കശ്യപ പ്രജാപതിക്ക് വിനതയിൽ ജനിച്ച രണ്ടു പുത്രന്മാരാണ് അരുണനും ഗരുഡനും. അവരിൽ അരുണന് ശ്വേനി എന്ന പക്ഷിണിയിൽ ജനിച്ച പക്ഷി ശ്രേഷ്ഠനാണ് സമ്പാതി.അനിയനായ ജടായുവിനെ സൂര്യതാപത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച സമ്പാതി സ്വന്തം ചിറകുകൾ കരിഞ്ഞ് വിന്ധ്യാപർവ്വതത്തിൽ വന്നു പതിച്ചപ്പോൾ മഹേന്ദ്രഗിരിയുടെ താഴ്‌വരയിൽ തപസ്സു ചെയ്തിരുന്ന നിശാകര മുനിയുടെ ആശ്രമം സമ്പാതിക്ക് അഭയമായി. സഞ്ചരിക്കാനുള്ള കഴിവു നഷ്ടപ്പെട്ടു കഴിഞ്ഞിരുന്ന സമ്പാതി സീതാന്വേഷണത്തിന് ഹനുമാൻ്റെ നേതൃത്വത്തിൽ എത്തിച്ചേർന്ന വാനരന്മാരെ കണ്ട് അവരെ ഭക്ഷണമാക്കാൻ മുതിർന്നു .പക്ഷേ തൻ്റെ അനുജൻ ജടായുവിൻ്റെ സുഹൃത്തായ രാമനുവേണ്ടി എത്തിയ വാനരന്മാരാണെന്നു മനസിലാക്കാനായ സമ്പാതി തൻ്റെ അനുജൻ്റെ മരണവാർത്ത വാനരന്മാരിൽ നിന്നും കേട്ടറിഞ്ഞപ്പോൾ ദു:ഖിതനായി.കണ്ണീർ വാർത്തുകൊണ്ട് ആ പക്ഷി വൃദ്ധൻ താനവിടെ വന്നു പതിക്കാനുള്ള സംഗതികളെല്ലാം വാനരന്മാരെ അറിയിച്ച ശേഷം ഇപ്രകാരം തുടർന്നു.
"ഇവിടെ താമസിച്ചിരുന്ന നിശാകര മഹർഷിയുടെ സേവകനായി ഞാൻ കഴിഞ്ഞു കൂടി. ഭാവി പ്രവചിക്കാൻ കഴിവുള്ള മഹാത്മാവായിരുന്നു അദ്ദേഹം.രാമാവതാരകഥയെല്ലാം എനിക്കദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്. സീതയെ അന്വേഷിച്ചിറങ്ങുന്ന വാനരന്മാർ ഇവിടെ വരുമെന്നും ഞാൻ അവർക്ക് സീതയിരിക്കുന്ന സ്ഥലം കണ്ടെത്തി പറഞ്ഞു കൊടുക്കണമെന്നും അതോടെ എൻ്റെ ആരോഗ്യം എനിക്കു വീണ്ടുകിട്ടുമെന്നും പറഞ്ഞ് മഹർഷി എന്നെ അനുഗ്രഹിച്ചിട്ടുമുണ്ട്."
തുടർന്ന് വാനരന്മാരുടെ സഹായത്തോടെ സമ്പാതി തൻ്റെ അനുജൻ ജടായുവിൻ്റെ ശേഷക്രിയകൾ ചെയ്തു.അതിനു ശേഷം പക്ഷിരാജനായ സമ്പാതി തൻ്റെ ഉടലൊന്നു നിവർത്തി തലയുയർത്തി മറുകര കാണാതെ പരന്നു കിടക്കുന്ന കടലിലേക്ക് ദൃഷ്ടി പായിച്ചു.ദക്ഷിണ മഹാസമുദ്രത്തിൻ്റെ ഉള്ളിലുള്ള സുരബലം എന്ന പർവ്വതം, അതിൻ്റെ ഉന്നതതലത്തിലുള്ള ലങ്ക, ലങ്കയുടെ മദ്ധ്യത്തിലുള്ള രാവണരാജധാനി, അതിനടുത്തുള്ള അന്ത:പുരം, അന്ത:പുര സമീപത്തുള്ള അശോകോദ്യാനം, ഉദ്യാന കേന്ദ്രത്തിലെ ശിംശപാവൃക്ഷം, അതിനു ചുവട്ടിൽ ദു:ഖിതയായിരിക്കുന്ന സീതാദേവി ... താൻ കണ്ടെത്തിയ ഈ കാര്യങ്ങളെല്ലാം സമ്പാതി വാനരന്മാരെ അറിയിച്ചു.അതോടെ സമ്പാതിക്ക് പഴയ ആരോഗ്യവും വീണ്ടുകിട്ടി!ജടായുവിനെ പോലെ സമ്പാതിയും ഒരിക്കൽ രാവണനോട് ഏറ്റുമുട്ടുകയുണ്ടായിട്ടുണ്ട്. ആ കഥ ഇപ്രകാരമാണ്.ഒരിക്കൽ അളകാപുരിയിൽ നിന്ന് രാവണൻ ഒരു യക്ഷ സുന്ദരിയെ മോഷ്ടിച്ച് പുഷ്പകവിമാനത്തിൽ കയറ്റിപ്പോകും വഴിയിൽ സമ്പാതി രാവണനുമായി ഏറ്റുമുട്ടി. പുഷ്പകവിമാനം തല്ലിത്തകർത്തെങ്കിലും സ്വയംഭൂവായ വിമാനം വീണ്ടും ഉത്ഭവിച്ചു.അതേത്തുടർന്ന് സമ്പാതി രാവണൻ്റെ ചന്ദ്രഹാസം കൊത്തിയെടുത്ത് ദൂരെത്തെറിപ്പിക്കുകയും ലങ്കാധിപൻ്റെ കിരീടം ചവിട്ടി താഴെ വീഴ്ത്തുകയുമുണ്ടായി. തൻ്റെ ശക്തിക്കു മുന്നിൽ പതറിനിന്ന രാവണൻ്റെ അപേക്ഷ മാനിച്ച സമ്പാതി രാവണനുമായി സഖ്യം ചെയ്തു. ആ പശ്ചാത്തലത്തിൽ സീതയെ വീണ്ടെടുക്കാനായി രാവണനുമായി ഏറ്റുമുട്ടാൻ തനിക്കാവില്ലെന്നുള്ള സത്യവും സമ്പാതി വാനരന്മാരെ അറിയിക്കുകയുണ്ടായി!
(നാളെ .. ബാലി)
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: