രാമായണത്തിലെ കഥാപാത്രങ്ങൾ :- ദശരഥൻ 2

Share it:

വർഷങ്ങൾ കടന്നു പോയിട്ടും സന്താനഭാഗ്യം കൈവരാതിരുന്ന ദശരഥ രാജൻ വസിഷ്ഠ മഹർഷിയുടെ ഉപദേശപ്രകാരം പുത്രകാമേഷ്ടിയാഗം നടത്താൻ തീരുമാനിച്ചു. ജാമാതാവായ ഋശ്വശ്യംഗനെ അതിനായി അയോദ്ധ്യയിലേക്കു വരുത്തിച്ചു.ലോമപാദൻ്റെയും ശാന്തയുടേയും പ്രേരണക്കു വഴങ്ങി അയോദ്ധ്യയിലെത്തിയ ഋശ്യശൃംഗൻ പുത്രകാമേഷ്ടി ആരംഭിച്ചു.ആകാശം വേദമന്ത്രധ്വനികളാൽ മുഖരിതമായപ്പോൾ ഋശ്യശൃംഗൻ ദിവ്യമായ പുത്രകാമന്ത്രം ജപിച്ച് യാഗാഗ്നിയിൽ ആഹൂതി ചെയ്തു. ഉടനെ ഹോമാഗ്നി മധ്യത്തിൽ നിന്നും ഉയർന്നു വന്ന ഒരു ദിവ്യരൂപം അമൃതമയമായ പായസം നിറഞ്ഞ ഒരു കനകപാത്രം മുനിയുടെ മുന്നിൽ വച്ച് ആ യാഗാഗ്നിയിൽ തന്നെ അപ്രത്യക്ഷമായി!
ഋശ്യശൃംഗൻ ആ കനകപാത്രം ദശരഥനെ ഏല്ലിച്ചു.മഹാമുനിയുടെ നിർദ്ദേശപ്രകാരം ആ പാത്രത്തിലെ പായസം രണ്ടായി പകുത്ത ദശരഥൻ അത് കൗസല്യയ്ക്കും കൈകേയിക്കും നൽകി. അവരാകട്ടെ തങ്ങൾക്കു ലഭിച്ച പായസത്തിൽ നിന്നും ഓരോ പങ്ക് സുമിത്രക്കും നൽകി.കാലക്രമത്തിൽ ദശരഥ പത്നിമാരായ മൂവരും ഗർഭം ധരിച്ചു ! സമയമായപ്പോൾ കൗസല്യ ,രാമനും കൈകേയി , ഭരതനും സുമിത്ര, ലക്ഷ്മണ ശത്രുഘ്നന്മാർക്കും ജന്മം നൽകി!
കാലങ്ങൾ കടന്നു പോയി. ശ്രീരാമനെ യുവരാജാവായി വാഴിക്കാനുള്ള ഒരുക്കങ്ങൾ അയോദ്ധ്യയിൽ പുരോഗമിക്കേ ദേവാസുര യുദ്ധ വേളയിൽ ദശരഥൻ കൈകേയിക്കു നൽകിയിരുന്ന രണ്ടു വരങ്ങൾ തൻ്റെ ദാസിയായ മന്ഥരയുടെ നിർദ്ദേശപ്രകാരം വിനിയോഗിക്കാൻ കൈകേയി തീരുമാനിച്ചു.അതു പ്രകാരം സ്വന്തം പുത്രനായ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണമെന്നും രാമനെ പതിനാലു വർഷം വനവാസത്തിനയക്കണമെന്നുമുള്ള രണ്ടു വരങ്ങൾ കൈകേയി ആവശ്യപ്പെട്ടു. സത്യത്തിൽ നിന്നും വ്യതിചലിക്കാത്ത ദശരഥൻ തകർന്ന മനസ്സോടെയാണെങ്കിലും കൈകേയിയുടെ ആ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുത്തു!
രാമനോടൊപ്പം സീതയും ലക്ഷ്മണനും വനവാസത്തിനു പുറപ്പെട്ടു. അവരെ ഗംഗാനദി വരെ അനുഗമിച്ച സുമന്ത്രർ (ദശരഥൻ്റെ 8 മന്ത്രിമാരിൽ ഒരാൾ ) കൊട്ടാരത്തിൽ തിരികെ എത്തുമ്പോൾ കണ്ട കാഴ്ച ദശരഥൻ പുത്ര ദു:ഖത്താൽ വികാരവിവശനായി നിലംപതിച്ചു കിടക്കുന്നതായിരുന്നു. ആ മോഹാലസ്യത്തിൽ നിന്നും അദ്ദേഹം പിന്നെ ഉണരുകയുണ്ടായില്ല. ദശരഥൻ്റെ മരണവേളയിൽ ഭരത ശത്രുഘ്നന്മാർ കേകയ രാജ്യത്തും രാമലക്ഷ്മണന്മാർ വനത്തിലുമായിരുന്നു. അങ്ങനെ ശ്രാവണ പിതാവായ വ്യദ്ധ മുനിയുടെ ശാപവാക്കുകൾ അക്ഷരംപ്രതി ദശരഥൻ്റെ മരണവേളയിൽ ശരിയായി പരിണമിച്ചു!
വാല്മീകി രാമായണം യുദ്ധകാണ്ഡത്തിൽ പരാമർശിക്കുന്ന ഒരു സംഭവം കൂടി പറഞ്ഞാലേ ഈ കഥ പൂർണമാകൂ. രാമ രാവണയുദ്ധത്തിൽ രാവണൻ വധിക്കപ്പെട്ടു. അഗ്നിശുദ്ധി വരുത്തി പതിവ്രതയാണെന്നു കണ്ട സീതയെ ശ്രീരാമൻ സ്വീകരിക്കുന്ന വേളയിൽ സാക്ഷാൽ ശ്രീ പരമേശ്വരൻ ഒരു ദിവ്യ വിമാനത്തിൽ ശ്രീരാമൻ്റെ മുന്നിൽ പ്രത്യക്ഷനായി. വിമാനത്തിൽ ആ സമയം ശിവനോടൊപ്പം ദശരഥനുമുണ്ടായിരുന്നു. രാമലക്ഷ്മണന്മാരെ ചേർത്തു പുണർന്ന ദശരഥൻ തൊഴുകൈയ്യോടു കൂടി നിന്ന സീതാദേവിക്കും അനുഗ്രഹങ്ങൾ വർഷിച്ച ശേഷം അപ്രത്യക്ഷനായി !!!

(നാളെ... കൗസല്യ,കൈകേയി ,സുമിത്ര)
എ.ബി.വി കാവിൽപ്പാട് 
Share it:

Ramayanam

Post A Comment:

0 comments: