രാമായണത്തിലെ കഥാപാത്രങ്ങൾ - മാരീചൻ

Share it:

താടകയുടെ രണ്ടു പുത്രന്മാരിൽ ഒരാൾ. സുബാഹുവാണ് മറ്റേയാൾ. രാവണൻ്റെ മാതുലൻ കൂടിയാണ് മാരീചൻ എന്ന ഈ രാക്ഷസൻ.സഹോദരങ്ങളായ മാരീചനും സുബാഹുവും എല്ലാ തരം ആയുധവിദ്യകളും അഭ്യസിച്ചിരുന്നു.വനപ്രദേശങ്ങളിലെ സമാധാന പ്രിയരായ മുനിമാരെ ഉപദ്രവിക്കുകയായിരുന്നു ഇരുവരുടേയും പ്രധാന വിനോദം. മാരീചൻ്റെ ശല്യം അസഹനീയമായപ്പോൾ വിശ്വാമിത്ര മഹർഷി അയോദ്ധ്യയിൽ ചെന്ന് രാമലക്ഷ്മണന്മാരെ വനത്തിലേക്ക് കൂട്ടി വന്നു. രാമബാണത്തിൻ്റെ ഭീകര ധ്വനി കേട്ട മാരീചൻ കടലിൻ്റെ മറുകരയിലേക്ക് തെറിച്ചു വീഴുകയുണ്ടായി! അന്നു മുതൽ ജടാവൽക്കല ധാരിയായി ആശ്രമവാസം തുടർന്നു വരുകയായിരുന്നു മാരീചൻ.
ലക്ഷ്മണനാൽ വിരൂപയാക്കപ്പെട്ട ശൂർപ്പണഖയുടെ നിർദ്ദേശമനുസരിച്ച് സീതയെ അപഹരിക്കാൻ നിശ്ചയിച്ചുറച്ച രാവണൻ തൻ്റെ പുഷ്പകവിമാനത്തിലേറി കടലും വനങ്ങളും താണ്ടി മാതുലനായ മാരീചൻ്റെ അടുത്തെത്തി സഹായത്തിന് കൂട്ടുവിളിച്ചു. രാമബാണത്തെപ്പറ്റി നല്ല ബോധ്യമുള്ള മാരീചൻ രാവണൻ്റെ ഉദ്യമത്തെ തടയാൻ ശ്രമിച്ചപ്പോൾ രാവണൻ കോപാകുലനായി. രാവണൻ്റെ കൈയ്യാൽ മരിക്കുന്നതിലും ഭേദം ശ്രീരാമൻ്റെ കൈ കൊണ്ട് മരിക്കുന്നതാണ് ഉചിതം എന്നു മനസിലുറപ്പിച്ച മാരീചൻ രാവണൻ്റെ ആഗ്രഹത്തിനു വഴങ്ങി. ഇരുവരും വിമാനത്തിലേറി പഞ്ചവടിയിലെ ആശ്രമ പരിസരത്തെത്തി.ആരേയും ആകർഷിക്കാൻ പോന്ന സുന്ദരമായ ഒരു മാൻകുട്ടിയായി മായാരൂപം കൈവരിച്ച മാരീചൻ ആശ്രമ പ്രാന്തത്തിൽ പ്രവേശിച്ചു. തുള്ളിക്കളിക്കുന്ന സുന്ദരനായ ആ മാൻകുട്ടിയെ കിട്ടണമെന്ന് സീതക്ക് ആഗ്രഹമായി.രാമൻ അമ്പും വില്ലുമെടുത്ത് അതിനെ അനുഗമിച്ചു.താൻ അടുക്കുന്തോറും ആ സുവർണ്ണമൃഗം കൂടുതൽ കൂടുതൽ അകലുന്നതിൽ സംശയം തോന്നിയ രാമൻ ഒടുവിൽ അതിനെ എയ്തു വീഴ്ത്തി ! അമ്പുതറച്ച ആ സുവർണ്ണമൃഗം സ്വന്തം രൂപം ധരിച്ച് രാമൻ്റെ ശബ്ദത്തിൽ "ഹാ.. ലക്ഷ്മണാ!" എന്നു ഉറക്കെ നിലവിളിച്ചു. ലക്ഷ്മണനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു മാരീചൻ അപ്രകാരം ചെയ്തത്.അങ്ങനെ സീതാപഹരണത്തിന് രാവണനു വഴിയൊരുക്കിയ ശേഷം മാരീചൻ മരണമടയുകയാണുണ്ടായത്

(നാളെ .. ശബരി )
എ.ബി.വി കാവിൽപ്പാട് 
Share it:

Ramayanam

Post A Comment:

0 comments: