രാവണപത്നിയായ മണ്ഡോദരി ജന്മം നൽകിയ മേഘനാദൻ യഥാർത്ഥത്തിൽ രാവണപുത്രനല്ല മറിച്ച് ശിവപുത്രനാണെന്ന് ഉത്തര രാമായണത്തിൽ പറയുന്നു. പൊട്ടക്കിണറ്റിൽ നിന്നും ലഭിച്ച കന്യകയെ മണ്ഡോദരി എന്നു നാമകരണം ചെയ്ത് വളർത്തിവന്ന മയനും ഹേമയും അവളെ രാവണന് വിവാഹം ചെയ്തു കൊടുത്തു.പന്ത്രണ്ടു വർഷം മുമ്പ് അവളുടെ (മധുരയുടെ ) ഗർഭത്തിൽ പ്രവേശിച്ചിരുന്ന ശൈവബീജം ആ ഘട്ടത്തിലാണ് പുത്രരൂപത്തിൽ പുറത്തു വന്നത്. രാവണൻ കുട്ടിക്ക് മേഘനാദൻ എന്നു പേരിട്ടു. വാസ്തവത്തിൽ ശിവപുത്രനായതുകൊണ്ടുതന്നെ മേഘനാദൻ അതീവ പരാക്രമിയായി വളർന്നു വന്നു.
ഒരിക്കൽ ദ്വിഗ്വിജയത്തിനായി രാവണൻ ലങ്കയിൽ നിന്നും പോയ അവസരത്തിൽ നികുംഭില എന്ന കർമ്മഭൂമിയിലേക്കു ചെന്ന മേഘനാദൻ ശുക്ര മഹർഷിയെ പുരോഹിതനാക്കിക്കൊണ്ട് ഏഴു യാഗങ്ങൾ നടത്തി.അഗ്നിഷ്ടോമം, അശ്വമേധം, ബഹുസ്വർണ്ണം, വൈഷ്ണവം,മഹേശ്വരം, രാജസൂയം, ഗോസമം എന്നിവയായിരുന്നു ആ ഏഴു യാഗങ്ങൾ.ശൈവയാഗം നടത്തിയതിൽ സന്തുഷ്ടനായ ശിവൻ മേഘനാദന് സമാധി എന്നൊരു വിദ്യ ഉപദേശിച്ചു കൊടുത്തു.മറ്റുള്ളവരുടെ ഇടയിൽ അദൃശ്യനായി നടക്കാൻ ഉപകരിക്കുന്നതായിരുന്നു ആ വിദ്യ.
മറ്റൊരിക്കൽ രാവണൻ സൈന്യ സന്നാഹങ്ങളോടെ ഇന്ദ്രലോകം വളഞ്ഞു. ഇന്ദൻ രാവണനോടും ഇന്ദ്രപുത്രനായ ജയന്തൻ മേഘനാദനോടും ഘോര യുദ്ധം ചെയ്തു. യുദ്ധത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ മേഘനാദൻ ശിവദത്തമായ സമാധി എന്ന വിദ്യ പ്രയോഗിച്ചതോടെ അന്യർക്ക് അദൃശ്യനായി നിന്നുകൊണ്ട് മേഘനാദൻ ശരമാരി വർഷിച്ചു തുടങ്ങി. യുദ്ധഭൂമിയിൽ മോഹാലസ്യപ്പെട്ടു വീണ ജയന്തനെ ഇന്ദ്രാണിയുടെ അച്ഛനായ പുലോമാവ് ആരുമറിയാതെ സമുദ്രത്തിലൊളിപ്പിച്ചു.ജയന്തൻ മരിച്ചുവെന്നായിരുന്നു എല്ലാവരും കരുതിയത്. വാശിയോടെ ഇന്ദ്രൻ എയ്ത വജ്രായുധമേറ്റ് രാവണൻ നിലം പതിച്ചപ്പോൾ മേഘനാദൻ അദൃശ്യനായി ഓടിച്ചെന്ന് ഇന്ദ്രൻ്റെ രഥത്തിൽ ചാടിക്കയറി അദ്ദേഹത്തെ പിടിച്ചുകെട്ടി. യുദ്ധരംഗത്തു നിന്നും ആലസ്യം വിട്ട് എഴുന്നേറ്റ രാവണനും മേഘനാദനും കൂടി ബന്ധനസ്ഥനായ ഇന്ദ്രനെ ലങ്കയിൽ കൊണ്ടുവന്ന് ഇരുമ്പു ചങ്ങലയിൽ കൊടിമരത്തിൻ ചുവട്ടിൽ പൂട്ടിയിട്ടു.ദു:ഖിതരായ ദേവന്മാർ ബ്രഹ്മാവിൻ്റെ അടുക്കൽ ചെന്ന് സങ്കടം ബോധിച്ചപ്പോൾ ലങ്കയിലെത്തിയ ബ്രഹ്മാവ് മേഘനാദന് ഇന്ദ്രനെ ജയിച്ചവൻ എന്ന അർത്ഥത്തിൽ ഇന്ദ്രജിത്ത് എന്നു നാമകരണം ചെയ്തു. ഒരിക്കലും മരിക്കാത്ത വരം വേണമെന്ന് ഇന്ദ്രജിത്ത് ബ്രഹ്മാവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നൽകിയില്ല. മറ്റെന്തെങ്കിലും വരം ആവശ്യപ്പെട്ടോളാൻ പറഞ്ഞപ്പോൾ ഇന്ദ്രജിത്ത് ആവശ്യപ്പെട്ടത് താൻ ഒരു ഹോമം ചെയ്തു കഴിയുമ്പോൾ ഹോമകുണ്ഡത്തിൽ നിന്നും ഒരു തേരും ആവശ്യമായ കുതിരകളും പുറപ്പെടണമെന്നും ആ തേരിൽ കയറി യുദ്ധം ചെയ്യുമ്പോൾ ആരും തന്നെ വധിക്കരുതെന്നുമുള്ള വരം തരണമെന്നും താൻ ചെയ്യുന്ന ഹോമം അവസാനിപ്പിക്കാതെ ഉപേക്ഷിച്ചു പോകുമെങ്കിൽ ശത്രുക്കൾ തന്നെ വധിച്ചു കൊള്ളട്ടെയെന്നുമുള്ള മേഘനാദൻ്റെ ആവശ്യം ബ്രഹ്മാവ് അനുവദിച്ചു. ഒരു വർഷത്തെ ജയിൽവാസത്തിനു ശേഷമാണ് ബ്രഹ്മ നിർദ്ദേശപ്രകാരം ഇന്ദൻ ലങ്കയിൽ നിന്നും മോചിതനായത്!രാമരാവണയുദ്ധം നടക്കുന്ന അവസരത്തിൽ ഇന്ദ്രജിത്ത് ലക്ഷ്മണനുമായി ഒരു നാൾ ഏറ്റുമുട്ടിയശേഷം രാക്ഷസ വിജയത്തിനായി നികുംഭില എന്ന സ്ഥലത്തുവച്ച് ഒരു യാഗം ആരംഭിച്ചു. യാഗത്തിനു വിഘ്നം വരുത്തിയാൽ മേഘനാദൻ വധിക്കപ്പെടുമെന്ന് ബ്രഹ്മാവ് നൽകിയിട്ടുള്ള വരത്തെക്കുറിച്ച് വിഭീഷണൻ രാമലക്ഷ്മണന്മാരെ അറിയിച്ചു. സന്തുഷ്ടരായ രാമലക്ഷ്മണന്മാർ ആ അസുലഭ സന്ദർഭം പാഴാക്കാതെ യാഗത്തിൽ മുഴുകിയിരുന്ന ഇന്ദ്രജിത്തുമായി യുദ്ധത്തിനു മുതിർന്നു .യാഗം പൂർത്തിയാക്കാതെ ഇന്ദ്രജിത്ത് എഴുന്നേറ്റ് യുദ്ധം തുടങ്ങി.ആ ഘോരയുദ്ധത്തിൽ ലക്ഷ്മണൻ ഇന്ദ്രജിത്തിനെ വധിച്ചു!!!
(നാളെ ..കുംഭകർണ്ണൻ )
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: