രാക്ഷസരാജാവായ രാവണൻ്റെ ഭാര്യ. മണ്ഡോദരിയുടെ പൂർവ്വ ചരിത്രം പറയുന്നത് ഇപ്രകാരമാണ്.കശ്യപ പ്രജാപതിക്ക് ദനു എന്ന ഭാര്യയിൽ മയൻ എന്ന അസുരൻ പിറന്നു. ഒരിക്കൽ അപ്സരസ്സുകളുടെ ന്യത്തം കാണാൻ ദേവലോകത്തു ചെന്ന മയൻ അവിടെ നൃത്തത്തിൽ പങ്കുകൊണ്ടിരുന്ന ഹേമ എന്ന അപ്സരസ്സിൽ അനുരക്തനായി. വിവരമറിഞ്ഞ ഇന്ദ്രാദികൾ ഹേമയെ മയന് വിവാഹം ചെയ്തു കൊടുത്തു. ഹിമവാൻ്റെ തെക്കേ ചെരുവിൽ ഹേമപുരം എന്നൊരു നഗരം നിർമ്മിച്ച് ഹേമയും മയനും അവിടെ താമസമാക്കി. മായാവി എന്നും ദുന്ദുഭി എന്നുമുള്ള രണ്ട് പുത്രന്മാർ അവർക്കു ജനിച്ചെങ്കിലും ഒരു പുത്രിയുടെ അഭാവത്തിൽ ദു:ഖിതരായ മയനും ഹേമയും ഹിമവൽ പാർശ്വത്തിലിരുന്ന് ശിവനെ തപസ്സു ചെയ്തു.അക്കാലത്ത് സോമവാരവ്രതം നോറ്റുകൊണ്ട് മധുര എന്നൊരു ദേവസ്ത്രീ ശിവനെ നമസ്കരിക്കുന്നതിന് കൈലാസത്തിലെത്തി.പാർവ്വതിയുടെ അഭാവത്തിൽ ഏകാന്തതയിലുള്ള കണ്ടുമുട്ടൽ ശിവനേയും മധുരയേയും സമാഗമത്തിനു പ്രേരിപ്പിച്ചു.പാർവ്വതി തിരികെ വന്നപ്പോൾ കണ്ടത് ശിവൻ്റെ ശരീരത്തിലെ ഭസ്മം മധുരയുടെ കുചങ്ങളിൽ പറ്റിയിരിക്കുന്ന കാഴ്ചയാണ്. കുപിതയായ പാർവ്വതി പന്ത്രണ്ടുവർഷം പാഴ്ക്കിണറ്റിലെ തവളയായി കഴിയട്ടെ എന്ന് മധുരയെ ശപിച്ചു! പാർവ്വതീ ശാപം കേട്ട ശിവൻ സ്തംഭിച്ചിരുന്നു പോയി. ശാപവാക്കുകളേറ്റ മധുര മയൻ തപസ്സു ചെയ്യുന്നതിനു സമീപത്തുള്ള പൊട്ടക്കിണറ്റിൽ തവളയായി ജീവിതം തുടങ്ങി. ആരുമറിയാതെ അവിടെയെത്തിയ ശിവൻ, തവളയായി കഴിയുന്ന മധുര പന്ത്രണ്ടു വർഷത്തിനുശേഷം അതിസുന്ദരിയായ ഒരു കന്യകയായി മാറുമെന്നും നിതാന്ത പരാക്രമിയായ ഒരാൾ അവളെ വിവാഹം കഴിക്കുമെന്നുമുള്ള ശാപമോക്ഷം നൽകുകയുണ്ടായി.പന്ത്രണ്ടു വർഷം കഴിഞ്ഞ് ശാപമോക്ഷം നേടിയ തവള സുന്ദരിയായ ഒരു കന്യകയായി ആ കിണറ്റിൽ കിടന്നു കരഞ്ഞു.ശബ്ദം കേട്ട കിണറ്റിനരികിലേക്ക് ഓടിയെത്തിയ മയനും ഹേമയും ആ കന്യകയെ പുറത്തെടുത്ത് മണ്ഡോദരി എന്ന പേരും നൽകി വളർത്തി. ജൈത്രയാത്രാവേളയിൽ ആ വഴി വരാനിടയായ രാവണൻ മണ്ഡോദരിയെക്കണ്ട് അനുരക്തനായി. വിധിപ്രകാരം മയനും ഹേമയും മണ്ഡോദരിയെ രാവണനു വിവാഹം ചെയ്തു കൊടുത്തു. രാവണന് മണ്ഡോദരിയിൽ മേഘനാദൻ, അതികായൻ, അക്ഷകുമാരൻ എന്നീ മൂന്ന് പുത്രന്മാർ ജനിക്കുകയുണ്ടായി.
(നാളെ ..കുംഭകർണ്ണൻ )
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: