ലങ്കയിലെ ഗോപുരത്തിലിരുന്ന് ലങ്കാനഗരിയെ രക്ഷിച്ചു വന്നിരുന്ന ദേവി.ഹനുമാൻ്റെ അടിയേറ്റ് ശാപമോക്ഷം കൈവന്നവൾ. ലങ്കാലക്ഷ്മി പൂർവ്വജന്മത്തിൽ ബ്രഹ്മാവിൻ്റെ ഭണ്ഡാരം കാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന വിജയലക്ഷ്മി ആയിരുന്നു. ഏല്പിച്ചിരുന്ന ജോലിയിൽ അശ്രദ്ധ കാണിച്ചതിനാൽ " നീ പോയി രാവണൻ്റെ ഗോപുരം കാത്ത് വാഴുക " എന്ന് ബ്രഹ്മാവ് ശപിക്കുകയുണ്ടായി. ശാപമോക്ഷത്തിനായി അപേക്ഷിച്ച വിജയലക്ഷ്മിയോട് രാമാവതാരകാലത്ത് രാമപത്നിയായ സീതയെ അന്വേഷിച്ച് ഹനുമാൻ എന്നൊരു വീരവാനരൻ ലങ്കയിൽ എത്തുമെന്നും ആ വാനരൻ്റെ അടിയേറ്റ് ശാപമോക്ഷം ലഭിക്കുന്നതു വഴി തിരികെ സ്വർഗ്ഗത്തിലേക്കു മടങ്ങാമെന്നുള്ള ശാപമോക്ഷം ബ്രഹ്മാവ് നൽകി. ബ്രഹ്മശാപമനുസരിച്ച് വിജയലക്ഷ്മി ലങ്കയിൽ പിറവിയെടുത്തു.തുടർന്ന് ലങ്കാലക്ഷ്മി എന്ന പേരിൽ രാവണൻ്റെ ഗോപുരം കാവല്ക്കാരിയായി സേവനമനുഷ്ഠിച്ചു വന്നു.
സീതയെ അന്വേഷിച്ച് ലങ്കയിലെത്തിയ ഹനുമാൻ നഗരത്തിലേക്ക് പ്രവേശിക്കാനുള്ള വഴി തേടി നടന്നപ്പോൾ സുബേലഗിരിയുടെ വടക്കേ അറ്റത്തായി ലങ്കാനഗരിയുടെ പ്രധാന ഗോപുരം ഉയർന്നു ശോഭിക്കുന്നതായി കണ്ടു. ഗോപുരത്തോടടുത്ത ഹനുമാൻ അത് ഭദ്രമായി അടച്ചിരിക്കുന്നത് കണ്ട് തൻ്റെ വലതുകൈ ചുരുട്ടി ബലമായി ഇടിച്ചു.രണ്ടായി പിളർന്ന് നിലംപതിച്ച കതകിനു പുറകിൽ നിന്നും ഒരു ഭീകര സ്ത്രീരൂപം പുറത്തേക്കു ചാടിയിറങ്ങി. അത് ലങ്കാലക്ഷ്മിയായിരുന്നു. തന്നെ കണ്ട് ദിഗന്തങ്ങൾ പൊട്ടുമാറ് അലറിക്കൊണ്ട് അടിക്കാൻ കൈയ്യോങ്ങിയ ലങ്കാലക്ഷ്മിയെ ഹനുമാൻ അടിച്ചുവീഴ്ത്തി ! ഉടൻ തന്നെ വിനയവതിയായി മാറിയ ലങ്കാലക്ഷ്മി ഹനുമാനിൽ നിന്ന് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.ഹനുമാനുവേണ്ട വസ്തുതകളെല്ലാം പറഞ്ഞു കൊടുത്ത ലങ്കാലക്ഷ്മി അദ്ദേഹത്തോട് യാത്ര പറഞ്ഞ് ലങ്ക ഉപേക്ഷിച്ച് ശ്രീരാമസന്നിധിയിലെത്തി അനുഗ്രഹങ്ങൾ വാങ്ങിയ ശേഷം ശാപമോക്ഷം നേടി ബ്രഹ്മാവിൻ്റെ സമീപമെത്തി തൻ്റെ ഭണ്ഡാരം സൂക്ഷിപ്പു ജോലിയിൽ വ്യാപൃതയായി!
എ.ബി.വി കാവിൽപ്പാട്
(നാളെ ... രാവണൻ )
Post A Comment:
0 comments: