രാമായണത്തിലെ കഥാപാത്രങ്ങൾ :- വാല്മീകി

Share it:

സുഹൃത്തുക്കളെ ..
1197 കർക്കടകം 1 മുതൽ 31 വരെ 31 കഥാപാത്രങ്ങളിലൂടെ രാമായണ കഥ പൂർണ്ണമായി വായനക്കാരിലേക്ക് എത്തിക്കാൻ ഒരു എളിയ ശ്രമം ഇന്നു മുതൽ ആരംഭിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ.. രാമായണത്തിൻ്റെ രചയിതാവായ വാല്മീകിയിൽ നിന്നും കഥ ആരംഭിക്കട്ടെ..
സസ്നേഹം 
എ.ബി.വി കാവിൽപ്പാട്

രാമായണത്തിലെ കഥാപാത്രങ്ങൾ 
1. വാല്മീകി 
രാമായണ കർത്താവും ആദികവിയുമായ വാല്മീകി മഹർഷിയെ കുറിച്ചുള്ള പ്രബലമായ ഐതിഹ്യം ഇപ്രകാരമാണ്. വരുണൻ്റെ പത്താമത്തെ പുത്രനായിരുന്നു വാല്മീകി. ബാല്യകാലനാമം രത്നാകരൻ എന്നായിരുന്നു.ചെറുപ്പത്തിൽ ദുർവൃത്തന്മാരുടെ പിടിയിലകപ്പെട്ട രത്നാകരൻ ഒരു കൊള്ളക്കാരനായിത്തീർന്നു. ഒരു പിതാവായിക്കഴിഞ്ഞിരുന്ന അദ്ദേഹം തൻ്റെ കുടുംബത്തെ പോറ്റാൻ വഴിയാത്രക്കാരുടെ ധനധാന്യങ്ങൾ പിടിച്ചുപറിച്ച് കാലം കഴിച്ചു വന്നു. ഒരിക്കൽ അതു വഴി വന്ന സപ്തർഷികളെ കൊള്ള ചെയ്യാൻ തുനിഞ്ഞ രത്നാകരനോടായി ഋഷിമാർ ചോദിച്ചു;" നീ കൊള്ള ചെയ്യുന്ന ഈ പാപത്തിൻ്റെ പങ്ക് നിൻ്റെ ഭാര്യപുത്രാദികളും അനുഭവിക്കുമോ?" അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ട് അന്ധാളിച്ച അയാൾ സ്വന്തം ഭവനത്തിലേക്ക് ഓടിച്ചെന്ന് വീട്ടുകാരോടായി മഹർഷിമാരുടെ ചോദ്യം ആവർത്തിച്ചു.പക്ഷേ പാപത്തിൻ്റെ പങ്കു വഹിക്കാൻ അവരാരും തയ്യാറല്ലായിരുന്നു. നിമിഷ നേരം കൊണ്ട് സ്വന്തം ജീവിതം ഒരു പരിവർത്തനത്തിനു വിധേയമായ രത്നാകരനെന്ന കാട്ടാളൻ ഓടിച്ചെന്ന് സപ്തർഷികളുടെ മുന്നിൽ മുട്ടുകുത്തി. അവർ അയാൾക്ക് ബ്രഹ്മജ്ഞാനം ഉപദേശിച്ചു കൊടുത്തു. ഋഷിമാരുടെ നിർദ്ദേശപ്രകാരം അടുത്തുള്ള ഒരു മരച്ചുവട്ടിൽ ചെന്നിരുന്ന് രാമ മന്ത്രം ജപിച്ചു തുടങ്ങി.
"കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാശാഖാം വന്ദേ വാല്മീകി കോകിലം "
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി .അതിനിടയിൽ ചിതലുകൾ അയാൾക്ക് ചിതൽപ്പുറ്റു കൊണ്ട് ഒരു ആവരണം തീർത്തതൊന്നും അയാൾ അറിഞ്ഞിരുന്നില്ല. അനേക വർഷങ്ങൾക്കു ശേഷം ആ വഴി വീണ്ടും വന്ന സപ്തർഷികൾ ചിതൽപ്പുറ്റു ഭേദിച്ച് മുനിയെ പുറത്തേക്കെടുത്തു. വല്മീകം അഥവാ ചിതൽപ്പുറ്റിൽ നിന്നും പുറത്തു വന്നതിനാൽ രത്നാകരന് അന്നു മുതൽ വാല്മീകി എന്ന പേരുണ്ടായി.തമസാ നദിയുടെ തീരപ്രദേശത്ത് ആശ്രമം നിർമ്മിച്ച് തൻ്റെ ശിഷ്യന്മാരോടൊപ്പം വാത്മീകി അവിടെ വാസം തുടങ്ങി.അവിടെ വച്ചാണ് സുപ്രസിദ്ധമായ രാമായണ കാവ്യം അദ്ദേഹം രചിച്ചത്. അതിനിടയാക്കിയ സംഭവം ഇപ്രകാരമാണ്.
ഒരിക്കൽ തമസാനദിയിൽ സ്നാന കർമം നടത്തുകയായിരുന്ന വാല്മീകി, ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ എയ്തു വീഴ്ത്തുന്ന കാഴ്ച കണ്ടു.അതിൽ നിന്നുണ്ടായ ഉൽക്കടവികാരത്താൽ അദ്ദേഹത്തിൻ്റെ ഉള്ളിൽ നിന്നും ഒരു ശ്ലോകരൂപം പുറത്തു വന്നു.
"മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ:
ശാശ്വതീ സമാഃ
യൽ ക്രൗഞ്ചമിഥുനാദേക മവ ധീഃ
കാമമോഹിതം "
ഉടനെ അവിടെ പ്രത്യക്ഷനായ ബ്രഹ്മാവ് ആ ശ്ലോകത്തിൻ്റെ രൂപത്തിൽ രാമകഥ രചിക്കുവാൻ ഉപദേശിച്ചു.അതിനായി ശ്രീരാമചരിതത്തിൻ്റെ ഭൂതകാലവും ഭാവികാലവും വാല്മീകിയെ ബ്രഹ്മാവ് പഠിപ്പിച്ചു.സീതാദേവിയും ലവകുശന്മാരും അക്കാലത്ത് വാല്മീകിയുടെ ആശ്രമത്തിൽ താമസിച്ചിരുന്നതിനാൽ വർത്തമാന ചരിതം അദ്ദേഹത്തിന് വ്യക്തവുമായിരുന്നു.അങ്ങനെ ഇരുപത്തിനാലായിരം ശ്ലോകങ്ങൾ കൊണ്ട് വാല്മീകി രാമായണ കഥ മുഴുവൻ കാവ്യരൂപത്തിൽ എഴുതിത്തീർത്തു.ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്ന ഏഴു കാണ്ഡങ്ങളിലായി അഞ്ഞൂറ് അദ്ധ്യായങ്ങൾ കൊണ്ട് വാല്മീകി മഹർഷി രചിച്ച ഈ കാവ്യം ലവകുശന്മാരെയാണ് ആദ്യം അദ്ദേഹം പഠിപ്പിച്ചത്.ശ്രീരാമൻ്റെ അശ്വമേധം നടക്കുന്ന വേളയിൽ വാല്മീകിയോടൊത്ത് അയോദ്ധ്വയിലെത്തിയ ലവകുശന്മാർ ഈ കാവ്യം അവിടെ പാടുകയുണ്ടായി!!!
(നാളെ ... ദശരഥൻ)
എ.ബി.വി കാവിൽപ്പാട് 
Share it:

Ramayanam

Post A Comment:

0 comments: