രാമായണത്തിലെ കഥാപാത്രങ്ങൾ - ഭരതൻ

Share it:

അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് കൈകേയിയിൽ ജനിച്ച പുത്രനാണ് ഭരതൻ. മിഥിലയിലെ രാജാവായ ജനകൻ്റെ അനുജൻ കുശ ധ്വജൻ്റെ പുത്രി മാണ്ഡവിയെ ഭരതൻ വിവാഹം ചെയ്തു. രാജ്യഭരണം ശ്രീരാമനെ ഏല്പിച്ച് ദശരഥൻ വനത്തിലേക്കു പോകാൻ ആഗ്രഹിച്ച് ശ്രീരാമ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു.ഈ ഘട്ടത്തിൽ ഭരതനും ശത്രുഘ്നനും അമ്മാവനായ യുധാജിത്തിനോടൊന്നിച്ച് കേകയ രാജ്യത്ത് കഴിയുകയായിരുന്നു. പട്ടാഭിഷേക മുഹൂർത്തത്തിനു മുമ്പ് ഭരതൻ്റെ അമ്മയായ കൈകേയി ഭരതനെ രാജാവാക്കണമെന്നും രാമനെ പതിനാലു വർഷം കാട്ടിലേയ്ക്കയക്കണമെന്നു മുള്ള രണ്ടു വരങ്ങൾ ദശരഥനോട് ആവശ്യപ്പെട്ടു. അതു കേട്ട മാത്രയിൽത്തന്നെ രാമലക്ഷ്മണന്മാർ സീതയോടൊന്നിച്ച് വനവാസത്തിന് പുറപ്പെട്ടു. ശോകാകുലനായ ദശരഥൻ ബോധമറ്റു വീണ് മരണത്തെ പ്രാപിച്ചു.ഭരതനെ അയോദ്ധ്യയിലേക്കു വരുത്താനായി കേകയ രാജ്യത്തേക്ക് ദൂതന്മാരെ അയച്ചു.അയോധ്യയിലെത്തിയ ഭരത ശത്രുഘ്നന്മാർ പിതാവിൻ്റെ മരണവാർത്തയറിഞ്ഞ് ഏറെ ദു:ഖിച്ചു. കൈകേയി വിവരങ്ങളെല്ലാം ഭരതനെ ധരിപ്പിച്ചു. ജ്യേഷ്ഠൻ വനത്തിലും പിതാവ് വാനത്തിലുമാകാൻ കാരണക്കാരി തൻ്റെ മാതാവാണെന്നറിഞ്ഞ ഭരതൻ ക്ഷോഭം അടക്കാനാവാതെ തൻ്റെ വാൾപ്പിടിയിൽ പിടികൂടി! ഉറയിൽ നിന്നും വലിച്ചൂരിയ വെട്ടിത്തിളങ്ങുന്ന ആ വാൾ പിടിച്ചു കൊണ്ട് ഭരതൻ അല്പമൊന്ന് ചിന്തിച്ചു. "സ്ത്രീ വധം പ്രത്യേകിച്ചും മാതൃവധം പാടില്ല!"ഉറച്ച തീരുമാനത്തോടെ ആ വാൾ സ്വന്തം കഴുത്തിനു നേരെ വീശാനൊരുങ്ങിയ ഭരതനെ ആ സാഹസത്തിൽ നിന്നും ശത്രുഘ്നൻ പ്രതിരോധിച്ചു. സ്വബോധം നേരെ വീണ ഭരതൻ കൈകേയിയെ രൂക്ഷമായൊന്നു നോക്കി. ഭരതൻ്റെ ആ നോട്ടത്തിൽ കൈകേയി സ്വയം ഉരുകിപ്പോയി എന്നു പറയാതെ വയ്യ. അത്രയ്ക്കു തീക്ഷ്ണമായിരുന്നു ആ നോട്ടം.
ഒരു നിമിഷം പോലും പാഴാക്കാതെ കാഷായ വസ്തവും ധരിച്ച് ഭരതൻ കാട്ടിലേക്കു പുറപ്പെട്ടു.ശത്രുഘ്നനും അദ്ദേഹത്തെ അനുഗമിച്ചു.കൂട്ടത്തിൽ വസിഷ്ഠൻ മാത്രമല്ല കൗസല്യ, സുമിത്ര തുടങ്ങിയ മാതാക്കളും അയോദ്ധ്യയിലെ പൗരാവലിയും ആ യാത്രയിൽ പങ്കുചേർന്നു.ഗംഗാ തീരത്തെത്തിയ ആ മഹാസംഘത്തിന് വഴികാട്ടിയായ ഗുഹൻ ഏവരേയും ഗംഗാ നദിയുടെ അക്കരെ കടത്തി ശ്രീരാമ സന്നിധിയിലേക്കുള്ള വഴികാണിച്ചു കൊടുത്തു. ചിത്രകൂടപർവ്വത സമീപമെത്തിയപ്പോൾ ജനങ്ങളെ അവിടെ നിർത്തിയ ശേഷം ഭരതശത്രുഘ്നന്മാരും അരുന്ധതീവസിഷ്ഠന്മാരും കൗസല്യാസുമിത്രമാരും മാത്രം രാമാശ്രമത്തിൽ പ്രവേശിച്ചു.
പിതാവിൻ്റെ മരണവാർത്തയറിഞ്ഞ രാമാദികൾ വിലപിച്ചു.വസിഷ്ഠൻ്റെ പൗരോഹിത്യത്തിൽ അച്ഛൻ്റെ കർമ്മകൾ രാമാദികൾ നിറവേറ്റിയ ശേഷം ഭരതനും ശ്രീരാമനും സംഭാഷണത്തിലേർപ്പെട്ടു. കൈകേയി മാതാവിൻ്റെ ആഗ്രഹമനുസരിച്ച് പതിനാലു വർഷം കഴിയാതെ താൻ നാട്ടിലേക്ക് തിരികെ വരികയില്ലെന്നും അതുവരെ ഭരതൻ അയോദ്ധ്യ ഭരിക്കണമെന്നും ശ്രീരാമൻ തീർത്തു പറഞ്ഞു. പതിനാലു വർഷം പൂർത്തിയാകുന്ന അന്നു തന്നെ ജ്യേഷ്ഠൻ തിരിച്ചു വരാത്ത പക്ഷം താൻ അഗ്നിപ്രവേശം ചെയ്യുമെന്ന് ഭരതനും പ്രതിജ്ഞ ചെയ്തു.ഭരതൻ്റെ ആവശ്യപ്രകാരം ശ്രീരാമൻ തൻ്റെ പാദുകങ്ങൾ രണ്ടും ഭരതനെ ഏല്പിച്ചു.ഭക്ത്യാദരപൂർവ്വം അവ സ്വീകരിച്ച് ശിരസ്സിൽ വച്ച ഭരതൻ സീതാരാമലക്ഷ്മണന്മാരിൽ നിന്ന് യാത്രാനുവാദവും വാങ്ങി അയോദ്ധ്യയിലേക്കു തിരിച്ചു.രാമസാന്നിദ്ധ്യമില്ലാതെ ശൂന്യവും കൈകേയിയുടെ സഹവാസത്താൽ നിന്ദ്യവുമായ രാജസന്നിധിയിൽ പ്രവേശിക്കാതെ തികഞ്ഞ ശ്രീരാമഭക്തനായ ഭരതൻ അയോദ്ധ്യാരാജധാനിയുടെ സമീപത്തുള്ള നന്ദിഗ്രാമത്തിൽ രാമപാദുകങ്ങൾ രണ്ടും പ്രതിഷ്ഠിച്ച് അവിടെ താമസിച്ചു കൊണ്ട് രാജ്യഭരണം നടത്തി!
വനവാസം പൂർത്തിയാക്കി അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമൻ രാജാവായി അഭിഷേകം ചെയ്യപ്പെടുന്നു.ഭരതനെ അദ്ദേഹം യുവരാജാവായും വാഴിച്ചു.ഭരതന് മാണ്ഡവിയിൽ സുബാഹുവെന്നും ശൂരസേനനെന്നും രണ്ടു പുത്രന്മാർ ജനിച്ചു. ഒരിക്കൽ കേകയ രാജ്യത്തിലെ സിന്ധുവിൽ നിരവധി ഗന്ധർവ്വന്മാർ വന്ന് പല ഉപദ്രവങ്ങളും ചെയ്തു.ശ്രീരാമൻ്റെ നിർദ്ദേശപ്രകാരം ഭരതൻ കേകയ രാജ്യത്തെത്തി ആ ഗന്ധർവ്വന്മാരെയെല്ലാം കൊന്നൊടുക്കി.തുടർന്ന് സിന്ധുവിൻ്റെ ഇരുവശത്തും ഓരോ നഗരം ചമച്ച് തൻ്റെ പുത്രന്മാരായ സുബാഹുവിനേയും ശൂരസേനനേയും ആ നഗരങ്ങളുടെ അധികാരികളാക്കി. ശ്രീരാമൻ സരയൂ നദിയിൽ മുങ്ങി മരിച്ചപ്പോൾ ഭരതശത്രുഘ്നന്മാരും പ്രാണൻ ത്യജിച്ച് വിഷ്ണുരൂപം പ്രാപിച്ച ശ്രീരാമൻ്റെ ചക്രത്തിലും ശംഖിലും വിലയം പ്രാപിച്ചു!!!
(നാളെ ..ലക്ഷ്മണൻ )
എ.ബി.വി കാവിൽപ്പാട് 
Share it:

Ramayanam

Post A Comment:

0 comments: