രാമായണത്തിലെ കഥാപാത്രങ്ങൾ - ശ്രീരാമൻ 2

Share it:

അയോദ്ധ്യയിലേക്ക് ദശരഥാദികൾ മടങ്ങും വഴി വിദേഹരാജ്യവും കടന്ന് ഭാർഗ്ഗവാശ്രമപരിസരത്തെത്തി.പെട്ടെന്ന് ആ ഘോഷയാത്ര തടഞ്ഞു നിർത്തിക്കൊണ്ട് സാക്ഷാൽ പരശുരാമൻ കുദ്ധനായി അവരുടെ മുന്നിൽ നിന്നു .അതിനു കാരണം മറ്റൊന്നല്ല. പരശുരാമൻ്റെ ഗുരുവായ ശിവൻ്റെ വില്ലൊടിച്ചു ശ്രീരാമൻ എന്നതാണ് ! ശ്രീരാമൻ്റെ അനുനയ വാക്കുകളൊന്നും ചെവിക്കൊള്ളാൻ തയ്യാറാവാതിരുന്ന ഭാർഗ്ഗവരാമൻ തൻ്റെ തപ: ഫലം ലക്ഷ്യമാക്കി വൈഷ്ണവ ചാപം തൊടുക്കാൻ ശ്രീരാമനെ വെല്ലുവിളിച്ചു. സൗമ്യനായി ശ്രീരാമൻ അപ്രകാരം ചെയ്തതിൽ സന്തുഷ്ടനായ പരശുരാമൻ സ്വന്തം വൈഷ്ണവവും തേജസ്സും ശ്രീരാമനിൽ സമർപ്പിച്ച് തൻ്റെ അവതാരകാര്യം പൂർത്തിയാക്കി സ്ഥിരതപസ്സിനായി മടങ്ങി!
അയോദ്ധ്യയിലെത്തിയ ദശരഥൻ രാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ തീരുമാനിച്ചു.ഒരുക്കങ്ങളെല്ലാം പൂർത്തിയാകവെ ദാസിയായ മന്ഥരയുടെ ഗൂഡോദ്ദേശ്യപ്രകാരം കൈകേയി ദശരഥനോട് ഭരതനെ രാജാവാക്കണമെന്നും രാമനെ പതിനാലു വർഷം വനവാസത്തിനയക്കണമെന്നുമുള്ള രണ്ടു വരങ്ങൾ ആവശ്യപ്പെട്ടു. അതു കേട്ട ദശരഥൻ ബോധഹീനനായി നിലംപതിച്ചു. കൈകേയി മാതാവിൻ്റെ ആവശ്യമറിഞ്ഞ രാമൻ ജടാവത്കല ധാരിയായി വനത്തിലേക്കു പുറപ്പെട്ടു. സീതയും ലക്ഷ്മണനും അദ്ദേഹത്തെ അനുഗമിച്ചു. 
സീതാരാമലക്ഷ്മണന്മാരെ അനുയാത്ര ചെയ്തിരുന്ന സുമന്ത്രർ അയോദ്ധ്യയിലെത്തിയ ഉടനെ ദശരഥൻ പുത്ര ദു:ഖത്താൽ മരിച്ചു! കേകയ രാജ്യത്തായിരുന്ന ഭരത ശത്രുഘ്നന്മാർ അയോദ്ധ്യയിൽ തിരികെയെത്തി. കൊട്ടാരത്തിൽ സംഭവിച്ചതെല്ലാം മാതാവിൽ നിന്നും കേട്ടറിഞ്ഞ ഭരതൻ അസ്വസ്ഥനായി. ജ്യേഷ്ഠൻ്റെ കൂടെ വനവാസം ചെയ്യുവാൻ തീരുമാനിച്ച് കാഷായ വസ്ത്രം ധരിച്ചു. ശത്രുഘ്നനും അദ്ദേഹത്തെ അനുഗമിച്ചു.വസിഷ്ഠനും പരിവാരങ്ങളുമെല്ലാം അവരെ പിന്തുടരുന്നുണ്ടായിരുന്നു. ചിത്രകൂടത്തിൽ വച്ച് രാമനെ കണ്ട ഭരതൻ കൊട്ടാരത്തിലേക്ക് തിരികെയെത്തി രാജ്യഭരണം ഏറ്റെടുക്കാൻ രാമനോട് അപേക്ഷിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ശ്രീരാമ പാദുകങ്ങൾ വാങ്ങി തിരികെ പോയ ഭരതൻ കൊട്ടാരത്തിൽ പ്രവേശിക്കാതെ നന്ദിഗ്രാമത്തിൽ ഒരു ആശ്രമം കെട്ടി ആ പാദുകങ്ങളെ പൂജിച്ച് അവിടെ കഴിഞ്ഞു കൂടി.
ചിത്രകൂട പർവ്വതത്തിൽ നിന്നും തെക്കോട്ട് സഞ്ചരിച്ച രാമലക്ഷ്മണന്മാർ അത്രി മുനിയുടെ പുണ്യാശ്രമം സന്ദർശിച്ച് വഴിയിൽ സീതയെ അപഹരിക്കാൻ ശ്രമിച്ച വിരാധൻ എന്ന രാക്ഷസനേയും വധിച്ച ശേഷം കുമുദ വനത്തിലെത്തി.അവിടെ ശര ഭംഗ മഹർഷിയുടെ ആശ്രമം സന്ദർശിച്ച ശേഷം മൂവരും മൃണ്ഡക വനത്തിലെത്തി അഗസ്ത്യമഹർഷിയെ സന്ദർശിച്ചു.
രാവണാദികളായ രാക്ഷസ പരിഷകളെ നിഗ്രഹിച്ച് തപശ്ചര്യ സുഗമമാക്കിക്കൊള്ളാമെന്ന ശ്രീരാമൻ്റെ പ്രതിജ്ഞയിൽ സന്തുഷ്ടനായ അഗസ്ത്യമുനി വൈഷ്ണവ ചാപവും ബ്രഹ്മ ബാണവും ശൈവ തൂണീരവും ആവശ്വപ്പെടുമ്പോൾ സ്വയം വന്നുകിട്ടത്തക്കവണ്ണം നൽകി ശ്രീരാമനെ അനുഗ്രഹിച്ചു.കൂടാതെ മുനി സമ്മാനിച്ച ഒരു ദിവ്യാഭരണം ഭക്തി പുരസ്സരം സ്വീകരിച്ച ശ്രീരാമൻ അത് സീതയുടെ കഴുത്തിൽ ചാർത്തിക്കൊടുത്തു.തുടർന്ന് മൂവരും ദണ്ഡകാരണ്യത്തിലെ മഹാ ക്രൗഞ്ചപർവതത്തിൻ്റെ ശിഖരത്തിലെത്തി സമ്പാതിയുടെ സഹോദരനും ദശരഥൻ്റെ ബാല്യ സുഹൃത്തുമായ ജടായുവിനെ സന്ദർശിച്ച് അന്യോന്യ സഹായത്താൽ കഴിഞ്ഞുകൂടാമെന്ന തീരുമാനം കൈക്കൊണ്ടു. പിന്നീടവർ ഗോദാവരി തീരത്തെത്തി വിശ്രമിച്ച ശേഷം പഞ്ചവടിയിലെത്തി.
പഞ്ചവടിയിൽ ഒരു പർണ്ണശാല പണിയാനായി ലക്ഷ്മണൻ അടുത്തുള്ള ഒരു കരിന്താളിമരം വെട്ടി വീഴ്ത്തി.ഉടൻ തന്നെ ആ തടി അപ്രത്യക്ഷമാവുകയും ആ സ്ഥാനത്ത് ഒരു രാക്ഷസ യുവാവിൻ്റെ മൃതദേഹം കാണപ്പെടുകയും ചെയ്തു. അത് ശൂർപ്പണഖയുടെ പുത്രനായ ശംഭുകുമാരൻ്റെ മൃതദേഹമായിരുന്നു. സീതയുടെ രൂപലാവണ്യത്തിൽ മയങ്ങിപ്പോയ ശംഭുകുമാരൻ മറവിൽ നിന്നും സീതയെ കാണുന്നതിനായി ഒരു കരിന്താളി വൃക്ഷത്തിൻ്റെ രൂപത്തിൽ നിൽക്കുകയായിരുന്നു. ആ രാക്ഷസനെയാണ് ലക്ഷ്മണൻ വെട്ടിവീഴ്ത്തിയത് !
രാമാദികൾ പഞ്ചവടിയിൽ താമസിക്കുന്ന ഘട്ടത്തിൽ പാർവ്വതീപരമേശ്വരന്മാരുടെ ഒരു പരീക്ഷണവും അവർക്കു നേരെയുണ്ടായി.ഏതൊരു പരിതസ്ഥിതിയിലും സീത രാമനേയും, രാമൻ സീതയേയും തിരിച്ചറിയുമോ എന്നുള്ള അവരുടെ പരീക്ഷണത്തിൽ സീതാരാമന്മാർ വിജയിച്ചത് മഹേശ്വരനിൽ സന്തോഷമുളവാക്കി. മറ്റൊരു സന്ദർഭത്തിൽ രാമൻ തൻ്റെ വിവാഹാഭ്യർത്ഥന നിരസിച്ചതു കണ്ട ശൂർപ്പണഖ ലക്ഷ്മണനോട് തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവളുടെ ഇരു ചെവികളും കുജങ്ങളും മൂക്കും ഛേദിച്ച് അവളെ ലക്ഷ്മണൻ വിരൂപയാക്കി വിട്ടു. ശൂർപ്പണഖയുടെ അംഗ ഛേദവാർത്തയറിഞ്ഞ് രാമലക്ഷ്മണന്മാരെ നേരിടാൻ ഇറങ്ങിത്തിരിച്ച ഖരൻ, അയാളുടെ സഹോദരങ്ങളായ ദൂഷണൻ, ത്രിശിരസ്സ് തുടങ്ങി പതിനാലായിരം വരുന്ന രാക്ഷസപ്പടയെ രാമലക്ഷ്മണന്മാർ കാലപുരിക്കയച്ചു!

(നാളെ .. ശ്രീരാമൻ തുടരും)
എ.ബി.വി കാവിൽപ്പാട്
Share it:

Ramayanam

Post A Comment:

0 comments: