രാമായണത്തിലെ കഥാപാത്രങ്ങൾ - ശ്രീരാമൻ 1

Share it:

6.ശ്രീരാമൻ 

രാക്ഷസരാജാവും ലങ്കാപതിയുമായ രാവണനെ നിഗ്രഹിക്കാനായി ശിവനും ബ്രഹ്മാവും അഭ്യർത്ഥിച്ചതനുസരിച്ച് മഹാവിഷ്ണു കൈക്കൊണ്ട ഏഴാമത്തെ അവതാരമാണ് സാക്ഷാൽ ശ്രീരാമൻ. അയോദ്ധ്യാരാജാവായ ദശരഥൻ്റെ പുത്രനായാണ് ഭൂമിയിൽ രാമൻ അവതരിച്ചത്.കൗസല്യയായിരുന്നു മാതാവ്.രാമനെക്കൂടാതെ ദശരഥന് കൈകേയിയിൽ ഭരതനും സുമിത്രയിൽ ലക്ഷ്മണ ശത്രുഘ്നന്മാരും മക്കളായി ജനിച്ചു. അയോദ്ധ്യയിൽ വളർന്ന നാലു സഹോദരന്മാർക്കും സാഹോദര്യം സമമാണെങ്കിലും രാമലക്ഷ്മണന്മാർ തമ്മിലും ഭരത ശത്രുഘ്നന്മാർ തമ്മിലുമായിരുന്നു ഏറെ മൈത്രീബന്ധം.
അക്കാലത്ത് സർവ്വജനസംതൃപ്തി ലക്ഷ്യമാക്കി വിശ്വാമിത്ര മഹർഷി നടത്തിവന്നിരുന്ന യാഗം താടകയുടെ പുത്രന്മാരായ മാരീചൻ, സുബാഹു എന്നീ രാക്ഷസന്മാർ സംഘം ചേർന്നു വന്നു മുടക്കുകയുണ്ടായി.രാമനു മാത്രമേ ആ രാക്ഷസന്മാരെ വകവരുത്താനാവൂ എന്നുമനസിലാക്കിയ വിശ്വാമിത്രൻ അയോദ്ധ്യയിലെത്തി ദശരഥനോട് കാര്യങ്ങൾ അവതരിപ്പിച്ചു.ബാലനായ രാമനെ യുദ്ധത്തിനയക്കാൻ മടിയുണ്ടായിട്ടും വിശ്വാമിത്രൻ്റെ വാക്കുകൾ ധിക്കരിക്കുന്നത് ദോഷം ചെയ്യുമെന്നുള്ള വസിഷ്ഠൻ്റെ ഉപദേശം കണക്കിലെടുത്ത് ദശരഥൻ രാമനെ വിശ്വാമിത്ര നോടൊപ്പം വനത്തിലേക്കയച്ചു.ലക്ഷ്മണനും ജ്യേഷ്ഠനെ അനുഗമിച്ചു.
യാത്രാവേളയിൽ വിശ്വാമിത്ര മഹർഷി രാമലക്ഷ്മണന്മാർക്ക് പലപൂർവ്വ കഥകളും പറഞ്ഞു കൊടുത്തു. സരയൂ നദി, അനേകം ഋഷികവാടങ്ങൾ, ശിവൻ സമാധിയിലിരിക്കേ തൻ്റെ നിഷ്ഠക്കു ഭംഗം വരുത്തിയ കാമനെ ചുട്ടു കരിച്ച സ്ഥലമായ കാമാശ്രമം ഇവയെല്ലാം കടന്ന് മൂവരും പാലവനത്തിൽ വിശ്രമിക്കാനിരുന്നു. വിശപ്പും ദാഹവും കൊണ്ടു തളർന്ന രാമലക്ഷ്മണന്മാർക്ക് പൈദാ ഹത്തളർച്ച ഉണ്ടാകാതിരിക്കാൻ ശക്തിവിശേഷമുള്ള ബല, അതിബല എന്നീ രണ്ടു മന്ത്രങ്ങൾ വിശ്വാമിത്ര മഹർഷി അവർക്ക് ഉപദേശിച്ചു കൊടുത്തു.കൂടാതെ അപൂർവ്വങ്ങളായ ചില ദിവ്യശസ്ത്രങ്ങളും ഇരുവർക്കും ഉപദേശിച്ചു കൊടുത്ത മഹർഷി രാമനുമാത്രമായി ജ്യംഭകാസ്ത്രമെന്ന വിശേഷപ്പെട്ട ഒരു ദിവ്യാസ്ത്രം കൂടി ഉപദേശിക്കുകയുണ്ടായി.
പാലവനത്തിൽ കഴിയുന്ന താടകയുടെ കഥ വിശ്വാമിത്രൻ പറയുന്നതിനിടയിൽ അവിടെ വന്നെത്തിയ ഘോര രൂപിണിയായ താടകയെ ഒറ്റ ബാണം പ്രയോഗിച്ച് രാമൻ കഥകഴിച്ചു. താടകയുടെ ആത്മാവ് ഒരു ഗന്ധർവ്വ സുന്ദരിയായി ദേവലോകത്തേക്കു പോയി!
താടകാവധത്തിനു ശേഷം വിശ്വാമിത്രൻ്റെ യാഗം തടസ്സപ്പെടുത്താനെത്തിയ സുബാഹു എന്ന രാക്ഷസനെ രാമൻ വധിച്ചു. ഭയന്നോടിയ മാരീചൻ സമുദ്രത്തിലൊളിച്ചു. ബാക്കിയുള്ള രക്ഷസ്സുകളെയെല്ലാം ലക്ഷ്മണൻ ഓടിച്ചു വിട്ടു. മടങ്ങും വഴിയിൽ ജനക മഹാരാജാവിൻ്റെ പുത്രിയായ സീതയുടെ സ്വയംവരം നടക്കുന്ന വിവരമറിഞ്ഞ മഹർഷി രാമലക്ഷ്മണന്മാരേയും കൂട്ടി അങ്ങോട്ടു പുറപ്പെട്ടു.കാടുകളും മേടുകളും താണ്ടിയുള്ള ആ യാത്രയിൽ പാലാഴി മഥനം, ഗംഗാവതരണം തുടങ്ങി നിരവധി കഥകൾ മുനി അവർക്ക് പറഞ്ഞു കൊടുത്തു.തുടർന്ന് ഗൗതമാശ്രമത്തിൽ എത്തിയപ്പോൾ ഗൗതമൻ്റെയും അഹല്യയുടേയും കഥ വിശ്വാമിത്രനിൽ നിന്നും കേട്ടറിഞ്ഞ രാമൻ ഗൗതമ ശാപത്താൽ ശിലയായ അഹല്യക്ക് സ്വന്തം പാദസ്പർശത്താൽ മോക്ഷം നൽകി. ശാപമോക്ഷം ലഭിച്ച അഹല്യ ദേവിയായി ആകാശത്തിലേക്കുയർന്നു.
വിശ്വാമിത്ര മഹർഷിയോടൊപ്പം ജനക മഹാരാജാവിൻ്റെ കൊട്ടാരത്തിൽ രാമലക്ഷ്മണന്മാർ എത്തി. ജനകൻ്റെ മകളായ സീത കൂടാതെ ജനകൻ്റെ അനുജനായ കുശധ്വജൻ്റെ പുത്രിമാരായ മാണ്ഡ വി ,ഊർമ്മിള, ശ്രുതകീർത്തി എന്നീ നാലു യുവതികൾ ആ കൊട്ടാരത്തിലുണ്ടായിരുന്നു. രാമനും ലക്ഷ്മണനും സന്തത സഹചാരികളായിരുന്നതു പോലെ സീതയും ഊർമിളയും എപ്പോഴും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അതുപോലെ മാണ്ഡവിയും ശ്രുതകീർത്തിയും പ്രത്യേക സ്നേഹിതകളായും! ശൈവ ചാപം കുലച്ചൊടിച്ച് ശ്രീരാമൻ സീതയെ വിവാഹം കഴിച്ചു.ജനകൻ നൽകിയ വിവരമനുസരിച്ച് ദശരഥൻ മക്കളും ഭാര്യമാരും പരിവാരങ്ങളോടും കൂടി മിഥിലയിലെത്തി.ഭരതൻ മാണ്ഡവിയേയും ലക്ഷ്മണൻ ഊർമ്മിളയേയും ശത്രുഘ്നൻ ശ്രുതകീർത്തിയേയും വിവാഹം ചെയ്തു. കുറച്ചു കാലം മിഥിലയിൽ കഴിഞ്ഞ ശേഷം ദശരഥാദികൾ അയോദ്ധ്യയിലേക്കും വിശ്വാമിത്രൻ ഹിമാലയത്തിലേക്കും മടങ്ങി !

(നാളെ .. ശ്രീരാമൻ തുടരും...)
എ.ബി.വി കാവിൽപ്പാട് 

Share it:

Ramayanam

Post A Comment:

0 comments: