ശുഭചിന്ത

Share it:

*മാമലയെ മറയ്ക്കാൻ മഞ്ചാടിക്കുരു മതി*
കാര്യം ശരിയല്ലേ...

മഞ്ചാടിക്കുരു ചെറുതെങ്കിലും കണ്ണിനു തൊട്ടു മുമ്പിൽ പിടിച്ചാൽ വലിയ മലയെപ്പോലും നമ്മിൽ നിന്നും മറച്ചുകളയും...

*സ്ഥാനമനുസരിച്ചാണ് പലതിനും വില എന്നത് കണക്കിന്റെ ബാല പാഠം പഠിച്ചവർക്ക് അറിയാം*.

പൂജ്യത്തിന് തനിയെ വിലയില്ലെങ്കിലും അത് ഏതെങ്കിലും സംഖ്യയ്ക്ക് ശേഷം വന്നാൽ ആ സംഖ്യയുടെ വില പത്തിരട്ടിയാക്കി മാറ്റും.

തേങ്ങ ആളെക്കൊല്ലും എന്ന് പറഞ്ഞാൽ പ്രത്യക്ഷത്തിൽ ആരും അത് സമ്മതിക്കാൻ വഴിയില്ല. പക്ഷേ തെങ്ങിന്റെ മുകളിൽ നിന്ന് മൂട്ടിൽ നിൽക്കുന്നയാളുടെ തലയിലേക്ക് തേങ്ങ വീണാൽ എന്താണ് സംഭവിക്കുക..?? *ഇവിടെ കൊല്ലുന്നത് യദാർത്ഥത്തിൽ തേങ്ങയല്ല അതിന് ഉയർന്ന സ്ഥാനം വഴിയുണ്ടായ ഊർജ്ജമാണ്*.

സ്ഥാനമോ നിലയോ അനുസരിച്ച് പലതിനും ഊർജ്ജം കൈവരുന്നു. മലമുകളിൽ നിന്ന് ഒഴികിവരുന്ന ജലത്തെ അണകെട്ടി തടഞ്ഞ് നിർത്തി , ഉയരത്തിൽ ശേഖരിച്ച് കീഴോട്ടൊഴുക്കി ടർബൈൻ കറക്കി ജനറേറ്റർ വഴി വൈദ്യുതിയുണ്ടാക്കുന്നു... ഊർജ്ജം ജലത്തിന്റെ സ്വന്തമല്ല. *സ്ഥാനം കൊണ്ട് മാത്രം അതിന് ലഭിക്കുന്നതാണ്*.

വലിച്ചുകെട്ടിയ വില്ലിനും , അമർത്തിവെച്ച സ്പ്രിങ്ങിനും , വലിച്ചുനിർത്തിയ റബ്ബർ ബാന്റിനും , ഉയർന്ന മർദ്ദത്തിൽ പാത്രത്തിലടച്ച വായുവിനും ഇതേ വിധത്തിൽ അവയുടെ നില കാരണം ഊർജ്ജമുണ്ട്. *പക്ഷേ നില മാറിയാൽ ഊർജ്ജമില്ലാതെയാകും*.

സ്ഥാനമഹിമകൊണ്ട് മാത്രം ലഭിക്കുന്ന ബഹുമാനം തങ്ങൾക്ക് സ്വാഭാവികമായി ഉള്ളതാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. സേവക വൃന്ദത്തിന്റെ മുഖസ്തുതിയിൽ മയങ്ങി , മഹത്വം ശാശ്വതമെന്ന് വിചാരിച്ചുപോകുന്നവർ. *സ്ഥാനം നഷ്ടപ്പെട്ട് ആരും തിരിഞ്ഞ് നോക്കാതെ വന്നാൽ ഇവർ കനത്ത മാനസീകാഘാതത്തിന് ഇരയായേക്കാം*.

*സ്ഥാനത്തിന് ചേരും പടി പെരുമാറുന്നതിനോടൊപ്പം , അധികാരത്തിന്റെ നെഞ്ചുവിരിക്കാനോ , അഹന്തയുടെ മീശപിരിക്കാനോ പോകാതെ വിനയം ശീലിച്ച് , കൈവന്ന സ്ഥാനം ശാശ്വതമല്ലെന്ന് തിരിച്ചറിഞ്ഞാൽ പിൽക്കാലത്തും പ്രശ്നം വരില്ല‌*.

ആനപ്പുറത്തിരുന്ന് വേലിപൊളിക്കുന്നയാൾ പിന്നീട് താഴെയിറങ്ങേണ്ടി വരുമെന്നത് മറക്കരുത്...

ഇത്തരക്കാരെക്കുറിച്ച് ഈസോപ്പെഴുതിയൊരു ഗുണപാഠ കഥയുണ്ട്.

ദേവപ്രതിമ പുറത്തേറ്റിയ കഴുതയേയും കൊണ്ട് ഒരാൾ പോയപ്പോൾ ജനങ്ങളെല്ലാം വണങ്ങി... *തന്നെയാണ് വണങ്ങുന്നതെന്ന് അഹങ്കരിച്ച കഴുത തുള്ളിച്ചാടി മറിയാൻ തുടങ്ങി. പ്രതിമ താഴെ വീഴുമെന്നഘട്ടമെത്തിയപ്പോൾ , അയാൾ കഴുതയെ പൊതിരെ തല്ലിയിട്ട് പറഞ്ഞു , നീ ദേവനെ എഴുന്നെള്ളിക്കുന്ന കഴുതയാണ്* . അതുകൊണ്ട് നിന്നെയാരും ദൈവത്തെപ്പോലെ വണങ്ങില്ല. *കഴുത പാഠം പഠിച്ചു. പക്ഷേ പല മനുഷ്യരും ഈ പാഠം ഉൾക്കൊള്ളുന്നില്ല*.

ജോലിയിൽ നിന്നും വിരമിച്ച ഒരു ചീഫ് എഞ്ചിനീയർ ഒരിക്കൽ സ്വാനുഭവം തുറന്ന് പറയുകയുണ്ടായി. സംസ്ഥാനത്തിന്റെ മുഴുവൻ ചാർജ്ജോടെ അധികാരവും , ഉദ്യോഗസ്ഥവൃന്ദത്തിന്റെ ആരാധനയും കോൺട്രാക്റ്റർ ബഹളങ്ങളുമായി ഉന്നത സ്ഥാനത്തിരുന്നപ്പോൾ ഫോൺ കാളുകൾ തുരുതുരാവരുന്നത് ശല്യമായിത്തോന്നി.

*പെൻഷനായപ്പോൾ മൂകമായ ഗൃഹാന്തരീക്ഷത്തിലേക്ക് ആരുടെയെങ്കിലും കോൾ വന്നിരുന്നെങ്കിലെന്ന് കഠിനമായി ആഗ്രഹിച്ച് പോയി.പഴയ പ്രതാപകാലത്ത് വന്നിരുന്ന കോളുകളൊന്നും അദ്ദേഹത്തിനായിരുന്നില്ല*,

ചീഫ് എഞ്ചിനീയർ എന്ന സ്ഥാനത്തേക്കുള്ളതായിരുന്നു എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.

മഞ്ചാടിക്കുരു മാമലയെ മറയ്ക്കണമെങ്കിൽ അതിന്റെ സ്ഥാനം കണ്ണിന് തൊട്ടുമുൻപു തന്നെയാകണം, തെല്ലകന്ന് പോയാൽ പിന്നെ മറയ്ക്കാൻ തീരെ കഴിയില്ലല്ലോ.

അഹന്തയ്ക്ക് കണ്ണും മൂക്കുമില്ല... ആകെയുള്ളത് പൊള്ളിക്കുന്നൊരു നാക്കും... ചൂണ്ടിയ വിരലും മാത്രം....

ഈ വിശാലമായ സമൂഹത്തിൽ ഞാനും നിങ്ങളും വ്യക്തികൾ മാത്രം....

*വ്യക്തിത്വത്തെ പരസ്പരം മാനിക്കുക*.... *മനുഷ്യരാകുക*....

Share it:

Post A Comment:

0 comments: