രാമായണത്തിലെ കഥാപാത്രങ്ങൾ - ഹനുമാൻ.. 2

Share it:

ശിവശക്തിയാൽ ഹനുമാന് ഉടൻ തന്നെ കൗമാരം കൈവന്നു.വിദ്യാഭ്യാസം ചെയ്യുവാൻ മോഹിച്ച ഹനുമാൻ നാലു വേദവും ആറ് ശാസ്ത്രവും പഠിക്കുന്നതിന് സൂര്യനെ ഗുരുവായ് മനസാ വരിച്ചു.തുടർന്ന് സൂര്യഭഗവാൻ്റെ അടുക്കലെത്തി തന്നെ വേദശാസ്ത്രങ്ങൾ പഠിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.ഹനുമാനെ ശിഷ്യനാക്കുന്നതിൽ തനിക്ക് സമ്മതമാണെങ്കിലും തൻ്റെ തേരിലിരുന്ന് പഠിക്കുന്ന ബാലഖില്യന്മാർ അവരുടെ കൂട്ടത്തിലിരുത്തി പഠിക്കാൻ ഹനുമാനെ അനുവദിക്കുകയില്ലെന്നും സൂര്യൻ പറഞ്ഞപ്പോൾ " ഞാൻ അങ്ങയുടെ മുന്നിൽ നിന്നു പഠിച്ചോളാം" എന്നായിരുന്നു ഹനുമാൻ്റെ മറുപടി. സൂര്യൻ ശിഷ്യനായി സ്വീകരിച്ച ഹനുമാൻ കൈകളിൽ ഗ്രന്ഥം മലർത്തിപ്പിടിച്ചു കൊണ്ട് സൂര്യനോടൊപ്പം നടന്നു നടന്ന് പഠനം ആരംഭിച്ചു. സകല ശ്രദ്ധകളും ഗുരുമുഖത്ത് കേന്ദ്രീകരിച്ചു കൊണ്ട് ശൂന്യാകാശത്തിൽ സൂര്യന് അഭിമുഖമായി പുറകോട്ട് സൂര്യ ഗതിക്കൊപ്പം അതിവേഗത്തിൽ സഞ്ചരിച്ചു കൊണ്ട് ഹനുമാൻ കേവലം അറുപതുനാഴികയ്ക്കുള്ളിൽ സകലവേദശാസ്ത്രങ്ങളും മന:പാഠമാക്കി.തുടർന്ന്‌ ഗുരുദക്ഷിണയായി താൻ എന്താണ് നൽകേണ്ടതെന്ന് ചോദിച്ച ഹനുമാനോടായി സൂര്യദേവൻ ഇപ്രകാരം പറഞ്ഞു;"ഭൂമിയിൽ എൻ്റെ പുത്രനായ സുഗ്രീവൻ ബാലിയുമൊന്നിച്ച് കിഷ്ക്കിന്ധയിൽ കഴിയുന്നുണ്ട്‌. ബാലിയുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവെ ദുർബലനായ സുഗ്രീവൻ്റെ മന്ത്രിയും സന്തത സഹചാരിയുമായി നടന്ന് നീ അവനെ സഹായിക്കണം." അപ്രകാരം ചെയ്യാമെന്നേറ്റ ഹനുമാൻ ഗുരുവിനെ വണങ്ങി വനത്തിലെത്തി സുഗ്രീവൻ്റെ സന്തത സഹചാരിയായി കഴിഞ്ഞുകൂടി.
സീതാന്വേഷണത്തിനായി സുഗ്രീവൻ നിയോഗിച്ച വാനരപ്പടയുടെ നേതൃത്വം ഹനുമാനായിരുന്നു. സീതയെ സമീപിക്കുന്നത് രാമദൂതൻ തന്നെയാണെന്ന് സീതയ്ക്ക് ബോദ്ധ്യം വരാനായി മൂന്ന് അടയാളവാക്യങ്ങൾ ശ്രീരാമൻ ഹനുമാന് പറഞ്ഞു കൊടുത്തു.കൂടാതെ ഒരു മുദ്ര മോതിരവും ഹനുമാനെ ഏല്പിച്ചു.സമ്പാതിയിൽ നിന്നും സീത ലങ്കയിലുണ്ടെന്നു മനസിലാക്കിയതോടെ ഒരാൾ സമുദ്രം ചാടിക്കടക്കണമെന്ന് അംഗദൻ അഭിപ്രായപ്പെട്ടതനുസരിച്ച് പലരും ശ്രമിച്ചെങ്കിലും ഹനുമാനാണ് പരീക്ഷണത്തിൽ വിജയിച്ചത്. ഒറ്റച്ചാട്ടം കൊണ്ട് മഹേന്ദ്രഗിരിയുടെ മുകൾപ്പരപ്പിൽ ചെന്നു നിന്ന ഹനുമാൻ അവിടെ നിന്നും ഒന്നുകൂടിച്ചാടി കൈകളും കാലുകളും പരത്തി, തലയും വാലും ഉയർത്തി, കണ്ണും കരളും വിടർത്തി മുമ്പോട്ടു സഞ്ചരിച്ചു. യാത്രയ്ക്കിടയിൽ നാഗ മാതാവായ സുരസ വായും പിളർന്നു നിന്ന് ഹനുമാനെ വിഴുങ്ങിയെങ്കിലും സുരസയുടെ ചെവിയിലൂടെ പുറത്തേക്കു വന്ന ഹനുമാൻ തൻ്റെ യാത്ര തുടർന്നു.കുറച്ചുദൂരം കൂടി ചെന്നപ്പോൾ ഛായാഗ്രഹണി എന്ന ദുർഭൂതം ഹനുമാൻ്റെ വഴിമുടക്കി.ഒട്ടും സമയം കളയാതെ തൻ്റെ ഇടതുകാൽ കൊണ്ട് ആ ദുർഭൂതത്തെ ഒറ്റച്ചവിട്ടിനു കൊന്നശേഷം മാരുതി യാത്ര തുടർന്നു.ഏറെ നേരം യാത്ര ചെയ്തു ക്ഷീണിച്ച ഹനുമാന് അല്പം വിശ്രമിക്കാനായി കടലിൽ നിന്നും ഉയർന്നുവന്ന മൈനാക പർവ്വതം ഇരിപ്പിടവും ഭക്ഷിക്കാൻ ഫലമൂലാദികളും നൽകി. ക്ഷീണമകറ്റിയ ഹനുമാൻ മൈനാകത്തോട് യാത്ര പറഞ്ഞ് സന്ധ്യയായപ്പോൾ ലങ്കയിലെത്തിച്ചേർന്നു.അവിടെ വച്ച് തന്നെ തടഞ്ഞ ലങ്കാലക്ഷ്മിയെ ഹനുമാൻ പരാജയപ്പെടുത്തി. ബ്രഹ്മാവിനാൽ ശപിക്കപ്പെട്ട വിജയലക്ഷ്മി എന്ന ആ ലങ്കാലക്ഷ്മിക്ക് അതോടെ ശാപമുക്തി കൈവന്നു.പിന്നീട് ഹനുമാൻ അശോക വൃക്ഷത്തറയിൽ രാക്ഷസികളാൽ ചുറ്റപ്പെട്ടിരിക്കുന്ന സീതാദേവിയെ ദർശിച്ചു. വൃക്ഷത്തിൻ്റെ മുകളിൽ നിലയുറപ്പിച്ചിരുന്നതിനാൽ ഹനുമാനെ മറ്റാരും കണ്ടതുമില്ല.രാത്രിയായപ്പോൾ രാക്ഷസിമാർ കൂട്ടമായി കിടന്നുറങ്ങി.ഏകാകിനിയായ സീത ഭൂതകാലജീവിതത്തെപ്പറ്റി പലതും പറഞ്ഞ് ദു:ഖിക്കുനത് കേട്ട ഹനുമാൻ സീത പറഞ്ഞ കഥയുടെ ബാക്കി ഭാഗം താനവിടെ എത്തുന്നതു വരെയുള്ളതെല്ലാം ഒന്നൊഴിയാതെ ശിംശപാവൃക്ഷ ശിഖരത്തിലിരുന്ന് സീതയെ കേൾപ്പിച്ചു.കഥ പറയുന്ന ആളെ കണ്ടെത്താൻ അമ്പരപ്പോടെ വൃക്ഷത്തിൻ്റെ മുകളിലേക്ക് സീത കണ്ണോടിക്കുന്നതു കണ്ട ഹനുമാൻ താഴേയ്ക്കിറങ്ങി വന്ന് മുദ്രമോതിരം സീതയുടെ കാൽക്കൽ വച്ചു വണങ്ങി. സംഗതികളെല്ലാം വിവരിച്ചു കേൾപ്പിച്ച ഹനുമാൻ, സീത അനുവദിക്കുന്ന പക്ഷം ദേവിയെ തൻ്റെ തോളിൽക്കയറ്റി രാമസന്നിധിയിൽ എത്തിക്കാം അല്ലാത്തപക്ഷം തിരികെച്ചെന്ന് രാമാദികളെ വിളിച്ചു കൊണ്ടുവന്ന് യുദ്ധത്തിൽ രാവണനെ പരാജയപ്പെടുത്തി ദേവിയെ കൊണ്ടു പോകാമെന്നും ഹനുമാൻ ഏറ്റു .തൻ്റെ ശക്തിയിൽ സീതക്കു വിശ്വാസം വരാനായി തൻ്റെ അവയവങ്ങൾ ഗിരി സാനുക്കൾ പോലെയും കൈകൾ മഹാവൃക്ഷം പോലെയും മസ്തകം കൊടുമുടി പോലെയും വാല് മഹാനദി പോലെയും രോമങ്ങൾ ചെറു വൃക്ഷങ്ങൾ പോലെയും ശ്വാസവായു കൊടുങ്കാറ്റുപോലെയുമാക്കി നിലകൊണ്ടു.തുടർന്ന് ദിഗന്തങ്ങൾ പൊട്ടുമാറുള്ള ഹനുമാൻ്റെ അട്ടഹാസം കേട്ട് ലങ്കാവാസികളെല്ലാം ഞെട്ടിയുണർന്നു!

(നാളെ .. ഹനുമാൻ.. തുടരും)
എ.ബി.വി.കാവിൽപ്പാട്
Share it:

Ramayanam

Post A Comment:

0 comments: