രാമായണത്തിലെ ഈ പ്രസിദ്ധ വാനരൻ ബാലിയുടെ സഹോദരനാണ്.സ്ത്രീവേഷം ധരിച്ച അരുണന് ഇന്ദ്രനിൽ നിന്നു ബാലിയും സൂര്യനിൽ നിന്നു സുഗ്രീവനും ജനിച്ചു.ഗൗതമ മഹർഷിയുടെ പത്നിയായ അഹല്യയുടെ സംരക്ഷണയിൽ വളർന്ന ബാലിസുഗ്രീവന്മാർ പിന്നീട് കിഷ്ക്കിന്ധയിലെ രാജാവായ ഋക്ഷരജസ്സിൻ്റെ വളർത്തു പുത്രന്മാരായി. ഋക്ഷരജസ്സിൻ്റെ മരണശേഷം ബാലി കിഷ്ക്കിന്ധയിലെ രാജാവായപ്പോൾ സുഗ്രീവൻ അദ്ദേഹത്തിൻ്റെ സഹായിയായി കഴിഞ്ഞു കൂടി.ഒരിക്കൽ ദുന്ദുഭി എന്ന മായാവിയായ രാക്ഷസനുമായി ഒരു ഗുഹയ്ക്കുള്ളിൽ വച്ച് ബാലി ഏറ്റുമുട്ടി.ആ ഏറ്റുമുട്ടലിൽ ബാലി കൊല്ലപ്പെട്ടുവെന്ന് തെറ്റിദ്ധരിച്ച സുഗ്രീവൻ കിഷ്ക്കിന്ധയുടെ ഭരണം ഏറ്റെടുത്തു.ദുന്ദുഭിയെ വധിച്ച് കിഷ്കിന്ധയിൽ തിരിച്ചെത്തിയ ബാലി കുപിതനായി സുഗ്രീവനെ രാജ്യത്തു നിന്നു പുറത്താക്കുകയും ഒപ്പം സുഗ്രീവപത്നിയായ രുമയെ സ്വന്തമാക്കുകയും ചെയ്തു.ബാലിയെ ഭയന്ന സുഗ്രീവൻ ഋശ്യമൂകാചലത്തിൽ അഭയം പ്രാപിച്ചു.രാമലക്ഷ്മണന്മാർ സീതാന്വേഷണത്തിൻ്റെ ഭാഗമായി ഋശ്യമൂകാചലത്തിലെത്തി സുഗ്രീവനുമായി സഖ്യം ചെയ്തു. അതു പ്രകാരം ശ്രീരാമൻ ബാലിയെ വധിച്ച് സുഗ്രീവനെ കിഷ്ക്കിന്ധയിലെ രാജാവാക്കി. ബാലി പുത്രനായ അംഗദനെ യുവരാജാവായും സുഗ്രീവ പത്നിയായ രുമയെ മഹാറാണിയായും ബാലി പത്നിയായ താരയെ അമ്മ മഹാറാണിയായും വാഴിച്ചു.ഹനുമാനെ സുഗ്രീവൻ്റെ മന്ത്രിയായും അവരോധിച്ചു. സീതാന്വേഷണത്തിനായി സുഗ്രീവൻ വാനര സൈന്യങ്ങളെ നാനാദിക്കിലേക്കുമയച്ചു. സീതയെ കണ്ടുമുട്ടിയ ശേഷം ഹനുമാൻ മടങ്ങിവന്നു.തുടർന്നുണ്ടായ രാമരാവണയുദ്ധത്തിൽ സുഗ്രീവൻ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. വാനരപ്പടയ്ക്ക് വളരെയധികം ഭീഷണിയുയർത്തിയ കുംഭകർണ്ണനെ സുഗ്രീവൻ തലയ്ക്കിടിക്കുകയും മാന്തുകയും ചെയ്തു.കുരങ്ങന്മാരുടെ ചാപല്യം കൊണ്ട് വശംകെട്ട കുംഭകർണ്ണൻ സുഗ്രീവനെ എടുത്തു കൊണ്ടോടി. പുറകിൽ പാഞ്ഞടുത്ത ലക്ഷ്മണൻ കുംഭകർണ്ണനെ എയ്തു വീഴ്ത്തുകയുണ്ടായി. യുദ്ധാനന്തരം രാമാദികൾ അയോദ്ധ്യയിലേക്കു മടങ്ങിയപ്പോൾ സുഗ്രീവൻ അവരെ അനുഗമിച്ചു.അതിനു ശേഷമേ കിഷ്ക്കിന്ധയിലേക്ക് മടങ്ങി യുള്ളൂ. കുറച്ചു വർഷങ്ങൾക്കു ശേഷം സുഗ്രീവൻ്റെ പുത്രിയെ സഹസ്രമുഖരാവണൻ്റെ ദ്വിതീയപുത്രനായ ചന്ദ്രഗുപ്തൻ അപഹരിച്ചു കൊണ്ടു പോയി. വിവരമറിഞ്ഞ ശ്രീരാമൻ സഹസ്രമുഖനെ നേരിട്ടു. സീതയുടെ ശരമേറ്റ് സഹസ്ര മുഖൻ കാലപുരി പൂണ്ടു.രാമൻ നടത്തിയ അശ്വമേധയാഗത്തിൽ സുഗ്രീവനും പങ്കുകൊണ്ടു.സൈനിക നിയന്ത്രണം സുഗ്രീവനെയായിരുന്നു ഏല്പിച്ചിരുന്നത്.അശ്വമേധം ഭംഗിയായി പൂർത്തിയായ ശേഷം സുഗ്രീവൻ കിഷ്ക്കിന്ധയിലേക്കു തിരിച്ചു പോയി ശിഷ്ടകാലം സുഖമായി വാണു !
(നാളെ .. അംഗദൻ)
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: