രാമായണത്തിലെ കഥാപാത്രങ്ങൾ - കൗസല്യ, കൈകേയി, സുമിത്ര

Share it:

3. കൗസല്യ 
ഉത്തര കോസല രാജാവിൻ്റെ പുത്രിയായ കൗസല്യയാണ് ദശരഥൻ്റെ ആദ്യ ഭാര്യ. ദശരഥന് കൗസല്യയിൽ ശാന്ത എന്നൊരു പുത്രി ജനിച്ചുവെങ്കിലും ആ പുത്രിയെ അംഗരാജാവായ തൻ്റെ മിത്രം ലോമപാദന് ദത്തുപുത്രിയായി നൽകി. പുത്രകാമേഷ്ടി യാഗശേഷം ഗർഭിണിയായ കൗസല്യ രാമന് ജന്മം നൽകി.ദശരഥന് മൂന്നു ഭാര്യമാർ ഉണ്ടായിരുന്നെങ്കിലും പട്ടമഹിഷി സ്ഥാനം എന്നും കൗസല്യക്കായിരുന്നു.

4.കൈകേയി 
കേകയരാജാവിൻ്റെ പുത്രിയും യുധാജിത്തിൻ്റെ സഹോദരിയുമായ കൈകേയിയെ അപുത്രത്വം പരിഹരിക്കാനാണ് ദശരഥൻ രണ്ടാമതായി വിവാഹം ചെയ്യുന്നത്.  പണ്ട് ദേവാസുര യുദ്ധത്തിൽ ഇന്ദ്രനെ സഹായിക്കാനായി ദശരഥൻ കൈകേയിയോടൊപ്പമാണ് രഥത്തിൽ കയറി ദേവലോകത്തു ചെന്നത്. മായാവിയായ ശംബരനോട് ഒരേസമയം ദശരഥൻ പത്തു ദിക്കിലേക്ക് അഭിമുഖമായി നിന്നുകൊണ്ട് അടരാടി. ഇങ്ങനെ പല ദിക്കിലേക്കും മാറി മാറി രഥം ഉപയോഗപ്പെടുത്തിയപ്പോൾ ഉണ്ടായ ഉലച്ചിലിൽ അച്ചുതണ്ടിൻ്റെ ചാവി അഥവാ കീലകം ഇളകി ഊരിപ്പോകാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട കൈകേയി സ്വന്തം കൈകൾ കൊണ്ട് ചാവി അതിൻ്റെ സ്ഥാനത്ത് തള്ളിയിട്ട് അമർത്തിപ്പിടിച്ച് തേരിനു കേടുപറ്റാതെ സംരക്ഷിച്ചു വന്നു. തൻ്റെ പ്രിയ പത്നിയുടെ ഈ സാഹസ സഹായം ദശരഥൻ ആ സമയം അറിഞ്ഞിരുന്നില്ല. യുദ്ധാനന്തരം കാര്യങ്ങൾ മനസിലാക്കിയ ദശരഥൻ അഭിനന്ദന പൂർവ്വം കൈകേയിക്ക് രണ്ടു ഇഷ്ട വരങ്ങൾ വാഗ്ദാനം ചെയ്തു. എന്നാൽ കൈകേയി ആവട്ടെ ആ രണ്ടു വരങ്ങളും തത്കാലം ഇപ്പോൾ ആവശ്യമില്ലെന്നും വേണ്ടിവന്നാൽ ആവശ്യപ്പെടുന്ന സമയത്ത് അവ തന്നാൽ മതിയെന്നും ദശരഥനെ അറിയിച്ചു.അസുരന്മാരെ നിഗ്രഹിച്ച് ഇരുവരും ദേവലോകത്തു നിന്നും അയോദ്ധ്യയിലേക്കു തിരിച്ചു.
പുത്രകാമേഷ്ഠിയാഗം നടത്തുക വഴി ദശരഥന്  കൈകേയിയിൽ ഭരതൻ പുത്രനായി ജനിച്ചു. 
വർഷങ്ങൾ കഴിഞ്ഞ് മൂത്ത പുത്രനായ രാമനെ അയോദ്ധ്യയിലെ യുവരാജാവായി അഭിഷേകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ അയോദ്ധ്യയിൽ ആരംഭിച്ചു.ആ സമയം കൈകേയിയുടെ ദാസിമാരിൽ ഒരാളായ മന്ഥര അന്ത:പുരത്തെത്തി ശ്രീരാമനെ വനവാസത്തിനയച്ച് ഭരതനെ രാജാവാക്കാനുള്ള കുതന്ത്രങ്ങൾ ഉപദേശിച്ചു. ആദ്യം കൈകേയി ഇക്കാര്യം നിരസിച്ചെങ്കിലും തുടർച്ചയായുള്ള മന്ഥരയുടെ പ്രേരണയ്ക്ക് വശംവദയായി ദു:ഖം അഭിനയിച്ചു കിടന്നു.കൈകേയിയുടെ അവസ്ഥയറിഞ്ഞ ദശരഥൻ അന്ത:പുരത്തിലെത്തി കാരണം തിരക്കി. അതൊരു അവസരമാക്കിയ കൈകേയി പണ്ട് ഇന്ദ ലോകത്തു വച്ച് ദശരഥൻ വാഗ്ദാനം ചെയ്തിരുന്ന രണ്ടു വരങ്ങൾ യാചിച്ചു.ആദ്യ വരം രാമനെ യുവരാജാവായി വാഴിക്കാൻ ചെയ്ത സജ്ജീകരണങ്ങൾ കൊണ്ട് തൻ്റെ പുത്രനായ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യിക്കണമെന്നതായിരുന്നു. രണ്ടാമത്തെ വരമായി ജടാവൽക്കലധാരിയായി രാമൻ പതിനാലു വർഷക്കാലം വനവാസം നടത്തണമെന്നതുമായിരുന്നു. രണ്ടാമത്തെ ആഗ്രഹം കൂടി കേട്ടപ്പോൾ ദശരഥൻ ആകെ തകർന്നു പോയെങ്കിലും സത്യത്തിൽ നിന്നും വ്യതിചലിക്കാതിരിക്കാനായി അദ്ദേഹം കൈകേയിയുടെ രണ്ട് ആഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കുകയായിരുന്നു.

5. സുമിത്ര 
കൈകേയിയെ ദ്വിതീയ പത്നിയായി സ്വീകരിച്ചിട്ടും സന്താന വിഹീനനായി കഴിയേണ്ടി വന്ന ദശരഥൻ അല്പം പ്രത്യാശയോടു കൂടി കാശിരാജകുമാരിയും സുശീലയുമായ സുമിത്ര എന്ന കന്യകയെക്കൂടി പരിഗ്രഹിച്ചു.ദശരഥ പത്നിയായ സുമിത്ര പുത്രകാമേഷ്ടിയാഗം കഴിഞ്ഞ് കൗസല്യയും കൈകേയിയും തങ്ങൾക്കു ലഭിച്ച പായസത്തിൻ്റെ പകുതി വീതം നൽകിയിരുന്നത് ഭക്ഷിച്ചതിൻ്റെ ഫലമായി ഗർഭം ധരിക്കുകയും ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ രണ്ടു പുത്രന്മാർക്ക് ജന്മം നൽകുകയും ചെയ്തു.
(നാളെ .. ശ്രീരാമൻ )
എ.ബി.വി കാവിൽപ്പാട് 
Share it:

Ramayanam

Post A Comment:

0 comments: