രാമായണത്തിലെ കഥാപാത്രങ്ങൾ - ശ്രീരാമൻ 3

Share it:

ഖര വധത്തിനു ശേഷം ദു:ഖിതയായ ശൂർപ്പണഖ ലങ്കയിൽച്ചെന്ന് രാവണനെ വിവരമെല്ലാം അറിയിച്ചു.രാമലക്ഷ്മണന്മാർ മഹാശൂരരാണെന്നും അവരോട് നേരിട്ടു യുദ്ധത്തിനൊരുങ്ങാതെ സീതയെ തട്ടിക്കൊണ്ടു വന്നാൽ ഭാര്യാ വിയോഗത്താൽ രാമൻ ദഹിച്ചു പോകുമെന്നും ഭാതൃമരണത്താൽ ലക്ഷ്മണൻ ജീവൻ സ്വയം ഒടുക്കുമെന്നും ശൂർപ്പണഖ കൂട്ടിച്ചേർത്തു.
അടുത്ത ദിവസം പഞ്ചവടിയിലെ പർണാശ്രമത്തിനു സമീപം ചാഞ്ചാടിക്കളിക്കുന്ന ഒരു പുള്ളിമാനെ കണ്ട സീതയ്ക്ക് ആ മൃഗത്തിൽ മോഹം ജനിച്ചു.അക്കാര്യം മനസിലാക്കിയ രാമൻ, ലക്ഷ്മണനെ സീതയുടെ സംരക്ഷണം ഏല്പിച്ച് അമ്പും വില്ലുമെടുത്ത് ആ മൃഗത്തെ അനുഗമിച്ചു.ഏറെ ശ്രമിച്ചിട്ടും അതിനെ ജീവനോടെ കൈയ്യിൽ കിട്ടില്ലെന്ന് ഉറപ്പായ രാമൻ മാനിൻ്റെ നേർക്ക് അമ്പയച്ചു.രാമബാണമേറ്റ ആ മൃഗം ഒരു രാക്ഷസരൂപം കെവരിച്ച് മല പോലെ നിലംപതിക്കുന്നതിനിടയിൽ ''ഹാ സീതേ, ലക്ഷ്മണാ ഒരു രാക്ഷസൻ എന്നെ കൊല്ലുന്നു .. ഓടി വന്ന് രക്ഷിക്കൂ" എന്ന് രാമ ശബ്ദത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞു.രാമബാണമേറ്റു പിടഞ്ഞു മരിച്ച ആ രാക്ഷസൻ രാവണൻ്റെ മാതുലനായ മാരീചനായിരുന്നു.രാവണൻ്റെ പ്രേരണയാൽ സീതാരാമലക്ഷ്മണന്മാരെ വഞ്ചിക്കാൻ മായാ മൃഗമായി പഞ്ചവടിയിൽ എത്തിയതായിരുന്നു മാരീചൻ.രാമൻ്റെ ദീനരോദനം പോലുള്ള ആ ശബ്ദം കേട്ട സീത ഏറെ നിർബ്ബന്ധിച്ച് ലക്ഷ്മണനെ ആ ദിക്കിലേക്ക് പറഞ്ഞു വിട്ടു. ലക്ഷ്മണൻ പോയതോടെ ഭിക്ഷ യാചിക്കാനെന്ന വ്യാജേന സന്യാസി വേഷത്തിൽ ആശ്രമത്തിലെത്തിയ രാവണൻ സീതയെ ബലം പ്രയോഗിച്ച് പുഷ്പകവിമാനത്തിൽ കയറ്റി ലങ്കയിലേക്കു പുറപ്പെട്ടു. വഴിക്ക് സീതയെ രക്ഷിക്കാനായി രാവണനോട് ഏറ്റുമുട്ടിയ ജടായു എന്ന പക്ഷി രാവണൻ്റെ വാളിന്നിരയായി നിലംപതിച്ച് ശ്രീരാമൻ്റെ ആഗമനവും പ്രതീക്ഷിച്ച് കഴിഞ്ഞുകൂടി! ആശ്രമത്തിൽ മടങ്ങിയെത്തിയ രാമലക്ഷ്മണന്മാർ സീതയെ കാണാതെ വിലപിച്ചു കൊണ്ട് വനത്തിലൂടെ നടക്കുമ്പോൾ ചിറകറ്റ് രാമനാമം ജപിച്ച് മരണത്തോട് മല്ലടിച്ചു കിടക്കുന്ന ജടായു എല്ലാ വിവരങ്ങളും രാമലക്ഷ്മണന്മാരെ അറിയിച്ച് സ്വശരീരം വെടിഞ്ഞ് വൈകുണ്ഠം പ്രാപിച്ചു.
സീതയെ അന്വേഷിച്ച് തെക്കോട്ടു സഞ്ചരിച്ച രാമലക്ഷ്മണന്മാർ കബന്ധനെന്ന അസുരൻ്റെ കയ്യിലകപ്പെട്ടു.ഇരുവരും ചേർന്ന് കബന്ധൻ്റെ ഇരു കൈകളും ഛേദിച്ചയുടൻ ഭയാനകമായ കബന്ധ രൂപം അപ്രത്യക്ഷമായി തൽസ്ഥാനത്ത് ഒരു ഗന്ധർവ്വ യുവാവ് പ്രത്യക്ഷനായി!കബന്ധനു മോക്ഷം നൽകിയ രാമലക്ഷ്മണന്മാർ പിന്നീടെത്തിയത് ശബര്യാശ്രമത്തിലാണ്.രാമലക്ഷ്മണന്മാരെ സ്വീകരിച്ച ശബരിയുടെ നിർവ്യാജമായ ഭക്തി കണ്ട് ശ്രീരാമൻ ശബരിക്കുമോക്ഷം നൽകിയ ശേഷം പമ്പയിലെത്തി സ്നാനം ചെയ്ത് ക്ഷീണം മാറ്റി. തുടർന്ന് അവരുടെ സഞ്ചാരം ഋശ്വമൂകാചലത്തിലൂടെ ആയിരുന്നു. ആ പർവ്വത മുകളിലായിരുന്നു സുഗ്രീവൻ്റെ വാസം .ഹനുമാനായിരുന്നു സുഗ്രീവൻ്റെ പ്രധാനമന്ത്രി.ദൂരെ നിന്നും വരുന്ന രാമലക്ഷ്മണന്മാരെ കണ്ട് അവർ ശത്രുക്കളോ മിത്രങ്ങളോ എന്നറിയാൻ സുഗ്രീവൻ ഹനുമാനെ നിയോഗിച്ചു.ഒരു ബ്രാഹ്മണ ബാലൻ്റെ വേഷം ധരിച്ച ഹനുമാൻ രാമലക്ഷ്മണന്മാരുടെ അടുത്തെത്തി കുശലങ്ങൾ അന്വേഷിച്ചു.അതു വരെയുള്ള അവരുടെ കഥകൾ കേട്ടറിഞ്ഞ ഹനുമാൻ സ്വന്തം രൂപം കൈവരിച്ച് രാമലക്ഷ്മണന്മാരെ തോളിൽക്കയറ്റി സുഗ്രീവ സന്നിധിയിലേക്കു കൊണ്ടു പോയി!
കിഷ്കിന്ധയിൽ നിന്നും സ്വന്തം ജ്യേഷ്ഠനായ ബാലി തന്നെ ആട്ടിപ്പായിച്ച കഥ സുഗ്രീവൻ ശ്രീരാമനെ ധരിപ്പിച്ചു. തൻ്റെ രാജ്യം വീണ്ടുകിട്ടാൻ സുഗ്രീവന് ബലവാനായൊരു ബന്ധു വേണം. അതുപോലെ സീതയെ വീണ്ടെടുക്കാൻ രാമനും ഒരു ബലവാനായ ബന്ധു വേണം.ബാലിയെ വധിച്ച് ഭാര്യയേയും രാജ്യത്തേയും സുഗ്രീവനു കൊടുക്കാമെന്ന് ശ്രീരാമനും സീതാദേവിയെ അന്വേഷിച്ചു കണ്ടു പിടിച്ച് രാമന് കൊടുക്കാമെന്ന് സുഗ്രീവനും പരസ്പരം ഏറ്റു കൊണ്ട് രാമ സുഗ്രീവന്മാർ സഖ്യത്തിലായി. ശ്രീരാമ ശക്തിയെക്കുറിച്ച് സംശയാലുവായ സുഗ്രീവന് തൻ്റെ ശക്തി തെളിയിച്ചു കൊടുക്കാൻ രാമൻ നിശ്ചയിച്ചു.ബാലി വധിച്ച ദുന്ദുഭി എന്ന രാക്ഷസൻ്റെ ഭീമാകാരമായ ശവശരീരം ഒരു അസ്ഥിക്കുന്നായി മാറി ആ പർവ്വതത്തിൽ കിടന്നിരുന്നത് രാമൻ തൻ്റെ ഇടത്തേ കാലിൻ്റെ തള്ളവിരൽ കൊണ്ട് തട്ടിത്തെറിപ്പിച്ച് വിദൂരത്തുള്ള ദക്ഷിണ സമുദ്രത്തിലേക്കു വീഴ്ത്തി ! എന്നിട്ടും തൃപ്തിയാവാതിരുന്ന സുഗ്രീവൻ്റെ സംശയം പാടെ മാറ്റാനായി അവിടെ നിന്നിരുന്ന ഏഴു മഹാമരങ്ങളെ ( സപ്ത സാലങ്ങൾ ) തൻ്റെ വില്ലിൽ നിന്നും ഒരു ബാണം തൊടുത്ത് വലതുകാലിലെ പെരുവിരൽ തറയിലുള്ള ഒരു കൽക്കഷ്ണത്തിൽ ഒന്നമർത്തി ഞാൺവലിച്ചു. ഫലമോ ആ ഏഴു മഹാവൃക്ഷങ്ങളും ഒരേ സമയം നിലംപതിക്കുക മാത്രമല്ല തൊടുത്ത ബാണം തിരികെ ആവനാഴിയിലേക്കു വരുകയുമുണ്ടായി! ശ്രീരാമ ശക്തി കണ്ട് സുഗ്രീവാദികൾ അമ്പരന്നു നിന്നു !

(നാളെ .. ശ്രീരാമൻ ... തുടരും)
എ.ബി.വി കാവിൽപ്പാട്
Share it:

Ramayanam

Post A Comment:

0 comments: