സുകേതു എന്ന യക്ഷന് ബ്രഹ്മാവിൻ്റെ അനുഗ്രഹത്താൽ ജനിച്ച പുത്രിയാണ് താടക.ആയിരം ആനകളുടെ ശക്തി ബ്രഹ്മാവ് ഇവൾക്കു നൽകി. പരുഷമായ അക്രമ പ്രവർത്തിക്കു പുറമെ മായാപ്രവൃത്തിയും താടകയ്ക്ക് സ്വതസിദ്ധമായിരുന്നു. ത്സർത്സരൻ്റെ പുത്രനായ സുന്ദനെയായിരുന്നു താടക ഭർത്താവായി സ്വീകരിച്ചത്.അതിൽ മാരീചൻ, സുബാഹു എന്നീ രണ്ടു പുത്രന്മാർ താടകയ്ക്കു ജനിച്ചു.അവരും മാതാവിനെപ്പോലെ അതിശക്തരും മായാവികളുമായിത്തീർന്നു.
ഒരിക്കൽ മദോന്മത്തനായ സുന്ദൻ അഗസ്ത്യമുനിയുടെ ആശ്രമത്തെ ആക്രമിച്ചു. അഗസ്ത്യൻ്റെ കോപാഗ്നിയിൽ സുന്ദൻ ചാമ്പലായിപ്പോയി! ഭർത്താവിൻ്റെ മരണത്തിൽ ക്രുദ്ധയായിത്തീർന്ന താടക മക്കളേയും കൂട്ടി അഗസ്ത്യാ ശ്രമം ആക്രമിച്ചു.കുപിതനായ അഗസ്ത്യൻ താടകയേയും മക്കളേയും ശപിച്ച് രാക്ഷസരാക്കി. ഘോര രൂപികളായ അവർ ആദ്യം രാക്ഷസവംശ പിതാവായ സു മാലിയോടൊന്നിച്ച് പാതാളത്തിലും തുടർന്ന് രാക്ഷസരാജാവായ രാവണനോടൊന്നിച്ച് ലങ്കയിലും കഴിഞ്ഞു.ലങ്കാധിപനായ രാവണൻ്റെ സഹായത്തോടെ കരൂഷം എന്ന സ്ഥലത്തുള്ള കൊടുംകാട് കൈവശപ്പെടുത്തിയ താടക മക്കളോടൊപ്പം അവിടെ താമസം തുടങ്ങി. താടകയെ ഭയന്ന് ദേവന്മാരോ വനദേവതകളാ മനുഷ്യന്മാരോ ആ വനത്തിൽ എത്തിനോക്കാൻ പോലും ധൈര്യപ്പെട്ടില്ല. സൂര്യചന്ദ്രന്മാർ പോലും ആകാശ ഭാഗത്തു കൂടി സഞ്ചരിക്കാൻ ഒരുമ്പെട്ടിരുന്നില്ല! അക്കാലത്താണ് രാമലക്ഷ്മണന്മാർ വിശ്വാമിത്രനോടൊത്ത് ആ കാട്ടിലെത്തുന്നത്.അവരെ കണ്ട മാത്രയിൽ ഘോരരൂപിണിയായ താടക ശരവേഗത്തിൽ പാഞ്ഞു വന്ന് ഒരു പാറയെടുത്ത് വിശ്വാമിത്രൻ്റെ നേർക്കെറിഞ്ഞു. തൽക്ഷണം രാമബാണമേറ്റ് ആ പാറ പൊട്ടിച്ചിതറി. മാനഹാനിയാൽ കുപിതയായ താടക അലറിക്കൊണ്ട് രാമനോടടുത്തുവെങ്കിലും ഒറ്റ ബാണം കൊണ്ട് രാമൻ അവളുടെ കഥ കഴിച്ചു ! താടകയിൽ നിന്നും ചിതറിയ രക്തത്താൽ കാട് കുരുതിക്കളമായി മാറി.മല പോലെ കിടന്നിരുന്ന താടകയുടെ ശരീരത്തിൽ നിന്നും സൂക്ഷ്മദേഹം ഒരു ഗന്ധർവ്വ സുന്ദരിയായി പരിണമിച്ചു. ശാപമുക്തി നേടിയ താടക ശ്രീരാമനെ വണങ്ങിയ ശേഷം ഗന്ധർവ്വലോകത്തേക്കു യാത്രയായി!
(നാളെ .. അഹല്യ)
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: