ബാലിയുമായും അടിയറവു പറയേണ്ടി വന്ന രാവണൻ അദ്ദേഹവുമായും സഖ്യത്തിൽ ഏർപ്പെടുകയുണ്ടായി. അനേക വർഷങ്ങൾ രാജ്യം ഭരിച്ച രാവണന് ലോകം മുഴുവൻ ജൈത്രയാത്ര നടത്തുന്ന വേളകളിലായി പതിനെട്ട് ശാപങ്ങളും ഏല്ക്കേണ്ടി വന്നിട്ടുണ്ട്. ആ സന്ദർഭങ്ങളും ശാപവും ഇപ്രകാരമായിരുന്നു.
1. നളകൂബരൻ്റെ പ്രതിശ്രുത വധുവായ രംഭയെ അളകയ്ക്കു സമീപം വച്ച് അപമാനിച്ചുവെന്നറിഞ്ഞ നളകൂബരൻ രാവണൻ്റെ പത്തു തലയും ഏഴേഴായ് പൊട്ടിത്തെറിച്ച് മരിക്കാനിടയാവട്ടെ എന്നു ശപിച്ചു.
2. കുശധ്വജമുനിയുടെ ഏക പുത്രിയായ വേദവതി ശ്രീ നാരായണനെ ഭർത്താവായി ലഭിക്കാൻ തപസ്സു ചെയ്തു കൊണ്ടിരിക്കെ രാവണൻ അവളെ ബലാൽക്കാരം ചെയ്യാൻ മുതിരവെ രാവണനും അയാളുടെ കുടുംബവും തൻ്റെ നാരായണസ്വാമിയാൽ നാശമടയട്ടെ എന്ന് വേദവതി ശപിക്കുകയുണ്ടായി.
3. ശ്രീപരമേശ്വരൻ നൽകിയ ത്രിപുരസുന്ദരീ വിഗ്രഹം പ്രതിഷ്ഠിക്കാൻ രാവണൻ ക്ഷണിച്ച വൈദിക ബ്രാഹ്മണൻ വരാൻ അല്പം താമസിച്ചതിൽ കുപിതനായ രാവണൻ ആ ബ്രാഹ്മണനെ ഏഴു ദിവസം കാരാഗൃഹത്തിലടച്ചു.അതിൽ മനംനൊന്ത ആ വൃദ്ധബ്രാഹ്മണൻ രാവണൻ്റെ കരചരണങ്ങൾ ഒരു മനുഷ്യൻ ബന്ധിച്ച് ഏഴുമാസം കാരാഗൃഹത്തിൽ പൂട്ടിയിടട്ടെ എന്നു ശപിച്ചു.
4. കൈലാസപർവ്വതത്തിൽ വച്ച് കുരങ്ങെന്നു വിളിച്ച് നന്ദികേശനെ ആക്ഷേപിച്ചപ്പോൾ രാവണനും അയാളുടെ കുടുംബവും നഗരിയും കുരങ്ങന്മാരാൽ നശിക്കട്ടെ എന്ന് നന്ദികേശനും ശപിച്ചു.
5. തന്നെ വേദശാസ്ത്രങ്ങൾ പഠിപ്പിക്കാൻ വസിഷ്ഠ മഹർഷി തയ്യാറാവാതിരുന്നതിൽ കുപിതനായ രാവണൻ വസിഷ്ഠനെ ബന്ധനത്തിലാക്കി.അദ്ദേഹത്തെ അതിൽ നിന്നും മോചിപ്പിച്ചത് കുവലയാശ്വൻ എന്ന സൂര്യവംശരാജാവായിരുന്നു. ആ അവസരത്തിൽ സൂര്യകുലജാതരിൽ നിന്നും രാവണനും കുടുംബത്തിനും നാശം ഭവിക്കട്ടെ എന്ന് വസിഷ്ഠ മുനി ശപിക്കുകയുണ്ടായി.
6. ഒരിക്കൽ അഷ്ടാവക്ര മുനിയെ കണ്ട രാവണൻ" ഹേ സുന്ദരാ.. ഈ എട്ടു വളവും ഞാൻ പെട്ടെന്നു ശരിയാക്കിത്തരാം." എന്നും പറഞ്ഞ് ആ സാധു മഹർഷി ക്ക് ഒറ്റച്ചവിട്ട് വച്ചു കൊടുത്തു! നികൃഷ്ടനും പാപിയുമായ രാവണനെ ചപല വാനരന്മാർ പാദാദികേശവും കേശാദിപാദവും ചവിട്ടി മെതിച്ച് ചതച്ചു വിടട്ടെ എന്ന് ആ സാധുമുനി അപ്പോൾ ശപിക്കുകയുണ്ടായി.
7. ദത്താത്രേയൻ തൻ്റെ ഗുരുവിന് അഭിഷേകം ചെയ്യാൻ മന്ത്ര പൂരിതമായി തയ്യാറാക്കിയ പൂർണ്ണ തീർത്ഥകുംഭം രാവണൻ അപഹരിച്ച് സ്വന്തം തലയിൽ അഭിഷേകം ചെയ്തതിൽ കുപിതനായ ദത്താത്രേയൻ രാവണൻ്റെ ശിരസ്സ് വാനരന്മാർ ചവിട്ടി അശുദ്ധമാക്കട്ടെ എന്നു ശപിച്ചു.
8. കൺമുന്നിൽ വച്ച് സ്വന്തം സഹോദരിയെ ബലാൽക്കാരം ചെയ്ത് ശരീരത്തിൽ മുറിവുകളുണ്ടാക്കിയ രാവണനെ ദ്വൈപായനൻ, രാവണൻ്റെ സഹോദരിയെ ഒരു മനുഷ്യൻ അംഗഭംഗപ്പെടുത്തട്ടെ എന്നും ഭാര്യയെ വാനരന്മാർ മാനഭംഗപ്പെടുത്തട്ടെയെന്നും ശപിക്കുകയുണ്ടായി.
9. മണ്ഡോദരിയുമൊന്നിച്ച് രാവണൻ വിനോദ സഞ്ചാരം നടത്തുമ്പോൾ വഴിയിൽ കാണാനായ മാണ്ഡവ്യമുനി തന്നെ ബഹുമാനിച്ചില്ലെന്ന കാരണത്താൽ രാവണൻ അദ്ദേഹത്തെ മർദ്ദിച്ചു. മുനി ഉടൻ തന്നെ ഒരു വാനരൻ രാവണനേയും ഇതുപോലെ കഠിനമായി മർദ്ദിക്കട്ടെ എന്നു ശപിച്ചു.
10. കൺമുന്നിൽ വച്ച് സ്വന്തം പത്നിയെ മുടിപിടിച്ച് വലിച്ചിഴച്ച രാവണനെ, അത്രിമഹർഷി മണ്ഡോദരിയെ രാവണൻ്റെ മുന്നിൽ വച്ച് വാനരന്മാർ വസ്ത്രമഴിച്ച് മുടിപിടിച്ചു വലിച്ചിഴച്ച് അപമാനിക്കുന്നത് രാവണനു തന്നെ കാണേണ്ടി വരും എന്ന് ശപിക്കുകയുണ്ടായി.
11. തനിക്കു പ്രണവാർത്ഥം പറഞ്ഞു തരാത്ത നാരദൻ്റെ നാവറുക്കുമെന്ന് രാവണൻ പറഞ്ഞപ്പോൾ രാവണൻ്റെ പത്തു തലകളും ഒരു മനുഷ്യൻ മുറിച്ചുകളയട്ടെ എന്ന് നാരദനും ശപിച്ചു.
12. മാരുതവനത്തിൽ വാനപ്രസ്ഥനായിരുന്ന ഋതു വർമ്മൻ്റെ പത്നി മദനമഞ്ജരിയെ വ്യഭിചരിച്ച രാവണൻ ഒരു മനുഷ്യനാൽ മരണമടയുമെന്ന് ഋതുവർമ്മനും ശപിച്ചു.
13. മൗൽഗല്യ മുനി യോഗദണ്ഡിൽ സ്വന്തം പിടലി താങ്ങി മുഖം മലർത്തി ഹംസ യോഗനിഷ്ഠയിൽ കഴിയുന്ന വേളയിൽ അതു വഴി വന്ന രാവണൻ തൻ്റെ ചന്ദ്രഹാസം കൊണ്ട് യോഗദണ്ഡ് മുറിച്ചുമാറ്റിയപ്പോൾ മലർന്നടിച്ചു വീണ് നട്ടെല്ലൊടിഞ്ഞ മുനി ദുഷ്ടനായ രാവണൻ്റെ ചന്ദ്രഹാസം ഇനിയെങ്ങും ഫലിക്കാതെ പോകട്ടെ എന്നു ശപിച്ചു.
14. സമുദ്രസ്നാനത്തിനായി എത്തിയ ഏതാനും ബ്രാഹ്മണ യുവതികൾ അവരുടെ അമ്മമാരുടെ മുന്നിൽ വച്ച് രാവണനാൽ അപമാനിക്കപ്പെട്ടു.മനം നൊന്ത ആ അമ്മമാർ രാവണൻ്റെ കുടുംബിനിയെ അയാളുടെ കൺമുന്നിൽ വച്ച് വാനരന്മാർ അപമാനിക്കട്ടെ എന്നു ശപിച്ചു.
15. അഗ്നിദേവൻ്റെ മുന്നിൽ വച്ച് അദ്ദേഹത്തിൻ്റെ ഭാര്യയായ സ്വാഹാദേവിയെ രാവണൻ ബലാത്കാരം ചെയ്തപ്പോൾ കുരങ്ങന്മാർ മണ്ഡോദരിയെ രാവണൻ്റെ മുന്നിൽ വച്ചു തന്നെ ബലാൽക്കാരം ചെയ്യട്ടെ എന്ന് അഗ്നിദേവനും ശപിച്ചു.
16. അഭയമഭ്യർത്ഥിച്ചിട്ടും തന്നെ നെഞ്ചിനിടിച്ച് കൊലപ്പെടുത്തിയ രാവണനെ സൂര്യവംശ രാജാവായ അനരണ്യൻ മരണത്തോട് പോരാടുന്ന വേളയിൽ, തൻ്റെ വംശജനായ ഒരു രാജകുമാരൻ്റെ ശരങ്ങളേറ്റ് പത്തു തലകളുമറ്റ് രാവണൻ മരിച്ചു പോകട്ടെ എന്നു ശപിച്ചു.
17. ദേവലോകം കീഴടക്കിയ രാവണൻ, തൻ്റെ പുത്രിയായ സുലേഖാ ദേവിയെ ബലമായി പിടിക്കാൻ ശ്രമിക്കുന്നതു കണ്ട ദേവ ഗുരുവായ ബൃഹസ്പതി കാമബാണമേറ്റ് മദിക്കുന്ന രാവണൻ രാമബാണമേറ്റ് മരിക്കട്ടെ എന്നു ശപിച്ചു.
18. ബ്രഹ്മദേവൻ്റെ മാനസപുത്രിയായ പുഞ്ജികാ ദേവിയെ രാവണൻ അപമാനിക്കാനൊരുങ്ങിയപ്പോൾ സന്താനമില്ലാത്തവളെ തൊട്ടാൽ രാവണൻ്റെ പത്തു ശിരസ്സുകളും പൊട്ടിത്തെറിച്ചു പോകട്ടെ എന്ന് ശപിച്ചു.
ഇത്രയും ശാപങ്ങൾ ചോദിച്ചു വാങ്ങിയ ആളാണ് ദശമുഖ നായ രാവണൻ!!
ബ്രഹ്മാവിൽ നിന്ന് വരങ്ങൾ സിദ്ധിച്ച് ജൈത്രയാത്ര ആരംഭിച്ച രാവണൻ സകല രാജാക്കന്മാരേയും ജയിച്ച് വടക്കോട്ടു സഞ്ചരിച്ച് കൈലാസത്തിൻ്റെ താഴ് വരയിലെത്തി. അവിടെ വച്ച് നന്ദികേശൻ രാവണനെ തടഞ്ഞു. കുപിതനായ രാവണൻ നന്ദിയുടെ യജമാനനായ ശിവനെത്തന്നെ കൈലാസത്തോടെ പിഴുതെറിയുമെന്ന് ഭീഷണി മുഴക്കി. കൈലാസം ഒട്ടാകെ അടർത്തിയെടുക്കാനായി തൻ്റെ ഇരുപതു കൈകളും അതിൻ്റെ ചുവട്ടിലേക്കു തള്ളി!ധ്യാനദൃഷ്ടികൊണ്ട് കാര്യങ്ങൾ ഗ്രഹിച്ച ശിവൻ കൈലാസത്തെ കീഴ്പ്പോട്ട് ചവുട്ടിയിരുത്തി. ഫലമോ രാവണൻ്റെ വിരലുകൾ ചതഞ്ഞരഞ്ഞു. തൻ്റെ കൈകൾ വലിച്ചെടുക്കാൻ നിവർത്തിയില്ലാതെ വന്ന രാവണൻ അവിടെയിരുന്ന് ആയിരം വർഷത്തോളം ശിവനെ സ്തുതിച്ചു! ഒടുവിൽ രാവണനു മുന്നിൽ പ്രത്യക്ഷനായ ശിവൻ ഒരു വാൾ ദാനം ചെയ്ത് അവിടെ നിന്നും പറഞ്ഞു വിട്ടു. ശിവൻ രാവണനു ദാനം ചെയ്ത ആ വാളാണ് ചന്ദ്രഹാസം.തുടർന്നുള്ള യുദ്ധങ്ങളിലെല്ലാം രാവണനു വിജയങ്ങൾ സമ്മാനിച്ചത് ഈ ചന്ദ്രഹാസമാണ്.
ഒരിക്കൽ ഉരീരപർവ്വതത്തിൻ്റെ താഴ് വരയിൽ മരുത്തൻ എന്ന രാജാവ് മഹേശ്വരസത്രം അനുഷ്ഠിക്കുമ്പോൾ ഹവിർഭാഗം സ്വീകരിക്കുന്നതിന് ഇന്ദ്രാദിദേവകളെല്ലാം അവിടെ സന്നിഹിതരായി. സൈന്യസമേതനായി ജൈത്രയാത്ര നടത്തുന്ന രാവണൻ ആ സമയം അവിടെ വരുന്നതു കണ്ട ഇന്ദ്രാദികൾ ഭയന്നോടി.ഇന്ദ്രൻ മയിലായും യമൻ കാക്കയായും കുബേരൻ ഓന്തായും വരുണൻ അരയന്നമായും രൂപമെടുത്തായിരുന്നു ഓട്ടം.കുപിതനായ മരുത്തൻ രാവണനോട് യുദ്ധം ചെയ്യാൻ ഒരുമ്പെട്ടെങ്കിലും മഹർഷിമാർ തടഞ്ഞതിനാൽ യുദ്ധം ഒഴിവായി. രാവണൻ വെന്നിക്കൊടി പാറിച്ച് ആഹ്ലാദത്തോടെ തൻ്റെ യാത്ര തുടർന്നു. കലഹപ്രിയ നായ നാരദൻ ഒരു നാൾ ലങ്കയിലെത്തി കാലനെപ്പറ്റി രാവണനോട് ഏഷണി പറഞ്ഞു കേൾപ്പിച്ചു.പ്രതാപിയായ കാലൻ ഉടൻ തന്നെ രാവണൻ്റെ ആത്മാവിനെ അപഹരിക്കുന്നുണ്ട് എന്നായിരുന്നു ആ ഏഷണി. കുപിതനായ രാവണൻ ഉടൻ തന്നെ സൈന്യ സന്നാഹങ്ങളുമായി യമപുരിയിൽ ചെന്ന് കാലനെ വെല്ലുവിളിച്ചു. യമനുണ്ടോ വിടുന്നു? ഇരുവരും തമ്മിൽ ഘോരയുദ്ധം ആരംഭിച്ചതു കണ്ട് ബ്രഹ്മാവ് വിഷമസ്ഥിതിയിലായി.അതിനു കാരണം താൻ നൽകിയ വരങ്ങൾ തന്നെയാണ്. മനുഷ്യരാൽ മാത്രമേ മരണം സംഭവിക്കൂ എന്ന് രാവണനും കാലദണ്ഡ് കൊണ്ടടിച്ചാൽ ആരും മരിച്ചു പോകുമെന്ന് കാലനും ബ്രഹ്മാവ് വരം കൊടുത്തിരുന്നു! അതിനാൽ കാല രാവണന്മാർ തമ്മിലുള്ള യുദ്ധം ഏതുവിധേനയും അവസാനിപ്പിച്ചേ മതിയാകൂ എന്ന് നിശ്ചയിച്ച ബ്രഹ്മദേവൻ കാലനെ അനുനയിപ്പിച്ച് പരാജയം സമ്മതിക്കാൻ പ്രേരിപ്പിച്ചു. ബ്രഹ്മാവിൻ്റെ അപേക്ഷ മാനിച്ച് കാലൻ പരാജയം സമ്മതിച്ചതോടെ ആ യുദ്ധം അങ്ങനെ അവസാനിച്ചു! തുടർന്ന് സൈന്യ സമേതം പാതാളത്തിലേക്കു കടന്ന രാവണൻ അവിടെ നാഗരാജാവായ തക്ഷകനെ തോല്പിച്ച് കപ്പം വാങ്ങിച്ചു. ഇങ്ങനെ രാവണൻ്റെ വിളയാട്ടവും നീചകർമ്മങ്ങളും കണ്ടും കൊണ്ടും പൊറുതിമുട്ടിയ ഭൂമിദേവിയും ഇന്ദ്രാദികളും കൈലാസത്തിൽ ചെന്ന് ശിവനേയും കൂട്ടി പാലാഴിയിലെത്തി മഹാവിഷ്ണുവിനെ സ്തുതിച്ചു. കാര്യങ്ങൾ ഗ്രഹിച്ച വിഷ്ണുഭഗവാൻ ഇപ്രകാരം അരുളിച്ചെയ്തു: "അയോദ്ധ്യാരാജാവായ ദശരഥൻ്റെ പുത്രനായി ഞാൻ അവതരിക്കാം. എനിക്ക് സഹായികളായി ദേവകളായ നിങ്ങൾ ആത്മാംശം കൊണ്ട് ലോകത്തിൽ അവതരിക്കുക. നിങ്ങളുടെ സഹായ സഹകരണങ്ങളോടെ രാവണാദി ദുഷ്ടരാക്ഷസരെയെല്ലാം നിഗ്രഹിച്ച് ഭൂമിദേവിയേയും സജ്ജനങ്ങളേയുമെല്ലാം എൻ്റെ രാമാവതാരം സംരക്ഷിക്കുന്നതാണ്!"
ദശരഥ പുത്രനായി ശ്രീരാമൻ അയോദ്ധ്യയിൽ ജന്മമെടുത്തു. വനവാസകാലത്ത് സീതാരാമലക്ഷ്മണന്മാർ പഞ്ചവടിയിൽ താമസിക്കുമ്പോൾ രാവണ സ ഹോദരിയായ ശൂർപ്പണഖ വിവാഹാഭ്യർത്ഥനയുമായി രാമലക്ഷ്മണന്മാരെ സമീപിച്ചു.ലക്ഷ്മണൻ അവളെ അംഗഛേദം ചെയ്തു പറഞ്ഞു വിട്ടതിൽ കുപിതനായ രാവണൻ സീതയെ മോഷ്ടിച്ച് ലങ്കയിലെത്തി.അശോകവനിയിൽ രാക്ഷസി മാരുടെ സംരക്ഷണയിൽ ശിംശപാവൃക്ഷച്ചുവട്ടിൽ ഇരിക്കുന്ന സീതയെ വശീകരിക്കുന്നതിനായി രാവണൻ അണിഞ്ഞൊരുങ്ങി അവിടെ ചെന്നെങ്കിലും അയാളുടെ അനുനയ വാക്കുകളിൽ സീത വശംവദയായില്ല. ഒരു മാസത്തിനകം എങ്ങനെയെങ്കിലും സീതയെ വശപ്പെടുത്തണമെന്ന് രാക്ഷസിമാർക്ക് ആജ്ഞ കൊടുത്ത ശേഷം രാവണന് കൊട്ടാരത്തിലേക്ക് തിരികെ മടങ്ങുകയേ സാദ്ധ്യമായുള്ളൂ. ഇക്കാര്യങ്ങളെല്ലാം രാമദൂതനായി സീതയുടെ സമീപമെത്തിയ ഹനുമാൻ വീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു മുന്നറിയിപ്പായി ലങ്കാദഹനവും നടത്തി മടങ്ങിയെത്തിയ ഹനുമാനിൽ നിന്നും വിവരങ്ങളെല്ലാം ഗ്രഹിച്ച രാമലക്ഷ്മണന്മാരും സുഗ്രീവനും വാനരപ്പടയോടു കൂടി രാവണനെ നേരിടാൻ ലങ്കയിലേക്ക് പുറപ്പെട്ടു.ശ്രീരാമനോട് യുദ്ധം ചെയ്യുന്നത് ശരിയല്ലെന്നും സീതയെ തിരികെക്കൊടുത്ത് ക്ഷമായാചനം ചെയ്യണമെന്നും വാദിച്ച തൻ്റെ സഹോദരൻ വിഭീഷണനെ രാവണൻ പുറത്താക്കി.ലങ്ക വിട്ട വിഭീഷണൻ ശ്രീരാമനെ അഭയം പ്രാപിച്ചു.ഇരു ഭാഗത്തും യുദ്ധ സന്നാഹങ്ങൾ ഒരുങ്ങവേ രാവണൻ തൻ്റെ വിദഗ്ദ്ധ ചാരന്മാരായ ശുകൻ, സാരണൻ എന്നിവരെ വാനര വേഷത്തിൽ രാമലക്ഷ്മണന്മാരുടെ പാളയത്തിലേക്കയച്ചു. ജാംബവാനും ഹനുമാനും ചേർന്ന് അവരെ പിടികൂടി സുഗ്രീവൻ്റെ മുന്നിൽ എത്തിച്ചെങ്കിലും രാമൻ അവരെ സ്വതന്ത്രരാക്കി തിരിച്ചയച്ചു. ലങ്കയിലെത്തിയ ശുകസാരണന്മാരിൽ നിന്നും കാര്യങ്ങളറിഞ്ഞ രാവണന് ശ്രീരാമനെ ഒന്ന് നേരിൽ കാണണമെന്ന മോഹമുദിച്ചു. അതിനായി രാവണൻ പരിവാരസമേതം ഉത്തരമഹാഗോപുരത്തിലെത്തി. ചാരന്മാർ മുഖേന കാര്യങ്ങൾ ഗ്രഹിച്ച രാമൻ അനുയായികളോടുകൂടി സുബേല പർവ്വതത്തിൻ്റെ ഒരു ഉന്നതതലത്തിൽ കയറിയിരുന്ന് രാവണനെ ഒന്ന് സൂക്ഷിച്ചു നോക്കി.പരസ്പരം കണ്ട രാമ രാവണന്മാരുടെ മുഖം വക്രിച്ചതു ശ്രദ്ധിച്ച സുഗ്രീവൻ ഒറ്റച്ചാട്ടത്തിന് രാവണൻ്റെ അടുത്തെത്തി അയാളുടെ മദ്ധ്യ ശിരസ്സിലെ മണിക്കിരീടം ചവിട്ടിയെടുത്ത് ശ്രീരാമൻ ഇരിക്കുന്ന ദിക്കിലേക്ക് എറിഞ്ഞു കൊടുത്തു.തുടർന്ന് രാവണ ശിരസ്സുകളിൽ ഒരു സംഹാര ന്യത്തം തന്നെ നടത്തിയ ശേഷമാണ് സുഗ്രീവൻ മടങ്ങിയത്!
നിരാശയോടെ കൊട്ടാരത്തിൽ തിരിച്ചെത്തിയ രാവണനെ അയാളുടെ മാതാമഹനായ മാല്യവാൻ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പല ഉപദേശങ്ങളും നൽകിയെങ്കിലും ഫലമുണ്ടായില്ല. ശ്രീരാമൻ ഒരു ദൂതനെ അയച്ച് സീതയെ തിരിച്ചു നൽകണമെന്ന് രാവണനെ അറിയിച്ചു. ആ സന്ദേശവും പരാജയപ്പെട്ടതോടെ യുദ്ധം ആരംഭിച്ചു. യുദ്ധത്തിൻ്റെ നാലാം ദിവസം രാവണപുത്രനായ മേഘനാദനെ ലക്ഷ്മണൻ വധിച്ചതോടെ രാവണൻ നേരിട്ട് യുദ്ധരംഗത്തിറങ്ങി.ശ്രീരാമൻ മഹേന്ദ്രബാണം അഭിമന്ത്രിച്ച യച്ചു. മഹേന്ദ്ര ചൈതന്യവും വജ്ര കാഠിന്യവും അഗ്നിയുടെ തീക്ഷ്ണതയും വൈഷ്ണവ തേജസ്സും നിറഞ്ഞ ആ ബാണം രാവണൻ്റെ പത്തു തലകളും ഖണ്ഡിച്ച് താഴെ വീഴ്ത്തി ! അതോടെ രാവണൻ്റെ ഭൗതികശരീരം ഭൂമിയിൽ പതിക്കുകയും ആത്മാവ് ആകാശത്തിലേക്കുയരുകയും ചെയ്തു !!!
(നാളെ ... മണ്ഡോദരി)
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: