രാമായണത്തിലെ കഥാപാത്രങ്ങൾ - ശ്രീരാമൻ 4

Share it:

രാമലക്ഷ്മണന്മാരോടൊത്ത് ഋശ്യമൂകാചലത്തിൽ തിരിച്ചെത്തിയ സുഗ്രീവൻ സ്വന്തം ഗുഹയിൽ നിന്ന് ഒരു ആഭരണപ്പൊതിയെടുത്ത് ശ്രീരാമൻ്റെ മുന്നിൽ വച്ചു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആകാശവീഥിയിൽക്കൂടി തെക്കോട്ടു പോയ ഒരു വിമാനത്തിനുള്ളിൽ വിലപിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീയാണ് ഈ ആഭരണപ്പൊതി താഴോട്ട് ഇട്ടതെന്നുള്ള സുഗ്രീവൻ്റെ വാക്കുകൾ കേട്ട രാമൻ അവ സീതയുടെ ആഭരണങ്ങളാണെന്നു കണ്ട് കണ്ണീർ വാർത്തു. സുഗ്രീവനും ലക്ഷ്മണനും അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി.
അടുത്ത ദിവസം തന്നെ രാമലക്ഷ്മണന്മാരെ സുഗ്രീവൻ കിഷ്കിന്ധയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ബാലിയുടെ ഗുഹാ ദ്വാരത്തിൽ ചെന്ന സുഗ്രീവൻ ജ്യേഷ്ഠനെ പോരിനു വിളിച്ചു.ഇരുവരും തമ്മിൽ നടന്ന ശക്തമായ ദ്വന്ദയുദ്ധം ശ്രീരാമൻ മാറിനിന്ന് കണ്ടെങ്കിലും ബാലിസുഗ്രീവന്മാർ കാഴ്ചയിൽ ഒരു പോലെയിരിക്കുന്നതിനാൽ സുഗ്രീവനെ സഹായിക്കാനായില്ല. ആ യുദ്ധത്തിൽ തോറ്റു പിന്മാറേണ്ടി വന്ന സുഗ്രീവന് രാമനോട് അമർഷം തോന്നിയെങ്കിലും സത്യം രാമൻ ബോധ്യപ്പെടുത്തി.അടുത്ത ദിവസം യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ശ്രീരാമൻ സുഗ്രീവൻ്റെ കഴുത്തിൽ ഒരു പൂമാല അണിയിച്ചു.ബാലിസുഗ്രീവന്മാർ തമ്മിൽ വീണ്ടും കടുത്ത പോരാട്ടം നടക്കുന്ന വേളയിൽ ഒരു വൃക്ഷത്തിൻ്റെ മറവിൽ നിലയുറപ്പിച്ചിരുന്ന രാമൻ ബാലിയുടെ വിരിഞ്ഞ മാറിടത്തിലേക്ക് തൻ്റെ ശരമയച്ച് നിലംപതിപ്പിച്ചു! തൻ്റെ മുന്നിൽ രംഗ പ്രവേശം ചെയ്ത രാമനോട് ഒളിയമ്പെയ്തതിനെ അധിക്ഷേപിച്ച് ബാലി സംസാരിച്ചപ്പോൾ തന്നെ നേരിട്ടു കണ്ടാൽ ബാലി രാമഭക്തനായി തീരുമെന്നും ഭക്തന്മാരെ വധിക്കുന്നത് ധർമമല്ലാത്തതു കൊണ്ടാണ് താൻ ഒളിയമ്പ് എയ്തത് എന്നുമായിരുന്നു ശ്രീരാമൻ്റെ മറുപടി. സ്വന്തം ഭാര്യയായ താരയേയും പുത്രനായ അംഗദനേയും സുഗ്രീവനെ ഏല്പിച്ച ശേഷം ബാലി മോക്ഷം പ്രാപിച്ചു.രാജ്യാഭിഷേകത്തിനു വേണ്ട നിർദ്ദേശങ്ങൾ ലക്ഷ്മണനു നൽകിയ ശേഷം രാമൻ ഋശ്യമൂകാചലത്തിലെത്തി വിശ്രമിച്ചു, ഹനുമാനും ജാംബവാനും അഭിഷേകത്തിനു വേണ്ട കാര്യങ്ങളെല്ലാം ഒരുക്കിക്കഴിഞ്ഞപ്പോൾ രാമൻ്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ സുഗ്രീവനെ കിഷ്കിന്ധയിലെ മഹാരാജാവായും അംഗദനെ യുവരാജാവായും സുഗ്രീവ പത്നിയായ രുമയെ മഹാറാണിയായും താരയെ അമ്മ മഹാറാണിയായും വാഴിച്ച ശേഷം ഹനുമാനെ സുഗ്രീവൻ്റെ മന്ത്രിയായും നിയോഗിച്ചു.തുടർന്ന് ലക്ഷ്മണൻ രാമസന്നിധിയിലേക്കു മടങ്ങി.
നാലു മാസത്തെ മഴക്കാലത്തിനു ശേഷം ശരത്കാലം വന്നെത്തിയിട്ടും സുഗ്രീവൻ സീതാന്വേഷണത്തിനു വേണ്ട ഏർപ്പാടുകൾ ചെയ്യാതിരുന്നത് കണ്ട ലക്ഷ്മണൻ രാമൻ്റെ ഉപദേശമനുസരിച്ച് വിവരങ്ങളന്വേഷിക്കാൻ കിഷ്ക്കിന്ധയിലെത്തി.ലക്ഷ്മണൻ്റെ വരവത്ര പന്തിയല്ലെന്നു കണ്ട് ഭയന്ന വാനരന്മാർ സുഗ്രീവനുവേണ്ടി ക്ഷമ ചോദിച്ചു കൊണ്ട് സീതാന്വേഷണത്തിനു വേണ്ട ഏർപ്പാടുകൾ പൂർത്തിയാക്കി. എട്ടു ദിക്കിലേക്കും അനേക ലക്ഷം വീതമുള്ള വാനര സൈന്യത്തെ സീതാന്വേഷണത്തിനായി നിയോഗിച്ചു. പശ്ചിമ ദിക്കിലേക്ക് സുഷേണനേയും ഉത്തര ദിക്കിലേക്ക് ശതബലിയേയും പൂർവദിക്കിലേക്ക് വിനതനേയും ദക്ഷിണ ദിക്കിലേക്ക് അംഗദനേയും സൈന്യങ്ങളുടെ നായകരായി നിയമിച്ചു.പ്രധാന ലക്ഷ്യം ദക്ഷിണദിക്കായതുകൊണ്ട് ഏറെ വൈദഗ്ദ്ധ്യമുള്ള ഹനുമാൻ, ജാംബവാൻ, നളൻ, നീലൻ, വിവിദൻ, കുമുദൻ തുടങ്ങിയ വീരവാനരന്മാരെ ഓരോ കാര്യങ്ങൾക്കായി പ്രത്യേകമായും നിയമിച്ചു.ലക്ഷ്മണ സുഗ്രീവന്മാരുടെ നിഷ്ക്കർഷ അനുസരിച്ച് ഹനുമാൻ്റെ നേതൃത്വത്തിൽ വാനരപ്പട സീതാന്വേഷണത്തിനായി പുറപ്പെട്ടു.രാമൻ്റെ അനുഗ്രഹം വാങ്ങാനായി ചെന്ന ഹനുമാനോട് സീതയെ സമീപിക്കുന്നത് രാമദൂതൻ തന്നെയാണെന്ന് ദേവിക്കു ബോധ്യം വരാനായി മൂന്ന് അടയാളവാക്യങ്ങൾ ശ്രീരാമൻ ഹനുമാന് പറഞ്ഞു കൊടുത്തു.കൂടാതെ ഒരു മുദ്ര മോതിരവും നൽകി യാത്രയാക്കി.
തെക്കോട്ടു യാത്രചെയ്ത ഹനുമാൻ, അംഗദൻ, ജാംബവാൻ തുടങ്ങിയവർ എല്ലാ കാടും മേടും അരിച്ചുപെറുക്കിക്കൊണ്ട് മഹേന്ദ്രഗിരിയിൽ എത്തിച്ചേർന്നു. അതിൻ്റെ തെക്കുവശത്തിറങ്ങിയപ്പോൾ അത് തെക്കേസമുദ്രത്തിൻ്റെ തീരമായി. ഇനിയും തെക്കോട്ട് സഞ്ചരിക്കാനാവില്ല.' സീതയെ കണ്ടെത്താതെ തിരികെച്ചെന്നാൽ സുഗ്രീവൻ വധിക്കും. അതിലും ഭേദം ആ കടൽക്കരയിൽ കിടന്നു മരിക്കുന്നതാണ് നല്ലതെന്നു കരുതി മഹേന്ദ്രതലത്തിലെ മൈതാനത്തിൽ ദർഭവിരിച്ച് മരണശയനം ആരംഭിച്ചു.അതിനടുത്തുള്ള ഗുഹയിൽ പാർക്കുന്ന സമ്പാതി എന്ന പക്ഷിവീരൻ തീറ്റ കിട്ടാതെ വിശന്നുവലഞ്ഞും ചിറകില്ലാതെ പറക്കാൻ കഴിയാതെയുമിരിക്കെ തൻ്റെ ഗുഹാമുഖത്തിനു മുന്നിൽ നിരന്നു കിടക്കുന്ന വാനരന്മാരെ ഭക്ഷിക്കാമെന്നു കരുതി പുറത്തേക്കു വന്നു. സമ്പാതിയുടെ ആഗ്രഹം മനസിലാക്കിയ വാനരന്മാർ സ്വന്തം ജന്മത്തെ പഴിച്ച്, ശത്രുവിനോടു പോരാടി മരണമടഞ്ഞ ജടായുവിനെ സ്തുതിച്ച് കണ്ണടച്ചു കിടന്നു ! ജടായു എന്ന പേരുകേട്ട സമ്പാതി വാനരന്മാരെ ഉപദ്രവിക്കാൻ നില്ക്കാതെ അവരുമായി കുശലപ്രശ്നത്തിലേർപ്പെട്ടു. എല്ലാ കഥകളും വാനരന്മാരിൽ നിന്നും കേട്ടറിഞ്ഞ സമ്പാതി തൻ്റെ അനുജനാണ് ജടായുവെന്ന് പറയുകയും സ്വന്തം കഥ അവരെ ധരിപ്പിക്കുകയുമുണ്ടായി.തുടർന്ന് വാനരന്മാരുടെ സഹായത്തോടെ ജടായുവിൻ്റെ ശേഷക്രിയ പൂർത്തിയാക്കിയ സമ്പാതി ഉടലൊന്നു നിവർത്തി തലയുയർത്തി കടലിലേക്ക് തൻ്റെ ദൃഷ്ടി പായിച്ചു.ദക്ഷിണ സമുദ്രത്തിൻ്റെ ഉള്ളിലായുള്ള സുരബല പർവ്വതം, അതിൻ്റെ ഉന്നതതലത്തിലുള്ള ലങ്കയിലെ രാവണരാജധാനി, അന്ത:പുരത്തിനു സമീപമുള്ള അശോകവനം, അതിലെ ഉദ്യാനത്തിലെ ശിംശപാവൃക്ഷം, അതിൻ്റെ ചുവട്ടിൽ ഇരിക്കുന്ന സീതാദേവി.. ഇങ്ങനെ താൻ കണ്ടെത്തിയ കാഴ്ചകളെല്ലാം വാനരന്മാരെ അപ്പപ്പോൾ അറിയിച്ചു.അത്ഭുതമെന്നു പറയട്ടെ..അതോടെ സമ്പാതിയുടെ ആരോഗ്യവും വീണ്ടുകിട്ടി!

(നാളെ .. ശ്രീരാമൻ .. തുടരും)
എ.ബി.വി കാവിൽപ്പാട്
Share it:

Ramayanam

Post A Comment:

0 comments: