രാമായണത്തിലെ കഥാപാത്രങ്ങൾ - ബാലി 1

Share it:

ഇന്ദ്രപുത്രനായ ബാലി ശക്തനായ ഒരു വാനര രാജാവാണ്. സൂര്യൻ്റെ തേരാളിയായ അരുണൻ ഒരിക്കൽ ദേവലോകത്തുള്ള ദേവസ്ത്രീകളുടെ ന്യത്തം കാണാൻ ആഗ്രഹിച്ചു.പുരുഷന്മാർക്ക് അവിടെ പ്രവേശനമില്ലാത്തതിനാൽ അരുണൻ സ്ത്രീരൂപം ധരിച്ചാണ് അവിടെ ചെന്നത്.ദേവസ്ത്രീകളുടെ മദ്ധ്യത്തിൽ അതിസുന്ദരിയായ ഒരു പുതുമുഖത്തെ കണ്ട് വികാര പരവശനായ ഇന്ദ്രൻ രഹസ്യമായി അവളുമായി രമിച്ചു. അങ്ങനെ ജനിച്ച പുത്രനായിരുന്നു ബാലി !അവിടെ നിന്നും തിരികെ വന്നപ്പോൾ അരുണൻ കണ്ടത് തൻ്റെ തേരാളിയെ കാണാതെ കോപിഷ്ഠനായി നിൽക്കുന്ന സൂര്യനെയായിരുന്നു. ഭയവിഹ്വലനായ അരുണൻ സംഭവിച്ചതെല്ലാം ഒന്നൊഴിയാതെ സൂര്യനെ അറിയിച്ചു.കഥകളെല്ലാം അറിഞ്ഞ സൂര്യന് അരുണൻ്റെ സ്ത്രീരൂപം തനിക്കും കാണണമെന്നായി. വീണ്ടും സ്ത്രീരൂപം കൈവരിച്ച അരുണനെ കണ്ട് സൂര്യനും വികാര പരവശനായി അവളെ പ്രാപിച്ചു.അതിൻ്റെ ഫലമായി ജനിച്ച പുത്രനാണ് സുഗ്രീവൻ.ബാലിസുഗ്രീവന്മാർ ഇരുവരും ഗൗതമ മുനിയുടെ ആശ്രമത്തിൽ അഹല്യയുടെ സംരക്ഷണത്തിൽ വളർന്നു വന്നു.
അക്കാലത്ത് കിഷ്ക്കിന്ധ ഭരിച്ചിരുന്നത് ഋക്ഷരജസ്സ് എന്ന വാനര രാജാവായിരുന്നു. തനിക്ക് പുത്രഭാഗ്യമില്ലാത്തതിൽ ദു:ഖിതനായ അദ്ദേഹം ഇന്ദ്രനെ അഭയം പ്രാപിച്ചപ്പോൾ ഗൗതമാശ്രമത്തിലെത്തിയ ഇന്ദ്രൻ ബാലിസുഗ്രീവന്മാരെ ഋക്ഷരജസ്സിനെ ഏല്പിച്ചു.പാലാഴിമഥന വേളയിൽ യുദ്ധത്തിനു വന്ന രാക്ഷസ വർഗ്ഗത്തെ ബാലി പരാജയപ്പെടുത്തിയതിൽ സന്തുഷ്ടരായ ദേവന്മാർ പാൽക്കടലിൽ നിന്നുത്ഭവിച്ച താരയെ ബാലിക്കു സമ്മാനമായി നൽകി.ഭാര്യ യായി സ്വീകരിച്ച താരയിൽ ബാലിക്കു പിറന്ന വീരപുത്രനാണ് അംഗദൻ. ഋക്ഷരജസ്സിൻ്റെ മരണത്തോടെ ബാലി കിഷ്ക്കിന്ധയിലെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു.അക്കാലത്ത് ശിവപാർവ്വതിമാർ വനത്തിൽ കുരങ്ങുകളായി വിലസി നടക്കുന്ന വേളയിൽ പാർവ്വതി ഗർഭം ധരിച്ചു. ആ ശിശുവിനെ ഗർഭത്തോടെ വായു ഭഗവാന് നൽകപ്പെട്ടു. വായു അതിനെ അഞ്ജനാ ദേവിയുടെ ഗർഭത്തിൽ നിക്ഷേപിച്ചു! ഈ വിവരങ്ങളെല്ലാം നാരദനിൽ നിന്നും കേട്ടറിഞ്ഞ ബാലി, ആ ശിവബീജസന്തതി ജനിച്ചു വളർന്നാൽ തൻ്റെ സ്ഥാനം നഷ്ടപ്പെടുമെന്നു ഭയന്നു.നാരദൻ്റെ ഉപദേശപ്രകാരം പഞ്ചലോഹങ്ങൾ ഉരുക്കിയെടുത്ത ബാലി ആ ലോഹക്കൂട്ട് അഞ്ജനയുടെ ഉദരത്തിലേക്ക് കയറ്റി വിട്ടു.പക്ഷേ ശിവചൈതന്യമാകയാൽ ആ ഗർഭം നശിച്ചില്ലെന്നു മാത്രമല്ല പഞ്ചലോഹ ദ്രാവകം ഗർഭസ്ഥശിശുവിന് കർണ്ണാഭരണമായി പരിണമിക്കുകയും ചെയ്തു. അങ്ങനെ പിറന്ന കുഞ്ഞാണ് ഹനുമാൻ!
ഒരിക്കൽ അസുര ശില്പിയായ മയൻ്റെ പുത്രനും മഹാമല്ലനുമായിരുന്ന മായാവി എന്ന അസുരൻ ബാലിയെ തോല്പിക്കണമെന്ന് മനസിലുറപ്പിച്ച് അർദ്ധരാത്രിയിൽ കിഷ്ക്കിന്ധയിലെത്തി ബാലിയെ വെല്ലുവിളിച്ചു.കുപിതനായി കൊട്ടാരത്തിൽ നിന്നുമിറങ്ങിയ ബാലിയെ സുഗ്രീവനും അനുഗമിച്ചു.ബാലിസുഗ്രീവന്മാരുടെ പാഞ്ഞുവരവു കണ്ട മായാവി ഓട്ടം തുടങ്ങി.ഓടിയോടി മായാവി ഒരു ഗുഹയ്ക്കകത്തു കയറി.സുഗ്രീവനെ ഗുഹാമുഖത്തു നിർത്തി മായാവിയെ പിന്തുടർന്ന് ഗുഹയിലേക്കു പ്രവേശിക്കുന്നതിനു മുമ്പായി ബാലി, സുഗ്രീവനോടായി ഇപ്രകാരം പറഞ്ഞു;" ഞാൻ ഗുഹയ്ക്കകത്തു ചെന്ന് അസുരനെ കൊന്നു തിരിച്ചു വരാം.നീ ഇവിടെത്തന്നെ നില്ക്കുക. അസുരൻ മരിച്ചാൽ ഗുഹാമുഖത്ത് ക്ഷീരവും അല്ല ഞാനാണ് മരിക്കുന്നതെങ്കിൽ ഇവിടെ രക്തമാണ് കാണപ്പെടുക.രക്തമാണ് ഗുഹാമുഖത്തേക്ക് ഒഴുകിയെത്തുന്നതെങ്കിൽ നീ ഗുഹാമുഖം ഭദ്രമായി അടച്ച് കിഷ്ക്കിന്ധയിൽ ചെന്ന് സുഖമായ് വാണു കൊൾക." ഒരു വർഷത്തിലധികം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിൽ അസുരൻ കൊല്ലപ്പെട്ടു.പക്ഷേ മായാവിയുടെ മായാവിദ്യകൊണ്ട് ഗുഹാമുഖത്തേക്ക് രക്തമാണ് ഒഴുകിയെത്തിയത്! തൻ്റെ ജ്യേഷ്ഠനായ ബാലി കൊല്ലപ്പെട്ടുവെന്നു കരുതി ദു:ഖിതനായ സുഗ്രീവൻ, ബാലി ആവശ്യപ്പെട്ടിരുന്ന പ്രകാരം ഗുഹാമുഖം പാറ കൊണ്ട് ഭദ്രമായി അടച്ചുറപ്പാക്കിയ ശേഷം കിഷ്ക്കിന്ധയിലെത്തി ബാലിയുടെ മരണവാർത്ത ഏവരേയും അറിയിച്ചു.അതോടെ വാനര കുലം സുഗ്രീവനെ രാജാവായി വാഴിച്ചു. കുറേക്കാലം കഴിഞ്ഞ് ബാലി പൂർവ്വാധികം ശക്തിമാനായി കിഷ്ക്കിന്ധയിൽ തിരിച്ചെത്തി! സുഗ്രീവൻ ഗുഹാമുഖം ഭദ്രമായി അടച്ചത് തന്നെക്കൊന്ന് രാജ്യഭരണം കൈവശപ്പെടുത്താനായിരുന്നെന്ന് തെറ്റിദ്ധരിച്ച ബാലി കിഷ്ക്കിന്ധയിൽ നിന്ന് സുഗ്രീവനെ ഓടിച്ചുവിട്ടു. ഭയന്നോടിയ സുഗ്രീവൻ ബാലികേറാമല എന്നറിയപ്പെടുന്ന ഋശ്യമൂകാ ചലത്തെ അഭയം പ്രാപിച്ചു. അങ്ങോട്ടു കയറിയാൽ ബാലിയുടെ തല പൊട്ടിത്തെറിക്കുമെന്ന് പണ്ട് മാതംഗമുനി ബാലിയെ ശപിച്ചിട്ടുള്ള കാര്യം അറിയാവുന്ന സുഗ്രീവൻ ഋശ്യ മൂകാചലത്തിൽ സുരക്ഷിതനായി താമസം തുടങ്ങി.

(നാളെ .. ബാലി ..തുടരും)
എ.ബി.വി കാവിൽപ്പാട്
Share it:

Ramayanam

Post A Comment:

0 comments: