ശാന്തമായ മനസ്സ് വിജയത്തിലേക്കുള്ള ചവിട്ടുപടി

Share it:
പഠന വിജയത്തിന് ശാന്തവും, സ്വച്ഛവുമായ മനസ്സ് അത്യന്താപേക്ഷിതമാണ്.
കുട്ടികളെ പരീക്ഷ എന്ന് പറഞ്ഞു പേടിപ്പെടുത്തേണ്ട കാര്യമുണ്ടോ....? നേടിയ അറിവുകൾ സ്വയം വിലയിരുത്താനും പ്രയോഗിക്കാനുള്ള അവസരമാണ് മൂല്യനിർണയ പ്രവർത്തനങ്ങൾ.
എല്ലാ ദിവസത്തെയും പോലെ തന്നെയാണ് ആ ദിനവും എന്ന് ഓർക്കുക. ഒരു യൂണിറ്റിലോ ഒരു പ്രത്യേക കാലയളവിലോ കുട്ടികൾ നിർമ്മിച്ച അറിവുകൾ സ്വയം വിലയിരുത്താനും, ആവശ്യമായ സന്ദർഭങ്ങളിൽ പ്രയോഗിക്കാനും കഴിയുന്നതിനുള്ള പ്രവർത്തനങ്ങളാണ് മൂല്യനിർണ്ണയത്തിന്റെ ( യൂണിറ്റ് ടെസ്റ്റ് )ഭാഗമായി നൽകുക. അധ്യാപികയെ സംബന്ധിച്ചും ഇത്തരം പ്രവർത്തനങ്ങൾ പ്രധാനമാണ്.  ഒരു നിശ്ചിത കാലയളവിനുള്ളിൽ ഓരോ കുട്ടിയും നേടിയ പഠന നേട്ടങ്ങളെ വിലയിരുത്തി പരിഹാര പ്രവർത്തനങ്ങൾ നൽകാൻ ഇത് അധ്യാപികയെ സഹായിക്കും. ഒരിക്കലും ഇത്തരം സമയങ്ങളിൽ കുട്ടികളെ മാനസിക സംഘർഷത്തിലേക്കു നയിക്കുന്ന ഒരു ഇടപെടലും നടത്താതിരിക്കാൻ ശ്രദ്ധിക്കണേ.. ഒരു നിശ്ചിത ശേഷി നേടിയ കുട്ടി അത് അവന്റെ ജീവിതത്തിലുടനീളം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസമാണ് പകർന്നു നൽകേണ്ടത്.. കുട്ടികൾക്ക് ആവശ്യമായ പോസിറ്റീവ് എനർജി നൽകുന്നത് വഴി അവരുടെ ആത്മവിശ്വാസം കൂട്ടാനുള്ള ശ്രമമാണ് വേണ്ടത്.. അടിയോ, ശകാരമോ കൊണ്ട് അടിസ്ഥാനപരമായി ഒരു മാറ്റവും കുട്ടിയ്ക്ക് ഉണ്ടാകില്ല. പഠനത്തോടുള്ള താല്പര്യം കുറയുകയേ ഉള്ളൂ. പരീക്ഷ കാലയളവിൽ കുട്ടികളോടുള്ള രക്ഷിതാക്കളുടെ സമീപനം മാറേണ്ടതാണ് പ്രധാനമാണ്. ഉറക്കമിളച്ചു പഠിച്ചിട്ടും കാര്യമില്ല. സമാധാനത്തോടെ നന്നായി ഉറങ്ങി എണീറ്റാൽ മാത്രമേ പഠിച്ച കാര്യങ്ങൾ നന്നായി പ്രയോഗിക്കാൻ കഴിയുകയുള്ളൂ.കുട്ടികൾ പഠിക്കുന്ന സമയത്ത് രക്ഷിതാക്കൾ  ടെലിവിഷൻ, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം കഴിവതും കുറയ്ക്കുക. കുട്ടിയോടൊപ്പം ഇരിക്കുക. ആവശ്യമായ പിന്തുണ നൽകുക. പഠനത്തിനിടയിൽ ആവശ്യമായ മാനസികോല്ലാസത്തിന് അവസരം നൽകുന്ന ചില (പുസ്തക വായന, ക്രാഫ്റ്റ് വർക്ക്‌, ചിത്രരചന,സംഗീതം ആസ്വദിക്കൽ )ഇടവേളകൾ നൽകേണ്ടതുമാണ്.പഠിച്ചകാര്യങ്ങൾ ഓർമയിൽ വരാനും, അത് പ്രയോഗിക്കാനും ശാന്തമായ മനസ്സ് അനിവാര്യമാണെന്ന ചിന്ത ഒന്നു കൂടി ഓർമിപ്പിച്ചു കൊണ്ട് നല്ലൊരു ദിനം ആശംസിക്കുന്നു. 

     
Share it:

Parenting

Post A Comment:

0 comments: