ദേവാംശസംഭവനായ പ്രസിദ്ധ വാനരൻ.സാക്ഷാൽ ശ്രീ പരമേശ്വരനാണ് ഹനുമാൻ്റെ യഥാർത്ഥ പിതാവ്.ഒരിക്കൽ ശിവപാർവ്വതിമാർ വാനര രൂപത്തിൽ ലീലകളിലേർപ്പെട്ട വേളയിൽ പാർവ്വതി ഗർഭിണിയായി. ഒരു കുരങ്ങൻ്റെ അമ്മയാവാൻ പാർവ്വതിക്കു മനസ്സില്ലായിരുന്നു. അതു മനസിലാക്കിയ ശിവൻ തൻ്റെ യോഗശക്തികൊണ്ട് പാർവ്വ തിയുടെ ഗർഭസ്ഥിതനായ ശിശുവിനെ വായു ഭഗവാനു നൽകി.സന്തുഷ്ടനായ വായു ആ ഗർഭവും പേറി നാനാദിക്കിലും സഞ്ചരിച്ചു.ഗർഭം പരിപക്വമായപ്പോൾ അത് അഞ്ജന എന്ന വാനര സ്ത്രീയിൽ നിക്ഷേപിച്ചു. അങ്ങനെ അഞ്ജന പ്രസവിച്ച കുഞ്ഞാണ് ഹനുമാൻ. അഞ്ജന പണ്ട് ബൃഹസ്പതിയുടെ ദാസിയായ പുഞ്ജികസ്ഥല എന്ന ഒരു വിദ്യാധരിയായിരുന്നു. ഒരിക്കൽ ആശ്രമ ആവശ്യത്തിലേക്ക് പൂ പറിക്കാൻ പോയ അവൾ അക്കാര്യം നിർവ്വഹിക്കാതെ അന്യരുടെ ലീലാവിലാസങ്ങൾ കണ്ട് ആകൃഷ്ടയായി തിരികെ വന്നതിൽ കുപിതനായ ബൃഹസ്പതി അവളെ ശപിച്ച് വാനരസ്ത്രീ ആക്കി. ഈ രൂപത്തിൽ ഇഷ്ടമുള്ള ആളോടൊപ്പം കുറേക്കാലം കഴിയുന്നതിനിടയിൽ ശിവചൈതന്യത്തിൽ നിന്ന് അവൾക്കൊരു കുഞ്ഞു പിറക്കുന്നതോടെ പൂർവ്വ രൂപത്തേക്കു മടങ്ങി വരാമെന്ന ശാപമോക്ഷവും നൽകി. പുഞ്ജികസ്ഥല വാനര രൂപിണിയായി അഞ്ജന എന്ന പേരിൽ അഞ്ജന വനത്തിൽ കഴിയവെ കേസരി എന്ന സുന്ദരനായ വാനരയുവാവിനെ അവൾ ഭർത്താവായി സ്വീകരിച്ചു.
ശിവനിൽ നിന്ന് തനിക്ക് സന്താനമുണ്ടാകാനായി അഞ്ജന ശിവഭജനം ആരംഭിച്ച ഘട്ടത്തിലാണ് പാർവ്വതിക്ക് വാനര രൂപമായ ഗർഭമുണ്ടായതും ആ ഗർഭം അഞ്ജനയിൽ വായു നിക്ഷേപിച്ചതും. അഞ്ജനയുടെ ഗർഭത്തിൽ കിടന്ന ശിശുവിന് ബാലിയിൽ നിന്നും പല പീഡകളും അനുഭവിക്കേണ്ടി വന്നു. ശിവ ബീജസന്തതി വളർന്നാൽ തൻ്റെ വാനരാധിപത്യം നഷ്ടപ്പെട്ടു പോകുമെന്നു ഭയന്ന ബാലി നാരദൻ്റെ ഉപദേശപ്രകാരം ശിശുമാരണ വിദ്യ പ്രയോഗിച്ചു.അതിനായി പഞ്ചലോഹമുരുക്കി ജല രൂപത്തിലാക്കിയ ബാലി ആ ദ്രാവകം അഞ്ജനയുടെ ഉദരത്തിലേക്ക് കടത്തിവിട്ടു.പക്ഷേ ബാലിയുടെ തന്ത്രം വിഫലമാക്കിക്കൊണ്ട് ആ പഞ്ചലോഹദ്രാവകം ഗർഭസ്ഥ ശിശുവിന് കർണ്ണാഭരണമായി പരിണമിച്ചു! അതിനാൽ കർണ്ണാഭരണങ്ങളോടെയായിരുന്നു ഹനുമാൻ്റെ ജനനം.ശിവചൈതന്യമുള്ള ഹനുമാൻ്റെ ജനനത്തോടെ അഞ്ജന ശാപവിമുക്തയായി. തന്നെ വിട്ടു പിരിഞ്ഞ് ഉടനെ സ്വർഗത്തിലേക്കു മടങ്ങാനൊരുങ്ങിയ മാതാവിനോട് ഉണ്ണിക്കുരങ്ങ് തൻ്റെ ഭാവിഗതി എന്താണെന്നും ജീവിത വ്യത്തിക്കുള്ള വഴി എന്തെന്നും ചോദിച്ചു.ഉണ്ണിക്കുരങ്ങിന് ഒരിക്കലും നാശമുണ്ടാകില്ലെന്നും ഉദയ സൂര്യനെപ്പോലെ പഴുത്തു നില്ക്കുന്ന ഫലങ്ങൾ അവന് ആഹാരമായിരിക്കുമെന്നും പറഞ്ഞ് അഞ്ജന പൂർവ്വരൂപം പ്രാപിച്ച് സ്വർഗ്ഗത്തിലേക്കു മടങ്ങി! അമ്മയുടെ വാക്കുകൾ വിശ്വസിച്ച ഉണ്ണിക്കുരങ്ങൻ ചുവന്നു തുടുത്ത് തിളങ്ങി വിളങ്ങുന്ന സൂര്യബിംബം കണ്ട് അത് തനിക്കുള്ള ഭക്ഷണമാണെന്ന ചിന്തയാൽ ഒറ്റച്ചാട്ടത്തിന് സൂര്യബിംബത്തിനടുത്തെത്തി.അവിടെ സൂര്യനേക്കാൾ വലുതായി രാഹു നിൽക്കുന്നതു കണ്ട് അതിൻ്റെ നേർക്കു കുതിച്ചു. അപ്പോഴാണ് ഐരാവതത്തെ കാണാനിടയായത്. താമസമുണ്ടായില്ല; ഉണ്ണിക്കുരങ്ങൻ ഐരാവതത്തെ ഭക്ഷണമാക്കാനൊരുങ്ങി.തൻ്റെ വാഹനമായ ഐരാവതത്തെ വിഴുങ്ങാൻ പാഞ്ഞടുക്കുന്ന കുട്ടിക്കുരങ്ങൻ്റെ നേർക്ക് ഇന്ദ്രൻ വജ്രായുധം പ്രയോഗിച്ചു.വജ്രായുധത്താൽ താടിയിൽ മുറിവേറ്റ കുരങ്ങൻ അവശനിലയിൽ ഭൂമിയിലേക്കു പതിച്ചു. തൻ്റെ കുഞ്ഞ് മുറിവേറ്റ് നിലംപതിക്കുന്നതായി കണ്ട വായു ഭഗവാൻ വർദ്ധിച്ച സങ്കടത്തോടെ പുത്രവാത്സല്യത്താൽ കുട്ടിക്കുരങ്ങനേയും എടുത്തു കൊണ്ട് പാതാളത്തിലേക്കു പോയി! ഭൂമിയിൽ നിന്നും വായു വേർപെട്ടതോടെ സർവ്വ ചരാചരങ്ങൾക്കും സ്തംഭനാവസ്ഥയായി. ജീവജാലങ്ങൾ ശ്വാസം മുട്ടി മരിക്കുമെന്ന നിലയിലായതു കണ്ട ബ്രഹ്മാദിദേവകൾ പാതാളത്തിൽ ചെന്ന് വായു വിനെ സമാധാനപ്പെടുത്തി. വായുപുത്രൻ്റെ ശക്തിയെ അഭിനന്ദിച്ച ദേവന്മാർ വജ്രായുധം ഹനു അഥവാ താടിയിൽ തട്ടി ക്ഷതമുദ്ര പതിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ഉണ്ണിക്കുരങ്ങിന് ഹനുമാൻ എന്ന് നാമകരണവും ചെയ്തു! ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർക്കു പുറമെ ഇന്ദ്രൻ, അഗ്നി, കാലൻ, മറ്റു ദേവന്മാർ ഓരോരുത്തരും ഹനുമാനെ മാറിമാറി അനുഗ്രഹിച്ചു.ഗരുഡനിൽ കവിഞ്ഞ കായബലം ഉണ്ടാവട്ടെയെന്ന് ബ്രഹ്മാവും ആത്മാവിലും അധികമായ വേഗത ഹനുമാനിൽ ഉണ്ടാവട്ടെ എന്ന് വായു ഭഗവാനും വീണ്ടും അനുഗ്രഹിക്കുകയുണ്ടായി.
(നാളെ .. ഹനുമാൻ.. തുടരും)
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: