ദശരഥ മഹാരാജാവിന് സുമിത്ര എന്ന പത്നിയിൽ ജനിച്ച രണ്ടു പുത്രന്മാരിൽ മൂത്തയാൾ. ഇളയവൻ ശത്രുഘ്നൻ.അനന്തൻ്റെ അംശാവതാരമാണ് ലക്ഷ്മണൻ എന്നാണ് സങ്കല്പം.ശ്രീരാമൻ്റെ സന്തത സഹചാരിയായാണ് ലക്ഷ്മണൻ കഴിഞ്ഞത്.രാമപത്നിയായ സീതയുടെ അനുജത്തി ഊർമിളയെയാണ് ലക്ഷ്മണൻ വിവാഹം ചെയ്തത്. കൈകേയിയുടെ ആവശ്യപ്രകാരം വനത്തിലേക്കു പുറപ്പെട്ട സീതാരാമന്മാരെ ലക്ഷ്മണനും അനുഗമിച്ചു.പതിനാലു വർഷത്തെ വനവാസത്തിനിടയിൽ ഒരു നിഴലുപോലെ ലക്ഷ്മണൻ സീതാരാമന്മാർക്ക് ഒരു സഹായിയായി വർത്തിച്ചു.പഞ്ചവടിയിൽ വച്ച് ഖരൻ, ദൂഷണൻ, ത്രിശിരസ്സ് എന്നീ രാക്ഷസന്മാരുടെ നേതൃത്വത്തിലുള്ള രാക്ഷസപ്പടയെ ഒന്നടങ്കം നശിപ്പിക്കാൻ ലക്ഷ്മണൻ്റെ പങ്ക് വളരെ വലുതായിരുന്നു.
രാമലക്ഷ്മണന്മാരെ മോഹിച്ചു വന്ന ശൂർപ്പണഖയുടെ നാസികയും കുചങ്ങളും ലക്ഷ്മണൻ ഛേദിച്ച് അവളെ വിരൂപയാക്കി. ലങ്കയിൽ രാവണനുമായുള്ള യുദ്ധത്തിൽ ഒട്ടേറെ രാക്ഷസന്മാരെ വധിക്കുന്നതിന് രാമനോടൊപ്പം ധീരമായി പോരാടിയ ലക്ഷ്മണൻ രാവണൻ്റെ വീരപുത്രനായ ഇന്ദ്രജിത്തിനെ വധിച്ചതാണ് പ്രധാന കർമ്മം. പതിനാലു വർഷത്തെ വനവാസം പൂർത്തിയാക്കി രാമൻ അയോദ്ധ്യയിലെ രാജ്യഭരണം ഏറ്റെടുത്തപ്പോൾ ലക്ഷ്മണൻ ജ്യേഷ്ഠനെ ഭരണത്തിൽ സഹായിച്ചു.ജനങ്ങൾ സീതയെ കുറിച്ച് അപവാദം പറഞ്ഞപ്പോൾ രാമൻ്റെ നിർദ്ദേശമനുസരിച്ച് ലക്ഷ്മണൻ സീതയെ വനത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു.ശ്രീരാമൻ നടത്തിയ അശ്വമേധയാഗത്തിൽ യാഗാശ്വത്തെ നയിച്ചതും ലക്ഷ്മണനായിരുന്നു. യാഗാശ്വത്തെ തടഞ്ഞു നിർത്തിയ ലവകുശന്മാരുമായി അദ്ദേഹം യുദ്ധവും ചെയ്തു.
രാമാദികളുടെ അവതാരലക്ഷ്യം പൂർത്തിയായതോടെ കാലൻ ഒരു മുനിവേഷത്തിൽ അയോദ്ധ്യയിലെത്തി ശ്രീരാമനോട് ചില രഹസ്യങ്ങൾ സംസാരിച്ചു. ആ സമയം മറ്റാരും മുറിയിൽ പ്രവേശിക്കാതിരിക്കാൻ ലക്ഷ്മണനെയാണ് രാമൻ ദ്വാരപാലകനായി നിർത്തിയത്. അപ്പോൾ വന്നു ചേർന്ന സനകാദി മുനികളെപ്പറ്റി വിവരം ധരിപ്പിക്കാൻ അകത്തു കടന്നു ചെന്ന ലക്ഷ്മണനെ രാമൻ എന്നന്നേക്കുമായി പരിത്യജിച്ചു! അയോദ്ധ്യാവാസികൾ ഏവരും നോക്കി നില്ക്കേ ശ്രീരാമൻ സരയൂ നദിയിൽ മുങ്ങി മരിച്ചതിനെ തുടർന്ന് ലക്ഷ്മണനും അപ്രകാരം തന്നെ പ്രാണൻ കളയുകയുണ്ടായി! ലക്ഷ്മണന് ഊർമ്മിളയിൽ തക്ഷകൻ എന്നും ഛത്രകേതു എന്നും പേരുള്ള രണ്ട് പുത്രന്മാരുണ്ടായിരുന്നു.
(നാളെ .. ശത്രുഘ്നൻ )
എ.ബി.വി കാവിൽപ്പാട്
Post A Comment:
0 comments: