജലവുമായി ചെന്ന് അവരെ സാന്ത്വനപ്പെടുത്തുക."
ദശരഥൻ കണ്ണീർ വാർത്തുകൊണ്ട് മുനികുമാരൻ്റെ ശരീരത്തിൽ തറച്ചിരിക്കുന്ന അമ്പ് വലിച്ചൂരി. അതോടെ ശ്രാവണൻ ഇഹലോകവാസം വെടിഞ്ഞു. ദാഹജലവുമായി ആശ്രമത്തിലെത്തിയ ദശരഥൻ കണ്ണീർ വാർത്തുകൊണ്ട് ആ വൃദ്ധ ദമ്പതികളെ നടന്ന കാര്യങ്ങൾ മുഴുവൻ ധരിപ്പിച്ചു. നെഞ്ചു തകർന്ന അവസ്ഥയിലായിപ്പോയ ആ വൃദ്ധമാതാപിതാക്കളെ അവരുടെ ഇംഗിതമനുസരിച്ച് ഓമന പുത്രനായ ശ്രാവണൻ്റെ അടുക്കലെത്തിച്ച ദശരഥൻ ചിതയൊരുക്കി ആ മുനികുമാരനെ ദഹിപ്പിക്കുമ്പോൾ "ഞങ്ങളെപ്പോലെ അങ്ങും പുത്ര ദു:ഖത്താൽ മരിക്കും " എന്ന ശാപവാക്കുകൾ ചൊരിഞ്ഞ് അവരിരുവരും പുത്രൻ്റെ ചിതയിലേക്കു ചാടി ജീവൻ അവസാനിപ്പിച്ചു !!
ഈ ശാപവാക്കുകൾ ഓർമയിലെത്തിയ ദശരഥ രാജൻ ശ്രാവണൻ്റെ വൃദ്ധ പിതാവായ മുനി അവരെപ്പോലെ താനും പുത്ര ദു:ഖത്താൽ മരിക്കും എന്ന് ശപിച്ചതിനാൽ തനിക്ക് പുത്രന്മാർ ജനിക്കാതിരിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ചു.
(നാളെ... ദശരഥൻ്റെ കഥ തുടരും)
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: