രാമായണത്തിലെ കഥാപാത്രങ്ങൾ - ബാലി 2

Share it:

സുഗ്രീവനോടുള്ള ബാലിയുടെ പ്രതികാരബുദ്ധി അനുദിനം വർദ്ധിച്ചു വന്നു. നിത്യവും പ്രഭാതത്തിൽ ബാലി നാലു സമുദ്രതീരങ്ങളിലും ചെന്ന് തീർത്ഥസ്നാനങ്ങളും നാമജപങ്ങളും നിർവ്വഹിച്ച് അല്പസമയത്തിനുള്ളിൽ കിഷ്ക്കിന്ധയിൽ മടങ്ങിയെത്തുക പതിവായിരുന്നു. ഓരോ ദിക്കിൽ നിന്നും മറ്റൊരു ദിക്കിലേക്ക് ചാടുന്ന അവസരത്തിൽ ഓരോരോ ചാട്ടത്തിലും ഋശ്യമൂകാചലത്തിലിരിക്കുന്ന സുഗ്രീവൻ്റെ തലയിൽ ഊക്കിൽ ഓരോ ചവിട്ടു കൊടുത്ത് കുതിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേർന്നിരുന്നത്! അക്കാലത്ത് ഹനുമാനായിരുന്നു സുഗ്രീവൻ്റെ മന്ത്രി.പതിവായി ബാലി നടത്തിയിരുന്ന ഈ ദ്രോഹപ്രവർത്തനത്തിൽ മനംനൊന്ത സുഗ്രീവനെ ഈ വിഷമതയിൽ നിന്നും രക്ഷിക്കാൻ ഹനുമാൻ തീർച്ചയാക്കി. അടുത്ത ദിവസം സുഗ്രീവൻ്റെ തലയിൽ ചവുട്ടി ബാലി കിഷ്ക്കിന്ധയിലേക്ക് ചാടാൻ തുടങ്ങിയ ഉടൻ ഹനുമാൻ ബാലിയുടെ അരക്കെട്ടിൽ പിടികൂടി. ഋശ്യമൂകാചലം ബാലികേറാമലയാകയാൽ വല്ലവിധത്തിലും ബാലിയെ പിടിച്ചിഴച്ച് താഴെയിടാൻ കഴിഞ്ഞാൽ അയാളുടെ തല പൊട്ടിത്തെറിച്ച് മരണം വരിക്കുമെന്നായിരുന്നു ഹനുമാൻ്റെ കണക്കുകൂട്ടൽ.എന്നാൽ ബാലിയാകട്ടെ ഈ സന്ദർഭം മുതലാക്കി ഹനുമാനേയും കൊണ്ട് കിഷ്ക്കിന്ധയിലേക്കു കടന്നാൽ സുഗ്രീവനെ നശിപ്പിക്കുന്ന കാര്യം എളുപ്പമാകുമല്ലോ എന്നാണ് ചിന്തിച്ചത്.പക്ഷേ ഇരുവരും തുല്യ ശക്തിയുള്ളവരായതിനാൽ ബാലിയെ വലിച്ചു താഴെയിടുന്നതിന് ഹനുമാനോ ഹനുമാനേയും കൊണ്ട് കിഷ്ക്കിന്ധയിലേക്കു നീങ്ങാൻ ബാലിക്കോ കഴിഞ്ഞില്ല. പരുങ്ങലിലായ ഇരുവരും തമ്മിൽ ഒരു സഖ്യം ചെയ്തു. ഇനിമേൽ സുഗ്രീവനെ ദ്രോഹിക്കയില്ലെന്ന് ബാലിയും ബാലിയെ ദ്രോഹിക്കയില്ലെന്ന് ഹനുമാനും സത്യം ചെയ്തായിരുന്നു ആ സഖ്യം .തുടർന്ന് ഇരുവരും പിടിവിട്ട് അവരവരുടെ സ്ഥലങ്ങളിലേക്കു പോയി. അതോടെ സുഗ്രീവൻ ഋശ്യമൂകാചലത്തിലും ബാലി വാനരരാജാവായി കിഷ്ക്കിന്ധയിലും സ്വൈര്യമായി പാർത്തു വന്നു.
ബാലിക്ക് മുഖാമുഖമായി നില്ക്കുന്ന എതിരാളിയുടെ പകുതി ശക്തി കൂടി ലഭിക്കുമെന്നൊരു വരം സിദ്ധിച്ചിരുന്നു.അതു കൊണ്ടു തന്നെ സർവ്വദിക്കുകളേയും ജയിച്ചടക്കിയ ബാലി ഏകഛത്രാധിപതിയായി വാണു.ബാലിയെ ഏതുവിധേനയും ഒതുക്കണമെന്ന് രാവണൻ്റെ മനസ്സിൽ ഒരു മോഹം. അതിനായി ഒരു നാൾ രാവണൻ കിഷ്ക്കിന്ധയുടെ പരിസരത്തെത്തി. വിവരമറിഞ്ഞ ബാലിയുടെ മന്ത്രിയായ താരൻ രാവണൻ്റെ അടുക്കലെത്തി ബാലിയോട് ഏറ്റുമുട്ടുന്നത് അപകടമാണെന്നും അതിനാൽ തിരിച്ചു പോകണമെന്നും അറിയിച്ചു.എങ്കിൽ ബാലിയെ വധിച്ചിട്ടു തന്നെ കാര്യമെന്ന്‌ രാവണനും നിശ്ചയിച്ചു.പ്രഭാതവന്ദനത്തിനായി ബാലി സമുദ്രതീരത്തു വരുമ്പോൾ പുറകിൽക്കൂടി ചെന്ന് വധിക്കാമെന്ന് രാവണൻ മനസ്സിൽ കണക്കു കൂട്ടി.അടുത്ത പ്രഭാതത്തിൽ പൂർവ്വ സമുദ്രതീരത്തു ചെന്നിരുന്ന് ബാലി നാമജപം തുടങ്ങിയ അവസരത്തിൽ ശബ്ദമുണ്ടാക്കാതെ രാവണൻ ബാലിയുടെ പുറകിൽ ചെന്ന് കുത്തിയിരിപ്പായി. വാലിൽ പിടിച്ചടിച്ച് നിഷ്പ്രയാസം ബാലിയുടെ കഥ കഴിക്കാമെന്നായിരുന്നു രാവണൻ്റെ വ്യാമോഹം.തൻ്റെ പുറകിൽ രാവണൻ വന്നിരിക്കുന്ന കാര്യം ബാലി അറിഞ്ഞിരുന്നെങ്കിലും അക്കാര്യം ഭാവിക്കാതെ തികച്ചും അലക്ഷ്യമായ മട്ടിൽ തൻ്റെ നീളമേറിയ വാൽ രാവണൻ്റെ ശരീരത്തിലേക്ക് എറിഞ്ഞു കൊടുത്തു.മാത്രമല്ല, വാൽ രാവണ ശരീരത്തിലൂടെ നെടുകെയും കുറുകെയും വലിച്ച് ആ രാക്ഷസരാജനെ ഒരു വിറകു കെട്ടുപോലെ ബന്ധിച്ച ശേഷം ബാലി ആകാശത്തിലേക്ക് ഊക്കിലൊരു ചാട്ടം. ക്ഷണനേരം കൊണ്ട് എല്ലാ സമുദ്രതീരങ്ങളിലും തൻ്റെ പ്രഭാതവന്ദനം നിർവ്വഹിച്ച് ബാലി ഒന്നുമറിയാത്തവനെപ്പോലെ കിഷ്ക്കിന്ധയിൽ തിരിച്ചെത്തി! ബാലിയുടെ വാലിൽ കുടുങ്ങിക്കിടക്കുന്ന രാവണനെക്കണ്ട് കിഷ്ക്കിന്ധ വാസികളെല്ലാം ആർത്തുചിരിച്ചു. നാണക്കേടുകൊണ്ട് തല കുനിച്ച രാവണൻ ബാലിയോട് അടിയറവു പറഞ്ഞ് സഖ്യം ചെയ്ത ശേഷം ലങ്കയിലേക്കു തിരിച്ചു.
സീതയെ അന്വേഷിച്ച് വനത്തിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന രാമലക്ഷ്മണന്മാരെ കണ്ട ഹനുമാൻ അവരെ സുഗ്രീവ സന്നിധിയിലെത്തിച്ചു. അവിടെ വച്ച് രാമസുഗ്രീവന്മാർ ഒരു സഖ്യം ചെയ്തു.ബാലിയെ വധിച്ച് ബാലിയാൽ അപഹരിക്കപ്പെട്ട സുഗ്രീവ ഭാര്യയെ തിരിച്ചേല്പിച്ച് സുഗ്രീവനെ കിഷ്ക്കിന്ധയിലെ രാജാവായി അഭിഷേകം ചെയ്യിക്കുക. അതിന് പ്രത്യുപകാരമായി സീതയെ വീണ്ടെടുക്കാൻ സുഗ്രീവാദികൾ രാമലക്ഷ്മണന്മാരെ സഹായിക്കും. ഇതായിരുന്നു രാമസുഗ്രീവ സഖ്യത്തിലെ വ്യവസ്ഥകൾ. അതു പ്രകാരം ശ്രീരാമനും സുഗ്രീവനും കൂടി ബാലിയെ നേരിടാൻ കിഷ്ക്കിന്ധയിൽ ചെന്നു.ബാലിസുഗ്രീവന്മാർ തമ്മിൽ മുഷ്ടിയുദ്ധം നടക്കുമ്പോൾ രാമൻ അമ്പെയ്ത് ബാലിയെ കൊല്ലാമെന്നായിരുന്നു തീരുമാനം.അതുപ്രകാരം സുഗ്രീവൻ ബാലിയെ പോരിനു വിളിച്ചു.കോപത്തോടെ പുറത്തേക്കു വന്ന ബാലി, സുഗ്രീവനുമായി മുഷ്ടിയുദ്ധത്തിലേർപ്പെട്ടു.ബാലിസുഗ്രീവന്മാർ ഇരുവരും കാഴ്ചയിൽ ഒരു പോലെയിരിക്കുന്നതിനാൽ ശ്രീരാമന് ആ ഘട്ടത്തിൽ ബാലിയെ വധിക്കാനായില്ല. അടുത്ത ദിവസത്തെ പോരാട്ടത്തിനു മുമ്പായിരാമൻ, സുഗ്രീവൻ്റെ കഴുത്തിൽ ഒരു മാലയണിയിച്ചു.തുടർന്നു നടന്ന മുഷ്ടി യുദ്ധത്തിനിടയിൽ രാമബാണ മേറ്റ് ബാലി നിലംപതിക്കുന്നതിനു മുമ്പായി ശ്രീരാമനെ ദയനീയമായി ഒന്നു നോക്കിക്കൊണ്ട് പറഞ്ഞു;" അയോദ്ധ്യാരാജനായ അങ്ങ് ഒളിച്ചു നിന്ന് അമ്പയച്ചത് ഒട്ടും ശരിയായില്ല!" അതു കേട്ട ശ്രീരാമൻ ബാലിയുടെ അടുക്കൽ ചെന്ന് ഇപ്രകാരം മറുപടി നൽകി." അല്ലയോ ബാലീ, അങ്ങെന്നെ നേരിൽക്കണ്ടാൽ എൻ്റെ ഭക്തനായിത്തീരും. ഭക്തനെ വധിക്കുന്നത് അധർമ്മമാണ്. മാത്രമല്ല അങ്ങ് രാവണൻ്റെ മിത്രമാകയാൽ അങ്ങയെ വധിക്കാതിരുന്നാൽ അത് രാവണനു സഹായകമാവും. അങ്ങ് സുഗ്രീവൻ്റെ ഭാര്യയെ അപഹരിച്ചത് ധർമ്മ ലംഘനമല്ലേ? ഈ വക കാരണങ്ങളാൽ അങ്ങയെ വധിക്കേണ്ടത് എൻ്റെ നിലയ്ക്കും സുഗ്രീവൻ്റെ രക്ഷയ്ക്കും ലോക സംരക്ഷണത്തിനും ധർമ്മ പാലനത്തിനും അനിവാര്യമാണ്!"
ശ്രീരാമവാക്കുകൾ കേട്ട ബാലി, താരയേയും അംഗദ നേയും രാമനെ ഏല്പിച്ച ശേഷം അന്ത്യശ്വാസം വലിച്ചു !!

(നാളെ .. സുഗ്രീവൻ)
എ.ബി.വി കാവിൽപ്പാട്
Share it:

Ramayanam

Post A Comment:

0 comments: