രാമായണത്തിലെ കഥാപാത്രങ്ങൾ - ഹനുമാൻ - 3

Share it:

ഹനുമാനിൽ പൂർണവിശ്വാസം വന്ന സീത രാമനോട് പറയാനായി മൂന്ന് അടയാളവാക്യങ്ങൾ പറഞ്ഞു കൊടുത്തതിനു പുറമെ തൻ്റെ ചൂഡാമണിയും ഹനുമാനെ ഏല്പിച്ചു. സീതയോട് വിടവാങ്ങിയ ഹനുമാൻ ലങ്കാനഗരി ഒന്ന് ചുറ്റിക്കാണാൻ തീരുമാനിച്ചു.രാവണൻ്റെ അരമനയിൽ എത്തിയ അദ്ദേഹം രാക്ഷസ ശക്തിയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു. ഇനി രാവണനെ അഭിമുഖമായി കണ്ട് താൻ വന്ന വിവരം അറിയിക്കാനും പറ്റുമെങ്കിൽ കുറച്ച് ധർമ്മോപദേശം നൽകണമെന്നും മനസ്സിൽ ഉറപ്പിച്ച ഹനുമാൻ രാവണോദ്യാനം നശിപ്പിച്ചു തുടങ്ങി. എതിർപ്പുമായി വന്ന രാക്ഷസരെയെല്ലാം തല്ലിയോടിക്കുകയും കുറേപ്പേരെ വധിക്കുകയും ചെയ്തു. രാവണപുത്രനായ മേഘനാദൻ (ഇന്ദ്രജിത്ത് ) വിവരമറിഞ്ഞെത്തി ഹനുമാനെ നേരിട്ടു.ഇന്ദ്രജിത്ത് പ്രയോഗിച്ച ബ്രഹ്മാസ്ത്രത്തിനു മുന്നിൽ വായുപുത്രനായ ഹനുമാൻ വഴങ്ങിക്കൊടുത്തു. രാക്ഷസന്മാർ ഹനുമാനെ ബന്ധിച്ച് രാവണ സന്നിധിയിലെത്തിച്ചു.തൻ്റെ കെട്ടുകളഴിച്ച ഹനുമാൻ സ്വന്തം വാല് നീട്ടിനീട്ടി വളച്ചു വളച്ച് മേൽക്കുമേൽ ചേർത്ത് രാവണ സിംഹാസനത്തേക്കാൾ ഉയർന്ന ഒരു ഇരിപ്പിടമുണ്ടാക്കി അതിലിരുന്നു! ഹനുമാൻ തൻ്റെ വരവിൻ്റെ ഉദ്ദേശ്യം രാവണനെ അറിയിച്ചു.കോപിഷ്ഠനായ രാവണൻ ഹനുമാനെ ചിത്രവധം ചെയ്യാനുള്ള കല്പന പുറപ്പെടുവിച്ചപ്പോൾ ദൂത വധം മാതൃഹത്യയേക്കാൾ നികൃഷ്ടമാണെന്നു പറഞ്ഞ് താത്വികനായ വിഭീഷണൻ രാവണനെ അതിൽ നിന്നും പിന്തിരിപ്പിച്ചു. ഒടുവിൽ ഹനുമാൻ്റെ വാലിൽ തീ കൊളുത്തി ആർത്തുഘോഷിച്ചു കൊണ്ട് അവഹേളിക്കാൻ രാവണൻ രാക്ഷസന്മാരോട് കല്പിച്ചു. താമസമുണ്ടായില്ല; രാക്ഷസന്മാർ ഹനുമാൻ്റെ വാലിൽ തുണി ചുറ്റിത്തുടങ്ങി.അതിനനുസരിച്ച് മാരുതി തൻ്റെ വാൽ നീട്ടിക്കൊണ്ടുമിരുന്നു. വാലിൽ ചുറ്റാൻ തുണി തികയാതെ വന്ന രാക്ഷസർ ഒടുവിൽ എണ്ണയൊഴിച്ച് ഹനുമാൻ്റെ വാലിൽ തീകൊളുത്തി! ഉടൻ തന്നെ മേല്പോട്ടുചാടിയ ഹനുമാൻ ലങ്കാനഗരത്തിൽ സാർവ്വത്രികമായ അഗ്നിനാശം വരുത്തി.ആയിടയിലും വിഭീഷണ മന്ദിരത്തിനും സീതയിരിക്കുന്ന ശിംശപാവൃക്ഷ പരിസരത്തും നാശമുണ്ടാവാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.ലങ്കാദഹനത്തിനു ശേഷം വാലിലെ തീ കടലിൽ അടിച്ചു കെടുത്തിയ ഹനുമാൻ സീതയോട് വീണ്ടും അനുവാദം ചോദിച്ച് കടൽ ചാടി മഹേന്ദ്രഗിരിയിൽ തിരിച്ചെത്തി.ഹനുമാനിൽ നിന്നും വിവരങ്ങളെല്ലാം മനസിലാക്കിയ രാമലക്ഷ്മണന്മാരും സുഗ്രീവനും വാനരപ്പടയോടു കൂടി ലങ്കയിലേക്കു പുറപ്പെട്ടു.
യുദ്ധത്തിൻ്റെ ഒരു ഘട്ടത്തിൽ മേഘപടലത്തിൽ മറഞ്ഞു നിന്ന് മേഘനാദൻ പ്രയോഗിച്ച ബ്രഹ്മാസ്ത്രമേറ്റ് ലക്ഷ്മണനും സുഗ്രീവാദികളും ബോധമറ്റ് നിലംപതിച്ചു.മരിച്ചു കിടക്കുന്ന ലക്ഷ്മണനേയും സുഗ്രീവാദികളേയും ജീവിപ്പിക്കാൻ ജാംബവാൻ പറഞ്ഞതനുസരിച്ച് മൃതസഞ്ജീവനിക്കായി ഹനുമാൻ ഹിമാലയത്തിലേക്കു പറന്നു.അടുത്ത പ്രഭാതത്തിനു മുമ്പുതന്നെ ഹനുമാൻ തിരിച്ചെത്തി.വേണ്ട ഔഷധം ഏതെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ ശല്യകരണി, വിശല്യകരണി, സന്ധാനകരണി, മൃതസഞ്ജീവനി എന്നീ നാല് ഔഷധങ്ങളും വളർന്നു നിന്ന ഒരു കൊടുമുടി തന്നെ കുത്തിയടർത്തിക്കൊണ്ടായിരുന്നു ഹനുമാൻ്റെ വരവ്.അതിൽ നിന്നും മൃതസഞ്ജീവനി തിരിച്ചറിഞ്ഞ ജാംബവാൻ ലക്ഷ്മണ സുഗ്രീവാദികളെയെല്ലാം പുനരുജ്ജീവിപ്പിച്ചു! യുദ്ധത്തിൻ്റെ മറ്റൊരു ഘട്ടത്തിൽ ഹനുമാൻ പാതാള രാവണനെ വധിച്ച് അയാളുടെ ഏകപുത്രനായ സുമാലിയെ പാതാള രാജാവായി അഭിഷേകം നടത്തുകയുമുണ്ടായി. രാവണവധം നിർവ്വഹിച്ച് വനവാസം പൂർത്തിയാക്കി അയോദ്ധ്യയിലെത്തിയ ശ്രീരാമൻ രാജ്യഭാരം ഏറ്റെടുത്തു. രാമാവതാരം സമ്പൂർണമായി ദർശിച്ച ശേഷം പടുവൃദ്ധനായിത്തീർന്ന ഹനുമാൻ തുടർന്നുള്ള കാലം കദളീവനത്തിൽ കഴിഞ്ഞു കൂടി.ആ ഘട്ടത്തിൽ സൗഗന്ധികപുഷ്പം തേടി അവിടെയെത്തിയ ഭീമസേന നേയും ഹനുമാൻ പരാജയപ്പെടുത്തുകയുണ്ടായി !!

(നാളെ .. ജാംബവാൻ)
എ.ബി.വി കാവിൽപ്പാട്
Share it:

Ramayanam

Post A Comment:

0 comments: