അരുണന് ശ്യേനി എന്ന പക്ഷിണിയിൽ ജനിച്ച രണ്ടു പക്ഷികളാണ് (കഴുകന്മാർ) സമ്പാതിയും ജടായുവും. ഒരിക്കൽ സഹോദരന്മാർ ഇരുവരും ഒരു മത്സരബുദ്ധിയോടെ സൂര്യനിലേക്ക് പറന്നുയർന്നു. നട്ടുച്ച സമയത്ത് സൂര്യ മണ്ഡലത്തിൽ പ്രവേശിച്ച ജടായു ഉഷ്ണാധിക്യം മൂലം വിവശനായി വാടിത്തളർന്നന്നോൾ അനുജനെ രക്ഷിക്കാനായി സമ്പാതി അതിവേഗം തൻ്റെ ചിറകുകൾ വിടർത്തി ജടായുവിൻ്റെ മുകളിലായി പറന്നു നിന്നു. സൂര്യതാപമേറ്റ് ചിറകുകൾ കരിഞ്ഞു പോയ സമ്പാതി വിന്ധ്യാപർവ്വതത്തിൻ്റെ ഒരിടത്തായി തളർന്നുവീണു സൂര്യ മണ്ഡലത്തിൽ വച്ച് വേർപിരിഞ്ഞതിൽ പിന്നെ ജടായുവിന് ഒരിക്കലും തൻ്റെ സഹോദരനെ കണ്ടുമുട്ടാനായില്ല. ദശരഥൻ്റെ സുഹൃത്തായിരുന്നു ജടായു .വനവാസത്തിനു പോയ ശ്രീരാമാദികളുടെ സഹായത്തിനായി ജടായു വനത്തിൽ കഴിഞ്ഞു വരുമ്പോഴാണ് രാവണൻസീതയെ അപഹരിച്ചു പോകുന്നതു കണ്ടത്.രാവണനും ജടായുവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രാവണൻ തൻ്റെ ചന്ദ്രഹാസം എന്ന വാളിനാൽ ജടായുവിൻ്റെ ചിറകുകൾ അരിഞ്ഞു വീഴ്ത്തി. രക്തത്തിൽ കുളിച്ച ജടായു മൃതപ്രായനായി നിലംപതിച്ചു. സീതയെ തിരഞ്ഞ് രാമലക്ഷ്മണന്മാർ വനത്തിൽ അലഞ്ഞു നടക്കുമ്പോൾ ചിറകറ്റു വിവശനായും മുക്തി പ്രതീക്ഷിച്ചു പ്രസന്നനായും രാമനാമം ജപിച്ച് സംതൃപ്തനായും കാട്ടിൽ കിടക്കുന്ന ജടായുവിനെ കണ്ടെത്തി. രാവണൻ സീതയെ അപഹരിച്ചു കൊണ്ടു പോയ കാര്യം രാമലക്ഷ്മണന്മാരെ അറിയിച്ച ശേഷം ആത്മത്യാഗിയായ ജടായു മരണം പ്രാപിച്ചു.രാമലക്ഷ്മണന്മാർ ഒരു ചിതയൊരുക്കി ജടായുവിനെ അതിൽ സംസ്കരിച്ചു.
(നാളെ .. സമ്പാതി)
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: