രാമായണത്തിലെ കഥാപാത്രങ്ങൾ - ശബരി

Share it:

വനവാസകാലത്ത് ശ്രീരാമൻ മോക്ഷം നൽകിയ ഒരു കാട്ടാള സ്ത്രീയായിരുന്നു ശബരി. പൂർവ്വജന്മത്തിൽ ചിത്രകവചൻ എന്ന ഗന്ധർവ്വ രാജാവിൻ്റെ ഏകപുത്രിയായ മാലിനിയാണ് പിന്നീട് ശബരിയായത്. അതിനു കാരണമായ സംഭവം ഇപ്രകാരമാണ്. മഹാബ്രഹ്മജ്ഞാനിയായിരുന്ന വീതിഹോത്രൻ എന്ന ഗന്ധർവ്വ രാജകുമാരൻ മാലിനിയെ വിവാഹം ചെയ്തു. ദൗർഭാഗ്യമെന്നു പറയട്ടെ വിവാഹശേഷം മാലിനി കല്മാഷൻ എന്ന കിരാതനെ പ്രണയിച്ചു തുടങ്ങി. വിവരമറിഞ്ഞ വീതി ഹോത്രൻ ഭർതൃവഞ്ചകിയായ മാലിനിയെ കാട്ടാളക്കാമിനിയായി രൂപാന്തരപ്പെടട്ടെ എന്നു ശപിച്ചു.മാലിനി കണ്ണീർ വാർത്തുകൊണ്ട് ഭർത്താവിനു സമീപം ശാപമോക്ഷത്തിനായി യാചിച്ചു.മനസ്സലിഞ്ഞ വീതി ഹോത്രൻ അവൾക്കുള്ള കളങ്കപരിഹാരവും ശാപപരിഹാരവും ശ്രീരാമനിൽ നിന്നു ലഭിക്കുമെന്നുള്ള ശാപമോക്ഷം നൽകി.
കാട്ടാള സ്ത്രീയായി പരിണമിച്ച മാലിനി മതംഗാശ്രമ പരിസരത്തു വന്നു ചേർന്നു. ആ പ്രദേശം അവൾക്കേറെ പ്രിയമായി.ഒരിക്കലും വാടിപ്പോകാത്ത പുഷ്പങ്ങളുള്ള വൃക്ഷലതാദികൾ മാതംഗാശ്രമത്തിൻ്റെ ഒരു പ്രത്യേകതയായിരുന്നു. മതംഗ ശിഷ്യന്മാരെ പരിചരിച്ചും തപശ്ചര്യ ശീലിച്ചും ശബരി എന്ന പേരിൽ ആ കാട്ടാളത്തി വളരെക്കാലം അവിടെ കഴിഞ്ഞു കൂടി.ശബരിയുടെ പരിചരണത്തിൽ സന്തുഷ്ടരായ മുനിമാർ ദേഹ ത്യാഗം ചെയ്യുന്ന ഘട്ടത്തിൽ ശ്രീരാമദർശനവും ശാപമോക്ഷവും വൈകാതെ സംഭവിക്കുമെന്ന് ആശംസിച്ചതോടൊപ്പം അപ്രത്യക്ഷങ്ങളും ഭൂതഭാവികളും കണ്ടറിയാനുള്ള ദിവ്യദൃഷ്ടിയും ശബരിക്ക് വരമായ് നൽകി!
വനവാസകാലത്ത് രാമലക്ഷ്മണന്മാർ പല ആശ്രമങ്ങളും സന്ദർശിച്ച് മാതംഗാശ്രമത്തിലുമെത്തി. ശ്രീരാമൻ്റെ വരവറിഞ്ഞ ശബരി അദ്ദേഹത്തിനു നൽകാനായി ധാരാളം പഴങ്ങൾ സംഭരിച്ചിരുന്നു. രാമലക്ഷ്മണന്മാരെ ആദരപൂർവ്വം സ്വീകരിച്ചിരുത്തിയ ശബരി അവർക്കായി കരുതിവച്ചിരുന്ന ഓരോ പഴവും കടിച്ചു നോക്കി രുചിയുണ്ടോയെന്ന് തിരിച്ചറിഞ്ഞ ശേഷം മാത്രമാണ് അവർക്കു നൽകിയത്.രാമഭക്തയായ ശബരിയുടെ ഉച്ഛിഷ്ടം ശ്രീരാമന് അമൃതായി അനുഭവപ്പെട്ടു. സല്ക്കാരമെല്ലാം കഴിഞ്ഞ ശബരി രാമനോടായി ഇപ്രകാരം പറഞ്ഞു;" അല്ലയോ ശ്രീ രാമദേവാ, ഇവിടെ നിന്നും തെക്കോട്ടു ചെന്നാൽ പമ്പ എന്ന ഒരു സുന്ദര സരസ്സുണ്ട്. അവിടെ നിന്നും കുറേക്കൂടി സഞ്ചരിച്ചാൽ ഋശ്യമൂകമെന്ന പർവ്വതത്തിലെത്താം. ആ പർവ്വത മുകളിൽ താമസിക്കുന്ന സൂര്യപുത്രനായ സുഗ്രീവനുമായി സഖ്യം ചെയ്താൽ അങ്ങേയ്ക്ക് സീതയെ അന്വേഷിച്ചു കണ്ടു പിടിക്കുന്നതിനും വീണ്ടെടുക്കുന്നതിനും ശത്രുസംഹാരം നിർവ്വഹിക്കാനും സാധിക്കുന്നതാണ്!"
ഇത്രയും പറഞ്ഞ് താപസിയായ ശബരി തൻ്റെ കണ്ണുകളടച്ചു.ശ്രീരാമൻ്റെ അനുഗ്രഹത്താൽ ശാപമോക്ഷം ലഭിച്ച് രൂപം മാറിയ ശബരി ഗന്ധർവ്വ കുമാരിയായ മാലിനീ ദേവിയായിത്തീർന്നു.ഉടൻ തന്നെ ഒരു ദിവ്യ വിമാനത്തിൽ അവിടെയെത്തിയ വീതിഹോത്രൻ ശ്രീരാമനെ വണങ്ങിയ ശേഷം തൻ്റെ പ്രിയതമയായ മാലിനിയേയും കൂട്ടി ഗന്ധർവ്വനഗരിയിലേക്കു യാത്രയായി!!!

(നാളെ .. ജടായു )
എ.ബി.വി കാവിൽപ്പാട് 
Share it:

Ramayanam

Post A Comment:

0 comments: