രാമായണത്തിലെ കഥാപാത്രങ്ങൾ - അഹല്യ

Share it:

പഞ്ചകന്യകമാരിൽ ഒരാളായ അഹല്യ പുരുവംശജനായ പഞ്ചാശൻ്റെ പുത്രിയും ഗൗതമ മഹർഷിയുടെ പത്നിയുമാണ്. യാതൊരു വിധ ഹല്യവും അഥവാ വൈരൂപ്യവും ഇല്ലാത്തവൾ എന്ന അർത്ഥത്തിലാണ് അഹല്യ എന്ന പേരുണ്ടായത്.
ഗൗതമ മഹർഷിയും ഭാര്യയായ അഹല്യയും ആശ്രമത്തിൽ താമസിച്ചു വരവെ സുന്ദരിയായ അഹല്യയിൽ അനുരക്തനായ ഇന്ദ്രൻ ഒരിക്കൽ മഹർഷി ആശ്രമത്തിൽ ഇല്ലാതിരുന്ന സന്ദർഭം നോക്കി ഗൗതമ വേഷത്തിൽ ആശ്രമത്തിലെത്തി.വേഷ പ്രച്ഛന്നനായ ഇന്ദ്രനും അഹല്യയും തമ്മിൽ സമാഗമം നടക്കുന്ന വേളയിൽ ഗൗതമ മുനി വന്നു ചേർന്നു. കുപിതനായ ഗൗതമൻ ഇന്ദ്രൻ്റെ വൃഷണം നഷ്ടപ്പെടട്ടെ എന്നും അഹല്യ ഒരു കല്ലായി തീരട്ടെ എന്നും ശപിച്ചു. ത്രേതായുഗത്തിൽ ശ്രീരാമൻ ആശ്രമ പരിസരത്തെത്തുമ്പോൾ അദ്ദേഹത്തിൻ്റെ പാദസ്പർശനം ഏല്ക്കുന്ന മാത്രയിൽ പൂർവ്വരൂപം കൈവരുമെന്നുള്ള ശാപമോക്ഷവും അഹല്യയ്ക്കു നൽകി. താടകാവധത്തിനു ശേഷം രാമലക്ഷ്മണന്മാർ വിശ്വാമിത്ര മഹർഷിയുടെ കൂടെ ജനക മഹാരാജാവിൻ്റെ കൊട്ടാരത്തിലേക്കു പോകും വഴിയിൽ ഗൗതമാശ്രമപരിസരത്തുള്ള കല്ലിൽ ശ്രീരാമപാദം സ്പർശിച്ച മാത്രയിൽ ശിലയായി തീർന്നിരുന്ന അഹല്യയ്ക്ക് ശാപമോക്ഷം ലഭിച്ച് പൂർവ്വരൂപം കൈവന്നു.ഗൗതമ മുനിയോടൊപ്പം അഹല്യ വീണ്ടും ആശ്രമത്തിൽ വളരെക്കാലം കഴിഞ്ഞു കൂടി.
അരുണീദേവി എന്ന സ്ത്രീരൂപം ധരിച്ച അരുണ നിൽ ഇന്ദ്രനും സൂര്യനും ഉണ്ടായ പുത്രന്മാരാണ് യഥാക്രമം ബാലിയും സുഗ്രീവനും. സൂര്യൻ്റെ നിർദ്ദേശമനുസരിച്ച് അരുണൻ ബാലിയേയും സുഗ്രീവനേയും അഹല്യയുടെ ആശ്രമത്തിൽ വളർത്താൻ ഏല്പിച്ചു. അങ്ങനെ അഹല്യ ബാലിസുഗ്രീവന്മാരുടെ വളർത്തമ്മയുമായി!
(നാളെ .. ശൂർപ്പണഖ )
എ.ബി.വി കാവിൽപ്പാട്
Share it:

Ramayanam

Post A Comment:

0 comments: