രാമായണത്തിലെ കഥാപാത്രങ്ങൾ :- രാവണൻ

Share it:

ലങ്ക ഭരിച്ചിരുന്ന ദശമുഖനായ രാക്ഷസരാജാവ്.ബ്രഹ്മാവിൻ്റെ പൗത്രനും പുലസ്ത്യൻ്റെ പുത്രനുമായ വിശ്രവസ്സ് സുമാലിയുടെ പുത്രിയായ കൈകസിയെ വിവാഹം കഴിച്ചു.ഇരുവരും ശ്ലേഷ്മാതകം എന്ന വനത്തിൽ വസിക്കുന്ന ഘട്ടത്തിൽ ഗർഭിണിയായ കൈകസി ഓരോ യാമത്തിലും ഇടവിട്ട് നാലു യാമങ്ങളിലായി നാല് സന്താനങ്ങൾക്ക് ജന്മം നൽകി. രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ, ശൂർപ്പണഖ എന്നിവരായിരുന്നു ആ സന്താനങ്ങൾ.ഇവരൊരുമിച്ച് വനത്തിൽ വളർന്നു വന്നു.വിശ്രവസ്സിന് ദേവവർണ്ണി (ഇളബിള) എന്ന മറ്റൊരു ഭാര്യയിൽ ജനിച്ച പുത്രനാണ് കുബേരൻ.പ്രായപൂർത്തിയായ കുബേരൻ പുഷ്പകവിമാനവും സ്വന്തമാക്കി ലങ്കാനഗരം തലസ്ഥാനമാക്കി രാജ്യഭരണം ആരംഭിച്ചു.കുബേരൻ്റെ പ്രതാപത്തിൽ അസൂയ പൂണ്ട കൈകസി തൻ്റെ മൂന്ന് പുത്രന്മാരേയും വിളിച്ച് ബ്രഹ്മദേവനെ തപസ്സു ചെയ്ത് പ്രീതിപ്പെടുത്തി ഇഷ്ട വരങ്ങൾ നേടി കുബേരനെപ്പോലെ ആയിത്തീരുവാൻ ഉപദേശിച്ചു.അമ്മയുടെ ഉപദേശപ്രകാരം മൂന്നു പേരും ഗോകർണ്ണത്തു ചെന്ന് ബ്രഹ്മാവിൻ്റെ പ്രീതിക്കായി തപസ്സ് ആരംഭിച്ചു. കുംഭകർണ്ണൻ ഇരുന്നു കൊണ്ട് പതിനായിരത്താണ്ടു തപസ്സു ചെയ്തപ്പോൾ വിഭീഷണൻ ഒറ്റക്കാലിൽ നിന്നായിരുന്നു അത്രയും കാലം ബ്രഹ്മാവിനെ സ്തുതിച്ചത്.രാവണനാകട്ടെ പഞ്ചാഗ്നി മദ്ധ്യത്തിൽ നിന്നു കൊണ്ടാണ് ബ്രഹ്മാവിനെ ധ്യാനിച്ചത്. ആയിരം വർഷം കഴിഞ്ഞിട്ടും ബ്രഹ്മാവ് പ്രത്യക്ഷപ്പെടാഞ്ഞതിൽ വൈരാഗ്യ ബുദ്ധിയോടെ രാവണൻ തൻ്റെ പത്തു തലകളിൽ ഒന്ന് വെട്ടിയെടുത്ത് അഗ്നിയിൽ ഹോമിച്ചു. ഇങ്ങനെ ഓരോ ആയിരം വർഷം കഴിയുമ്പോഴും ഓരോ തലകൾ വീതം വെട്ടിയെടുത്ത് അഗ്നിയിൽ ഹോമിച്ച രാവണൻ പതിനായിരം വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോൾ തൻ്റെ പത്താമത്തെ തലയും അറുക്കാൻ തുടങ്ങുന്ന വേളയിൽ പ്രത്യക്ഷനായ ബ്രഹ്മാവ് അത് തടഞ്ഞു കൊണ്ട് ഇഷ്ടവരങ്ങൾ ചോദിച്ചു കൊള്ളുവാൻ മൂവരോടും ആവശ്യപ്പെട്ടു.മനുഷ്യരിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും തനിക്ക് മരണമുണ്ടാവരുത് എന്ന വരം രാവണൻ നേടിയപ്പോൾ നിർദ്ദേവത്വം ആവശ്യപ്പെടാൻ നിന്ന കുംഭകർണ്ണൻ നാവു പിഴയാൽ നിദ്രാവത്വം അഥവാ ഉറക്കം വരമായി നേടി.വിഭീഷണനാവട്ടെ അടിയുറച്ച വിഷ്ണുഭക്തിയാണ് വരമായി ആവശ്യപ്പെട്ടത്.
വരലബ്ധിയാൽ ശക്തിയാർജ്ജിച്ച രാവണൻ ലങ്കയിലെത്തി കുബേരനെ ആട്ടിപ്പായിച്ച് ലങ്കാധിപനായെന്നു മാത്രമല്ല കുബേരനിൽ നിന്ന് പുഷ്പകവിമാനവും തട്ടിപ്പറിച്ചെടുത്തു!ഒപ്പം മഹാവിഷ്ണുവിൻ്റെ നിത്യ ശത്രുവാണ് താനെന്നുമുള്ള പ്രഖ്യാപനവും നടത്തി. രാവണൻ്റെ വിജയവാർത്തയറിഞ്ഞ് പാതാളവാസികളായ രാക്ഷസന്മാരെല്ലാം കൂട്ടത്തോടെ ലങ്കയിലെത്തി വാസം തുടങ്ങി. മയാസുരൻ്റെ വളർത്തു പുത്രിയായ മണ്ഡോദരിയെ രാവണൻ വിവാഹം ചെയ്തു. മേഘനാദൻ, അതികായൻ, അക്ഷകുമാരൻ എന്നിങ്ങനെ മൂന്നു പുത്രന്മാർ രാവണന് മണ്ഡോദരിയിൽ ജനിച്ചു.വർഷങ്ങൾക്കു ശേഷം സ്വപുത്രന്മാരോടും മറ്റ് രാക്ഷസന്മാരോടും കൂടി രാവണൻ സർവ്വലോകത്തേയും വിജയിച്ചു വാണു. രാവണൻ ലോകമെങ്ങും ജൈത്രയാത്ര ചെയ്തു നടന്ന അവസരത്തിൽ ഒരിക്കൽ നർമ്മദാനദിയുടെ തീരത്ത് ഒരു രാത്രി അനുചരന്മാരോടൊപ്പം കഴിഞ്ഞുകൂടി.പ്രഭാതത്തിലെഴുന്നേറ്റ് സ്നാനം ചെയ്ത ശേഷം മണൽത്തിട്ടയിൽ ശിവലിംഗം നാട്ടി ശൈവപൂജ ആരംഭിച്ചു.ആ സമയം ഹേ ഹയ വംശത്തിലെ സുപ്രസിദ്ധ രാജാവായ കാർത്തവീര്യാർജ്ജുനൻ തൻ്റെ ഭാര്യമാരോടു കൂടി നർമ്മദാനദിയിൽ രാവണൻ ഇരുന്നതിന് കുറേ താഴത്തു മാറി ജലക്രീഡ ആരംഭിച്ചു.കാർത്തവീര്യാർജ്ജുനൻ തൻ്റെ ആയിരം കൈകൾ കൊണ്ട് ജലപ്രവാഹത്തെ തടഞ്ഞു നിർത്തിയതിനാൽ നർമ്മദ യിൽ ജലം പൊങ്ങുകയും രാവണൻ തൻ്റെ പൂജാ വസ്തുക്കളുമായി ജലത്തിൽ മുങ്ങിപ്പോകുകയും ചെയ്തു!കുപിതനായ രാവണൻ വിവര മന്വേഷിക്കാൻ അനുചരന്മാരെ നദീതീരത്തുകൂടെ താഴോട്ടയച്ചു. കാർത്തവീര്യാർജ്ജുനൻ്റെ പ്രവർത്തിയാണ് വെള്ളപ്പൊക്കത്തിനു കാരണമായതെന്ന് അവരിൽ നിന്നും മനസിലാക്കിയ രാവണൻ ക്രുദ്ധനായി അങ്ങോട്ടു ചെന്ന് കാർത്തവീര്യാർജ്ജുനനുമായി ഏറ്റുമുട്ടി. യുദ്ധത്തിനൊടുവിൽ കാർത്ത വീര്യാർജ്ജുനൻ്റെ ഗദാപ്രഹരമേറ്റ് നിലംപതിച്ച രാവണൻ കാരാഗൃഹത്തിൽ ബന്ധനത്തിലുമായി ! ഒരു വർഷക്കാലമായി കാർത്തവീര്യാർജ്ജുനൻ്റെ കാരാഗൃഹത്തിൽ കഴിയുന്ന രാവണനെ അദ്ദേഹത്തിൻ്റെ പിതാമഹനായ പുലസ്ത്യമുനിയുടെ അപേക്ഷ മാനിച്ച് സ്വതന്ത്രനാക്കിയ കാർത്തവീര്യൻ അനന്തരകാലങ്ങളിൽ രാവണൻ്റെ സുഹൃത്തായി കഴിഞ്ഞുകൂടുകയുണ്ടായി.

(നാളെ.. രാവണൻ തുടരും)
എ.ബി.വി കാവിൽപ്പാട്
Share it:

Ramayanam

Post A Comment:

0 comments: