ബ്രഹ്മപുത്രനായ വിശ്രവസ്സിന് സുമാലീ പുത്രിയായ കൈകസിയിൽ ജനിച്ച നാലു മക്കളിൽ ഇളയവളാണ് ശൂർപ്പണഖ .രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നിവരാണ് മറ്റ് മൂന്നു പേർ.ശൂർപ്പം അഥവാ മുറം പോലുള്ള നഖമുള്ളതിനാലാണ് ശൂർപ്പണഖ എന്ന പേരുണ്ടായത്.ശൂർപ്പണഖക്കു പ്രായമായപ്പോൾ രാവണൻ അവളെ വിദ്യുജ്ജിഹ്വൻ എന്ന രാക്ഷസനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.അവർക്ക് ശംഭുകുമാരൻ എന്നൊരു പുത്രനും ജനിച്ചു.
രാവണൻ ജൈത്രയാത്ര കഴിഞ്ഞ് മടങ്ങിവരുന്ന ഘട്ടത്തിൽ വിദ്യുജ്ജിഹ്വൻ്റെ സഹോദരന്മാരായിരുന്ന കാല കേയന്മാർ രാവണനുമായി യുദ്ധത്തിലേർപ്പെട്ട് വധിക്കപ്പെട്ടു.സഹോദരന്മാരുടെ മരണത്തിൽ ക്രുദ്ധനായ വിദ്യുജ്ജിഹ്വൻ രാവണനെ നേരിട്ടു.ആ യുദ്ധത്തിൽ വിദ്യുജ്ജിഹ്വനും രാവണനാൽ വധിക്കപ്പെട്ടു. ഭർത്താവിൻ്റെ മരണവാർത്തയറിഞ്ഞ ശൂർപ്പണഖ രാവണൻ്റെ മുന്നിലെത്തി അലമുറയിട്ടു.അവളുടെ കണ്ണീരിൽ മനസ്സലിഞ്ഞ രാവണൻ ശൂർപ്പണഖയോട് ത്രിലോകങ്ങളിൽ സഞ്ചരിച്ച് അവൾക്ക് ഇഷ്ടമുള്ള പുരുഷനെ വരിച്ചുകൊള്ളാൻ അനുമതി നൽകി.തന്നെ ബന്ധുവായി ലഭിക്കാൻ ആഗ്രഹിക്കാത്തവരായി ത്രിലോകങ്ങളിൽ ആരുമില്ലെന്നുള്ള കണക്കുകൂട്ടലിലായിരുന്നു രാവണൻ. അതു കൊണ്ടു തന്നെ ശൂർപ്പണഖയുടെ ആഗ്രഹത്തിന് ആരേലും അപ്രിയം പറഞ്ഞാൽ അക്കാര്യം തന്നെ അറിയിക്കുന്ന പക്ഷം അയാളെ ശൂർപ്പണഖയുടെ ഭർത്താവാക്കി കൊള്ളാമെന്നും രാവണൻ വാക്കു നൽകി!
സഹോദരൻ്റെ വാക്കുകൾ കേട്ട് സന്തുഷ്ടയായ ശൂർപ്പണഖ പറ്റിയൊരു വരനേയും അന്വേഷിച്ച് ഖരദൂഷണ ത്രിശിരസ്സുകളോടൊന്നിച്ച് ത്രിലോകം മുഴുവൻ ചുറ്റിനടന്നു. ആ ഘട്ടത്തിലാണ് രാമലക്ഷ്മണന്മാർ സീതയൊന്നിച്ച് പഞ്ചവടിയിൽ താമസമാക്കിയത്.ദണ്ഡകാരണ്യത്തിൻ്റെ തെക്കേ അരികിലുള്ള ജനസ്ഥാനത്തിൽ താമസമാക്കിയ ശൂർപ്പണഖ തനിക്ക് അനുയോജ്യനായ വരനെ അന്വേഷിച്ച് ലോകം മുഴുവൻ ചുറ്റിയെങ്കിലും എങ്ങും കണ്ടെത്തിയില്ല. അപ്പോഴാണ് ശ്രീരാമാദികളുടെ വിവരം ശൂർപ്പണഖ അറിയുന്നത്.ലളിതവേഷധാരിണിയായി പഞ്ചവടിയിൽ പ്രവേശിച്ച അവൾ ശ്രീരാമനെ കണ്ട് കാമവിവശയായി തൻ്റെ ഇംഗിതം രാമനെ അറിയിച്ചു.ശ്രീരാമൻ തൻ്റെ അഭ്യർത്ഥന കൈക്കൊള്ളാതെ വന്നപ്പോൾ സീത ജീവിച്ചിരിക്കേ തൻ്റെ ആഗ്രഹം നടക്കാൻ പോകില്ലെന്നുള്ള ചിന്തയോടെ ശൂർപ്പണഖ സീതയുടെ നേരെ ചീറിയടുത്തു.ഈ രംഗങ്ങളെല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന ലക്ഷ്മണൻ ഓടിയെത്തി ആശ്രമത്തിൽ നിന്നും ശൂർപ്പണഖയെ പുറത്താക്കിയ ശേഷം അവളുടെ കർണ്ണനാസാകുചങ്ങൾ ഛേദിച്ച് വിരൂപയാക്കുകയും ചെയ്തു. ചോരയൊലിപ്പിച്ചു കൊണ്ട് രാവണ സന്നിധിയിലെത്തിയ ശൂർപ്പണഖ അലമുറയിട്ടു കരഞ്ഞ് കാര്യങ്ങൾ അറിയിച്ചു.രാവണ നിർദ്ദേശമനുസരിച്ച് ഖരദൂഷണാദികൾ പഞ്ചവടിയിലെത്തി രാമലക്ഷ്മണന്മാരുമായി ഏറ്റുമുട്ടി കൊല്ലപ്പെടുകയുണ്ടായി.
(നാളെ .. മാരീചൻ )
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: