Safe Road.... Safe Ride

Share it:
റോഡ് സുരക്ഷാ ഹ്രസ്വചിത്രത്തിന് കലോത്സവവേദിയിൽ പ്രകാശനം.
ഇളങ്ങുളം ശ്രീധർമ്മ ശാസ്താ ദേവസ്വം സ്കൂൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'സീബ്രാ ലൈൻ റോഡ് സേഫ്റ്റി' ക്ലബ്ബും പൊൻകുന്നം 'ഹൈറേഞ്ചു ബുൾസ് റോയൽ എൻഫീൽഡ് റൈഡേഴ്‌സ്' ക്ലബ്ബും സംയുക്തമായി നിർമ്മിക്കുന്ന  ഹ്രസ്വചിത്രമാണ് 'സേഫ് റോഡ് സേഫ് റൈഡ്'

സുരക്ഷിതമായ യാത്രാശീലങ്ങൾ വരും തലമുറയ്ക്ക് പ്രചോദനമാകും വിധം പരിചയപ്പെടുത്തുകയാണ് ചിത്രത്തിൻറെ ലക്‌ഷ്യം. സ്കൂളിലേക്കുള്ള യാത്ര മധ്യേ കുട്ടികൾ ബുള്ളറ്റ് യാത്രക്കാരെ കാണുന്നു. ഹെൽമറ്റ്, റൈഡിങ് ഗ്ലൗസ്, ബൂട്ട്സ്, സൈഡ് മിറർ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ബുള്ളറ്റ് ക്ലബിന്റെ യാത്ര കുട്ടികൾക്ക് ആവേശം പകരുന്നു. സ്കൂൾ ബസ്സിലിരുന്ന് കുട്ടികളിൽ ഒരാൾ സുരക്ഷിത യാത്രയ്ക്ക് ആശംസകൾ നേരുന്ന ചിത്രം വരയ്ക്കുന്നു.
ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് വിശ്രമിക്കുന്ന ബുള്ളറ്റ് യാത്രികരെ കാണുന്ന കുട്ടികളിൽ ഒരാൾ അവർക്ക് ആശംസാചിത്രം കൈമാറുന്നു. യാത്രകൾ സുരക്ഷിതമാകാൻ റോഡ് നിയമങ്ങൾ പാലിക്കണമെന്ന ആഹ്വാനത്തോടെ ഹ്രസ്വചിത്രം പൂർണ്ണമാകുന്നു. രണ്ട് മിനിട്ട് മാത്രം ദൈർഘ്യമുള്ള ചലച്ചിത്രം 4K ഫോർമാറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ്, ഗതാഗത വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ചിത്രം പ്രദർശിപ്പിക്കും. ജനമൈത്രി പോലീസുമായി ചേർന്ന് ഗതാഗത ബോധവത്കരണ പരിപാടികളിലെ പ്രദർശനം, യുട്യൂബ് റിലീസിന് പുറമെ കോട്ടയം ജില്ലയിലെ വിവിധ തിയേറ്ററുകളിൽ ട്രെയ്‌ലർ ആയും ചിത്രം പ്രദർശിപ്പിച്ചുവരുന്നു..

അധ്യാപകനും സംവിധായകനുമായ അഭിലാഷ്.എസ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിങ് - ആദർശ് കുര്യൻ, ഛായാഗ്രഹണം - നിഖിൽ.എസ്.പ്രവീൺ, ഹെലിക്യാം - രാഹുൽ പൊൻകുന്നം, സംഗീതം - ജോയൽ ജോൺസ്, എഫക്ട് - വിഷ്ണു.

റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൻറെ പ്രധാന വേദിയായ സെൻറ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സുധ, പൊൻകുന്നം എസ്.ഐ.മനോജ് കുമാറിന് CD കൈമാറിക്കൊണ്ട് ഹ്രസ്വചിത്രം പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.സുശീലാദേവി, മാനേജർ അഡ്വ.കെ.വിനോദ്, പി.റ്റി.എ പ്രസിഡൻറ് എം.കെ.രാധാകൃഷ്ണൻ നായർ, ദേവസ്വം പ്രതിനിധികൾ, ബുള്ളറ്റ് ക്ലബ് അംഗങ്ങൾ, പി.റ്റി.എ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരും പരിപാടികളിൽ സംബന്ധിച്ചു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വിപുലമായ ചടങ്ങിലാണ് ഞങ്ങളുടെ സിനിമ റിലീസ് ചെയ്തത്.
Share it:

School Own Work

Video

Post A Comment:

0 comments: